Wednesday, November 10, 2010

ആശിച്ചു പോയ ഓവര്‍ടൈം

സാധാരണ പോലെ അന്നും കൃത്യ സമയത്തിന് തന്നെ ജോലി കഴിഞ്ഞിരിന്നു. ഓവര്‍ടൈം കിട്ടുമെന്ന് ആശിച്ചത് വെറുതെ. വേറെ പരിപാടികളൊന്നും ഡയറിയില്‍ ഇല്ലാത്തതിനാല്‍ നേരെ വെച്ചുപിടിച്ചത് റൂമിലേക്ക്‌. പോരാത്തതിന് പുറത്തു കറങ്ങാന്‍ പറ്റുന്ന സ്ഥിതിയിലെല്ല എന്‍റെ അവസ്ഥ. എന്ന് കരുതി ഉടുതുണി ഇല്ലാത്ത അവസ്ഥയൊന്നുമല്ല.

എന്‍റെ ഇഖാമ ( Saudi Residence Permit ) യുടെ കാലാവധി തീര്‍ന്നിട്ട് മാസങ്ങളായി. പുതുക്കാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടൊന്നുമല്ല. പുതുക്കി തരാന്‍ കൂട്ടാക്കാതെ എന്‍റെ ഖഫീല്‍ (Sponsor ) എന്നെ ഉറൂബ് ( ഓടിപ്പോയെന്ന് ) കാണിച്ച് പാസ്പോര്‍ട്ട്‌ വിഭാഗത്തിന് പരാതി കൊടുക്കുവാനുള്ള പരിപാടിയിലുമായിരുന്നു. അതിന്‍റെ ചര്‍ച്ചകള്‍ അങ്ങിനെ നടന്നു കൊണ്ടിരിക്കുകയും എന്‍റെ ഇഖാമ പഴകി കൊണ്ടിരിക്കുകയും ചെയ്തു.

അത് കൊണ്ട് വളരെ അത്യാവശ്യത്തിനു മാത്രമേ വെളിയില്‍ ഇറങ്ങുകയുള്ളൂ. എന്ന് വെച്ചാല്‍ ജോലിക്ക് പോകാനും പിന്നെ വിശപ്പടക്കാനും. ഒരുതരത്തില്‍ പേടിച്ചുള്ള ജീവിതം. എപ്പോഴാണ് പാസ്പോര്‍ട്ട് വിഭാഗത്തിന്‍റെ കൈയ്യില്‍ പെട്ട് നാട്ടിലേക്ക് മുദ്ര വെച്ച് അയക്കുമെന്നുള്ള ഭീതിയിലോടെ ആയിരുന്നു എന്‍റെ നാല് മാസത്തെ ജീവിതം.

തൈരും കൂട്ടി സൗദി ദേശീയ ഭക്ഷണം (ഖുബ്ബൂസ് ) കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് എന്‍റെ മൊബൈലിലേക്ക് റിയാദ് ബ്രാഞ്ച് ഓഫീസിലെ ബംഗാളി ഡ്രൈവറുടെ ഫോണ്‍  വരുന്നത്. " സാബ്... 'കിം'  സാര്‍ ഗാടി മേ നഹി ".  kim എന്നായിരുന്നു റിയാദ് ബ്രാഞ്ച് മാനേജറുടെ പേര് ആള്‍ കൊറിയന്‍.  ഉച്ചഭക്ഷണവും കഴിഞ്ഞ് ഇവിടെ 'ഖോബാറില്‍' നിന്നും റിയാദിലേക്ക്  പുറപ്പെട്ടതാണ് ബംഗാളി ഡ്രൈവറും കൊറിയന്‍ മാനേജരും.

ഞാന്‍ വീണ്ടും ചോദിച്ചു " നീ എന്താണ് പറയുന്നത്. എനിക്ക് മനസ്സിലാവുന്നില്ല  എന്ന് ". തെറ്റിദ്ധരിക്കരുത് ഹിന്ദി അറിയാത്തത് കൊണ്ടൊന്നുമല്ല. സ്കൂളില്‍ നിന്നും സതി ടീച്ചറുടെ ഹിന്ദി പഠനത്തിലൂടെയും അത്യാവശ്യം ഇന്ത്യയില്‍ ദേശാടനം നടത്തിയതിലൂടെയും. ഹിന്ദി ഭാഷ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ, രണ്ടു പേര്‍ ഒരുമിച്ചു യാത്ര തിരിച്ച്, വഴിയില്‍ ഒരാളെ കാണാനില്ലെന്ന് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഉണ്ടാകുന്നത് പോലെ ഒരു അമ്പരപ്പ് .

വീണ്ടും അവന്‍റെ മറുപടി " വഴിയില്‍ പെട്രോള്‍ പമ്പില്‍ നിന്നും കാറില്‍  പെട്രോളും നിറച്ച് യാത്ര പുറപ്പെട്ടതാണ്. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ 'സാര്‍' ഇല്ല ". ഇത് കേട്ടതും, തുടങ്ങി വെച്ച തീറ്റ നിര്‍ത്തി അവനോട് അയാളുടെ മോബൈലില്‍ വിളിച്ചു നോക്കാന്‍ പറഞ്ഞു. എന്ത് ചെയ്യാന്‍ കൊറിയന്‍റെ മോബൈല്‍ കാറിന്‍റെ പിന്‍സീറ്റില്‍.

എന്ത് ചെയ്യണമെന്നറിയാതെ  പാതിയില്‍ നിര്‍ത്തിയ ഖുബ്ബൂസിനെയും നോക്കി ഇരിക്കുമ്പോഴാണ് വീണ്ടും ബംഗാളി ഡ്രൈവറുടെ വിളി വന്നത്. അവന്‍ ഏതാണ്ട് പേടിച്ച് കരച്ചിലിന്‍റെ വക്കത്തെത്തി നില്‍ക്കുകയാണ്. തിരിച്ച് വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത് എന്‍റെ കൊറിയന്‍  ബോസ്സിനെ വിളിച്ച് കാര്യം ബോധിപ്പിച്ചു. ഞാന്‍ അമ്പരന്നു പോയത് പോലെ അയാളും അമ്പരന്നു. അതിനു ശേഷം എന്‍റെ മൊബൈലിനു അല്പ്പനേരത്തേക്ക് വിശ്രമമില്ല. വീണ്ടും അതാ വരുന്നു എന്‍റെ കൊറിയന്‍ ബോസ്സിന്‍റെ വിളി. "ഡ്രൈവറോട് അവിടെ തന്നെ നില്‍ക്കാനും, എന്നോടു പെട്ടെന്ന് തന്നെ തയ്യാറാവാനും".

ഒരു നിമിഷം എന്ത് മറുപടി പറയണമെന്നറിയാതെ ഞാന്‍ തരിച്ചു പോയി. അപ്പോഴേക്കും ഫോണ്‍ കട്ട് ചെയ്തിരുന്നു . ഇഖാമ ഇല്ലാതെ ഞാന്‍ എങ്ങിനെ റിയാദിലേക്ക് പോകും? മനസ്സില്‍ ദൈവത്തെ വിളിച്ച് പ്രാര്‍ഥിച്ച് പോകാന്‍ തയ്യാറായപ്പോഴേക്കും പുറത്ത്‌ കാര്‍ റെഡി. വീണ്ടും ദൈവത്തെ വിളിച്ച് കാറിലോട്ട് കയറി. കയറുമ്പോള്‍ അവസാനമായി തിരിഞ്ഞ് മുറിയിലോട്ടോന്നു നോക്കി കാരണം, ചിലപ്പോള്‍ തിരിച്ച് വരാന്‍ സാധിക്കാതെ വഴിയില്‍ എന്നെ പിടിച്ചു  മുദ്ര വെച്ച് നാട്ടിലേക്ക് കയറ്റി അയച്ചാലോ?

ആദ്യമായാണ് കാലാവധി കഴിഞ്ഞ ഇഖാമയുമായി  ഇത്രയും ദൂരം യാത്ര ചെയ്യാന്‍ പോകുന്നത്. പോകുന്ന വഴിയില്‍ പോലീസിനെ വിളിച്ച് റിയാദ് മാനേജരെ കാണാതായ കാര്യം അവരെയും  അറിയിച്ചു.വഴിയില്‍ എല്ലാ പെട്രോള്‍ സ്റ്റെഷനിലും കയറി പരിശോധനയും നടക്കുന്നുണ്ട്. മനസ്സില്‍ കാണാതായ കൊറിയനെ ചീത്ത പറഞ്ഞു കൊണ്ടേയിരുന്നു എന്‍റെ യാത്ര  . പോകുന്ന വഴിയിലെ Check Point ല്‍ നിന്നും കഷ്ടിച്ച് എന്‍റെ ഇഖാമ കാണിക്കാതെ രക്ഷപെട്ടു. ദൈവത്തിന് സ്തുതി പറഞ്ഞ് വീണ്ടും യാത്ര മുന്നോട്ട്. അവസാനം ബംഗാളി ഡ്രൈവര്‍ നില്‍ക്കുന്ന സ്ഥലത്തെത്തി. പോലീസ് സ്റ്റൈലില്‍ അവനെ എന്‍റെ കൊറിയന്‍  ബോസ്സ് ഒരു കുറെ ചോദ്യം ചെയ്തു. കരഞ്ഞു കൊണ്ടായിരുന്നു അവന്‍റെ മറുപടി. " പെട്രോള്‍ സ്റ്റേഷനില്‍ നിന്നും പെട്രോള്‍ നിറയ്ക്കുമ്പോള്‍ അയാള്‍ കാറിലുണ്ടായിരുന്നെന്നും, പിന്നീട് കുറച്ചു കഴിഞ്ഞ് ഓട്ടത്തിനിടയില്‍ പിറകിലേക്ക് നോക്കുമ്പോള്‍ സാര്‍ ഇല്ലെന്നുമാണ്" അവന്‍ പറയുന്നത്. എന്‍റെ പ്രശ്നം അതൊന്നുമല്ല ഞാന്‍ ഏതാണ്ട് ഇവിടത്തെ ജയിലും പിന്നെ നാടും ഇതൊക്കെ മനസ്സില്‍ കാണുകയാണ്.

പോലീസ് വന്ന് കാര്യങ്ങള്‍ തിരയുമ്പോള്‍ എന്‍റെ ഇഖാമയും പരിശോധിക്കും. പറഞ്ഞത് പോലെ പോലീസ് എത്തി. കൊറിയനടയ്ക്കം ആര്‍ക്കും തന്നെ അറബി അറിയില്ല. പോരാത്തതിന് പോലീസുകാരന് ഇഗ്ലീഷും അറിയില്ല. അല്‍പ്പ സ്വല്‍പ്പം അറബി അറിയാവുന്ന ഞാന്‍ ആയി പിന്നെ ഇവരുടെ ഇടയിലെ ഭാഷാസഹായി. അത് കൊണ്ടായിരിക്കണം ഭാഗ്യത്തിന് എന്നോട് എന്‍റെ ഇഖാമയെ കുറിച്ച് ചോദിച്ചില്ല.

പോലീസിന്‍റെ ചോദ്യം ചെയ്യലും തുരുതുരായുള്ള ഫോണ്‍ വിളികള്‍ക്കുമിടയില്‍ എന്‍റെ ബോസ്സിന്‍റെ ഫോണില്‍ കാണാതായ കൊറിയന്‍റെ വിളി. വിളിക്കുന്നതോ റിയാദില്‍ നിന്നും. കക്ഷി റിയാദില്‍ എത്തി. പെട്രോള്‍  സ്റ്റേഷനില്‍ നിന്നും പെട്രോള്‍ നിറയ്ക്കുമ്പോള്‍, മൂത്രം ഒഴിക്കാനായി പുറത്തിറങ്ങിയപ്പോഴാണത്രെ ഡ്രൈവര്‍ വണ്ടി വിട്ടത്, അവസാനം കക്ഷി ഒരു ലോറിയില്‍ കയറി പറ്റി റിയാദിലെത്തി . ഞാന്‍ മെല്ലെ വാച്ചില്‍  നോക്കി സമയം രാത്രി രണ്ടു മണി. പോലീസുകാരനോട്‌ കാര്യവും കൂട്ടത്തില്‍  നന്ദിയും പറഞ്ഞ് അവിടെ നിന്നും തിരിച്ചു. എന്‍റെ നന്ദി പറയലിന് സ്വല്‍പ്പം കട്ടി കൂടുതലായിരുന്നു കാരണം എന്‍റെ പഴകിയ ഇഖാമയ്ക്ക് എന്തായാലും ചോദിച്ചില്ലല്ലോ ?

റൂമില്‍ എത്തുമ്പോള്‍ സമയം മൂന്നു മണി. കാറില്‍ നിന്നും ഇറങ്ങാന്‍ നേരത്ത് ബോസ്സ് പറഞ്ഞു " രാവിലെ  ഓവര്‍ ടൈം എഴുതുമ്പോള്‍ വൈകീട്ട് മുതല്‍ രാവിലെ വരെ സമയം എഴുതിക്കോളൂ" എന്ന്. ആശിച്ച ഓവര്‍ടൈം വന്നത് ഈ രൂപത്തിലായിരുന്നു. അതിനു ശേഷം ഇതുവരെ ഓവര്‍ടൈം ആശിച്ചതെയില്ല. രണ്ടു വര്‍ഷത്തേക്ക് പുതുക്കി കിട്ടിയ കമ്പനിയുടെ പേരിലേക്ക് മാറ്റിയ ഇഖാമ ഇപ്പോഴും സുഖമായി എന്‍റെ പേഴ്സില്‍ ഉറങ്ങുന്നു. കൂടെ ഞാനും സുഖമായി ഉറങ്ങുന്നു.

5 comments:

  1. നന്നായിട്ടുണ്ട് അവതരണം. തമാശയും കാര്യവും കൂടികലര്‍ത്തിയ പോസ്റ്റ്‌.
    ആശംസകള്‍

    ReplyDelete
  2. നല്ല അനുഭവക്കുറിപ്പ്!

    ആശംസകൾ.

    (please remove the word verification)

    ReplyDelete
  3. I am proud of you Muneer.. Good one and expect more..there are more stories around us and its nice to read when people like you narrate it in a different way.. Wish you all the best.

    ReplyDelete
  4. അനുഭവക്കുറിപ്പ് നന്നായിട്ടുണ്ട്.

    ആശംസകൾ.

    ReplyDelete

Related Posts Plugin for WordPress, Blogger...