Friday, November 12, 2010

എന്‍റെ പൊന്നെ, നിനക്ക് ഒരു തുറന്ന കത്ത്

 എന്‍റെ പൊന്നെ നിന്നെ ഞാനിനി എന്ത് പേരിട്ട് വിളിക്കും ? ..ദിവസങ്ങളായി നീ കുതിച്ചു കൊണ്ടിരിക്കുകയാണല്ലോ ?  നിന്റെ കുതിപ്പ് കണ്ടിട്ട് ഞാനടക്കം മൊത്തം മലയാളികളും  നിന്‍റെ മഞ്ഞ കളര്‍ പോലെ  കണ്ണ് മഞ്ഞളിച്ചു നില്‍ക്കുകയാണ്. നീ ഇങ്ങിനെ തിരിച്ചു വരാത്ത രീതിയില്‍ മുന്നോട്ടു പോയാല്‍ ഞങ്ങള്‍ മലയാളികള്‍ക്ക് എങ്ങിനെ നിന്നെ കൂടെ കൂട്ടാന്‍ പറ്റും?. നിന്നെ ഏറ്റവും കൂടുതല്‍ ഇഷ്ട്ടപെടുന്നത് ലോകത്ത് നമ്മള്‍ മലയാളികള്‍ ആണല്ലോ?

ഇനി നീയില്ലാതെ ഒരു കല്യാണം നടക്കുമോ?ഒരിക്കലുമില്ല. നിന്‍റെ സാന്നിധ്യം വളരെ കൂടുതലായി വേണം താനും. നീയില്ലാതെ നമ്മുടെ മലയാളി മങ്കമാര്‍ കല്യാണത്തിന് പങ്കെടുക്കുമോ ? എനിക്കറിയാം നീ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയില്ലെന്ന് നിനക്കും മുന്നോട്ട് മുന്നോട്ട് കുതിക്കാന്നണല്ലോ കൂടുതല്‍ ഇഷ്ട്ടം.

നിന്‍റെ കുതിക്കലില്‍ നിന്നെക്കാളും ഇഷ്ട്ടപെടുന്ന കുറച്ചു പോരെങ്കിലും ഉണ്ടാവും വഴിവക്കില്‍ നിന്നെയും റാഞ്ചി പോകാന്‍ തയ്യാറായി നില്‍ക്കുന്നവര്‍. അങ്ങിനെ എത്രപേര്‍ നിന്നെയും റാഞ്ചി പോകുന്നുണ്ട് ?പൂട്ടിയിട്ട വീട്ടില്‍ നിന്നും, പൂട്ടിയിടാത്ത വീട്ടില്‍ നിന്നും എത്ര പേര്‍ നിന്നെ തട്ടി കൊണ്ട് പോയിട്ടുണ്ട്.

നീ തന്നെ ഒന്ന് ആലോചിച്ച് നോക്കൂ നിന്‍റെ കണ്ണ് മഞ്ഞളിക്കുന്ന ആ മഞ്ഞ നിറമില്ലെങ്കില്‍, നിന്‍റെ ഗതി എന്താവുമായിരുന്നു.  വില കൂടിവരുന്ന പച്ചക്കറികളും, പഴങ്ങളും ഞങ്ങള്‍ കഴിക്കാതിരിക്കാം. വേണമെങ്കില്‍ ഭക്ഷണം കഴിക്കാതെയും ഇരിക്കാം. പക്ഷെ നീ ഇല്ലെങ്കില്‍ പിന്നെ എന്ത് ജീവിതം? എന്താഘോഷം?


ഇന്നലെ നാട്ടില്‍ വിളിച്ചപ്പോഴും അവര്‍ക്കും പറയാനുള്ളത് നിന്നെ പറ്റി മാത്രം. പ്രശ്നങ്ങളില്ല, പരിഭവങ്ങളില്ല പറയാനുളത്  നിന്‍റെ മഞ്ഞളിക്കുന്ന  മഹിമയും പോരാത്തതിന് നിന്‍റെ ആര്‍ക്കും എത്തിപെടാതിരിക്കാന്‍ ആവാത്ത ഓട്ടവുമാണ്.

ജനകോടികളുടെ വിശ്വസ്ഥത ഇപ്പോള്‍ നിന്നിലാണല്ലോ ? ഇനി ആത്മബന്ധത്തിന്‍റെ സ്വര്‍ണ്ണ സ്പര്‍ശം വേണമെങ്കിലും നീ തന്നെ വേണം. പട്ടിണിയകറ്റാന്‍ പ്രവാസത്തിലേക്ക് പറിച്ച് നടപ്പെട്ട എന്നെ പോലുള്ളവര്‍ ഡോളറിന്‍റെ മൂല്യവും, റിയാലിന്‍റെയും, ദിര്‍ഹത്തിന്‍റെയും, ദീനാറിന്‍റെയും മൂല്യവും കൂട്ടിയും കിഴിച്ചും കൊണ്ടിരിക്കുമ്പോള്‍ ഓര്‍ക്കപുറത്തുള്ള നിന്‍റെ ഓട്ടത്തിന്‍റെ ദൂരവും നോക്കി ഇരിക്കേണ്ട അവസ്ഥയാണല്ലോ?

നീ എന്നെങ്കിലും നീ  നിന്‍റെ പഴയ സ്ഥിതിയിലേക്ക് തിരിച്ചു വരുമെന്നാണ് ഞാനടക്കം എല്ലാ മലയാളികളും വിശ്വസിക്കുന്നത്. വരില്ലെന്ന് അറിയാമെങ്കിലും. വിശ്വാസം അതല്ലേ എല്ലാം?

നിന്‍റെ ചാട്ടത്തിനിടയില്‍  നീ ചില കുടുംബബന്ധങ്ങളിലെങ്കിലും വിള്ളല്‍ വീഴ്ത്തിയിരിക്കാം. പരിശുദ്ധമായ പലവിധ കാരറ്റുകളില്‍ വരുന്ന നീ പരിശുദ്ധമായ കുടുംബബന്ധങ്ങളില്‍ കലഹങ്ങളും,പ്രശ്നങ്ങളും ഉണ്ടാക്കില്ലെന്ന് ഈ ഞാന്‍ വിശ്വസിക്കട്ടെ. നിന്‍റെ ചാട്ടത്തിന് ഒരു പരിധി ഉണ്ടാവട്ടെ എന്നും വിശ്വസിച്ചു കൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

എന്ന് നിന്‍റെ സ്വന്തം എന്ന് പറയാന്‍ ആവില്ലെങ്കിലും,


ഒപ്പ്

3 comments:

  1. നീ എന്നെങ്കിലും നീ നിന്‍റെ പഴയ സ്ഥിതിയിലേക്ക് തിരിച്ചു വരുമെന്നാണ് ഞാനടക്കം എല്ലാ മലയാളികളും വിശ്വസിക്കുന്നത്. വരില്ലെന്ന് അറിയാമെങ്കിലും. വിശ്വാസം അതല്ലേ എല്ലാം?

    എനിക്ക് വട്ടായോ അതോ മയ്യഴിയിലെ കഥയിലെ സായിപ്പിനെ ഓര്‍ത്തതോ നല്ല എഴുത്ത് മയ്യഴി പേരുകേട്ട ഇടമാ

    ReplyDelete
  2. നന്നായിട്ടുണ്ട്

    ReplyDelete

Related Posts Plugin for WordPress, Blogger...