Thursday, December 2, 2010

'അഴി' മതിയോ ........?

കുറെ നാളുകളായി പത്രക്കാരും മീഡിയകളും നിറഞ്ഞാടുകയാണ് വിഷയ ദാരിദ്ര്യം എന്ന് പറയുന്നത് പണ്ടേ ഈ മാധ്യമങ്ങള്‍ക്കില്ലല്ലോ. ഏതു വിഷയവും ചൂടുള്ള വാര്‍ത്തയാക്കാനും തണുത്ത് പോയതിനെ വീണ്ടും ചൂടാക്കി എടുക്കാനും ഈ പറഞ്ഞ മാധ്യമങ്ങളുടെ കഴിവ് അപാരം തന്നെ.

നേരറിയാനും, നേരത്തെ അറിയാനും മലയാളികള്‍ മറ്റുള്ളവരേക്കാള്‍ മിടുക്കരും കൂടാതെ പത്രം വായന ഇല്ലാതെ ഒരു ദിവസം കഴിയുക എന്നത് എന്നെ പോലെ തന്നെ മലയാളികള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്തതുമാണ്.

എന്‍റെ വായന മിക്കതും ഓഫീസിലെ ജോലിക്കിടയില്‍ സ്ക്രീനില്‍ കൂടിയുള്ള  ഒരെത്തിനോട്ടമാണ്. പിന്നെ ജോലി കഴിഞ്ഞ് തിരിച്ച് കുടിലില്‍ എത്തിയാല്‍ റൂമിലെ സംസാരിക്കുന്ന സ്ക്രീനില്‍ അവതാരകന്‍റെ ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വിശകലനവും പിന്നെ സ്റ്റുഡിയോവില്‍ ഉള്ളവരോടും, വാരാനിരിക്കുന്നവരോടും, ഫോണില്‍ പ്രതീക്ഷിക്കുന്നവരോടും ഒക്കെ ചോദ്യങ്ങള്‍ ? അതിന് അവരുടേതായ രീതിയില്‍ ഉള്ള മറുപടികള്‍.

പക്ഷെ  ഈ അടുത്ത കാലത്തായി എവിടെ നോക്കിയാലും വാര്‍ത്തയുടെ സ്വഭാവം ഒന്ന് തന്നെ "അഴിമതി". അതും വളരെ തുച്ഛമായ അഴിമതി അല്ലറ ചില്ലറ കോടികള്‍.  പിന്നെ ഇതിത്ര കാര്യമാക്കാനെന്തിരിക്കുന്നു. കാര്യം അഴിമതി യാണെങ്കിലും കേട്ടാല്‍ കരുതും ഇത് ഇന്നലെ തുടങ്ങിയതാണെന്ന് സത്യം അതല്ലല്ലോ ? പൂര്‍വികരായിട്ട് തുടങ്ങി വെച്ചത്..... അങ്ങിനെ തുടരുന്നു ...അല്ല പിന്നെ..

അഴിമതിയെന്ന് പേരിട്ടു വിളിക്കുന്നു എന്നല്ലാതെ ഇതില്‍ ഒരഴിമതിയും ഇല്ല ഒരു തരം ബിസിനസ്സ് അതില്‍ ലാഭം പങ്കിട്ടെടുക്കുന്നു അത്രമാത്രം....അതില്‍ ചിലപ്പോള്‍ പത്രക്കാരുണ്ടാവാം പത്ര വായനക്കാരുണ്ടാവാം  കോര്‍പ്പറേറ്റ്കള്‍ ഉണ്ടാവാം ബിസിനസ്സല്ലേ ആര്‍ക്കും പങ്കാളിയാകാം

ഈയടുത്ത് കോമണ്‍വെല്‍ത്ത് ഗൈംസ് മുതല്‍ ഇപ്പോള്‍ 'ടൂ ജി' യില്‍ കുടുങ്ങി കിടക്കുന്നത് വരെ എത്തി കാര്യങ്ങള്‍ . കേട്ടാല്‍ തോന്നും ഇതൊന്നും ഇതുവരെ ആരും ചെയ്യാത്ത കാര്യം ആണെന്ന് ഈ കോമണ്‍ വെല്‍ത്ത് ഗൈംസ് ഒക്കെ വല്ലപ്പോഴും വിരുന്നു വരുന്നതാണ് പിന്നെ വേണ്ട വിധം സല്‍ക്കരിക്കേണ്ടേ ? ആവുന്ന വിധം ആഘോഷിക്കെണ്ടേ ? അതിനിടയില്‍ ചില പാലങ്ങളോ മറ്റോ വീണെന്നിരിക്കും അതിനിത്ര കൊലാഹലമോ? പാവം,  കുറ്റം പറയരുത് കേട്ടോ..

പിന്നെ അഴിമതിക്ക് രാഷ്ട്രീയമോ? അയ്യോ അങ്ങിനെ പറയരുത് ഈ കാര്യത്തില്‍ അവരെല്ലാം ഒറ്റകെട്ടാണ് പുറത്ത് ചില ചില്ലറ വാക്കേറ്റങ്ങളും തര്‍ക്കങ്ങളും കാണിക്കുമെങ്കിലും അവരെല്ലാം അഴിമതിയില്‍ ഒറ്റകെട്ടാണ് പുറത്ത് പ്രകടനം പക്ഷെ അകത്ത് കെട്ടിപിടി എന്നാലല്ലേ രാഷ്ട്രീയം വിജയിക്കൂ എന്നാലല്ലേ വോട്ടു ചെയ്തവരെ കഴുതകളാക്കാന്‍ പറ്റൂ.

പാവങ്ങള്‍ അവര്‍ക്ക് ആരെയൊക്കെ തീറ്റി പോറ്റണം മക്കള്‍ക്കും, കുടുംബങ്ങള്‍ക്കും എന്തിനു പറയുന്നു വേലക്കാര്‍ക്ക് പോലും ഭൂമി അളന്നു കൊടുക്കണം. മഹാബലിയുടെതിനു സമാനമായ മനസ്ക്കതയെ പ്രശംസിക്കുകയല്ലാതെ വേറെ എന്ത് ചെയ്യാന്‍? ഭൂമി അളന്നു കൊടുത്തു പാതാളത്തിലെക്കൊന്നും ആരും ചവിട്ടി താഴ്ത്താതിരുന്നാല്‍ മതിയായിരുന്നു. കാരണം നമുക്ക് വേണ്ടേ നല്ല ഭരണകര്‍ത്താക്കള്‍ ?

പിന്നെ ടൂ ജി ...അയ്യോ ഇതിങ്ങു തുടങ്ങിയതല്ലേ ഉള്ളൂ ഇനിയെത്ര 'ജീ ' കള്‍ ബാക്കി കിടക്കുന്നു അപ്പോഴേക്കും ബഹളം. ഇങ്ങിനെ പോയാല്‍ നമ്മുടെ നാട് നമ്മുടെ രാജ്യം എങ്ങിനെ മിന്നി തിളങ്ങും നമുക്കും വേണ്ടേ "ത്രീജി" യും "ഫോര്‍ജി" യും. ഇതിന്‍റെ പേരില്‍ രാജ്യസഭയിലും, ലോകസഭയിലും ബഹളം. പ്രതിപക്ഷവും, ഭരണപക്ഷവും പക്ഷമില്ലാത്തവരും അങ്ങിനെ എല്ലാവരും തിമിര്‍ക്കുന്നു കാര്യങ്ങള്‍ ലൈവായി നമ്മള്‍  കണ്ടു രസിക്കുന്നു.

പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ സമരം മുന്‍കൂട്ടിഅറിഞ്ഞ് അന്നത്തെ പ്രോഗ്രാം തയാറാക്കി വെക്കുന്നത് പോലെ. ഈ പറഞ്ഞ പ്രതിപക്ഷവും, ഭരണപക്ഷവും, പക്ഷമില്ലാത്തവരും  അവരുടെ പ്രോഗ്രാം ചിട്ടപെടുത്തുന്നതില്‍ നമ്മള്‍ സംശയിക്കരുത്‌ കേട്ടോ. നൂറു കൂട്ടം പണിയുള്ളതാ അവര്‍ക്കും. എന്ത് ചെയ്യാം അവര്‍ക്കും അവരുടെ ബിസിനസ് നോക്കേണ്ടേ? ഭരണ മുടക്കത്തിനു ഒരു പക്ഷെ ചില്ലറ കോടികള്‍ നഷ്ട്ടം ഉണ്ടായെന്നുവരും. പക്ഷെ അവരുടെ ബിസിനസ് നോക്കാതിരിക്കാന്‍ പറ്റുമോ? പാവങ്ങള്‍ കുറ്റം പറയരുത് കേട്ടോ.

ഇനി ജെ പി സി അന്വേഷണം ...ഭരണ പക്ഷത്തെ കുറ്റം തീരെ പറയരുത് ഈ ജെ പി സി യൊക്കെ അനാവശ്യം ആണെന്ന് അവര്‍ക്ക് തന്നെ അറിയാം പോരാത്തതിന്  കോടിക്കണക്കിനു വരില്ലെങ്കിലും അതിനും ഒരുപാടു ചിലവാവില്ലേ.. ചിലവാക്കിയാലോ ഫലം മുമ്പത്തെ ജെ പി സി അന്വേഷണം പോലെ . എത്ര ജെ പി സി ? ബോഫെര്‍സിനു ജെ പി സി. ഓഹരി കുംഭകോണത്തിനു ജെ പി സി. ശീതള പാനീയങ്ങളിലെ മായത്തിനു ജെ പി സി. ഒരുപാടു ജെ പി സി കള്‍ ഫലമോ തുച്ചം ചിലവോ മെച്ചം.

അഴിമതികള്‍ ഇനിയും വരും അത് ചിലപ്പോള്‍ വീണ്ടും കന്നുകാലി തീറ്റയിലായിരിക്കും അല്ലെങ്കില്‍ അടുത്ത ഏതെങ്കിലും' ജീ ' യിലായിരിക്കും അല്ലെങ്കില്‍ വല്ല ശവപ്പെട്ടിയിലുമായിരിക്കും പക്ഷെ ദയവു ചെയ്തു ഈ അഴിമതികളെ വെറും അഴിമതികളെന്നു വിളിച്ച് പരിഹസിക്കരുത്,

 വാല്‍ കഷ്ണം :  ഇത് എഴുതി കഴിയുമ്പോഴേക്കും മറ്റൊരു അഴിമതിക്കായി പലരും ചട്ടം കൂട്ടുന്നുണ്ടാവും ..വിധി ഉണ്ടെങ്കില്‍ നമുക്ക് കേള്‍ക്കുകയും കാണുകയും ചെയ്യാം

No comments:

Post a Comment

Related Posts Plugin for WordPress, Blogger...