Saturday, November 6, 2010

നാടകവും മാഷുടെ ചൂരലും

ഞാന്‍ എന്‍റെ ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലത്തെ അവസാനത്തെ അതായത് പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്‍റെ ആദ്യ നാടകത്തില്‍ അഭിനയിച്ചത്. തികച്ചും യാദൃശ്ചികമായിരുന്നു എന്‍റെ നാടക അരങ്ങേറ്റം. പൊതുവേ കണക്കില്‍ മോശമായ എനിക്ക് കണക്ക് ക്ലാസ് എന്ന് പറഞ്ഞാല്‍ ഒരുതരം ബോറടി ക്ലാസ് ആയിരുന്നു. പതിവുപോലെ അന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ ക്ലാസ് എടുക്കാനായി എത്തി. രാമചന്ദ്രന്‍ മാഷ് ആയിരുന്നു എന്‍റെ കണക്കധ്യാപകന്‍ മാഷിന്‍റെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാല്‍ എല്ലാ ദിവസവും ഹോം വര്‍ക്ക് തരും അത് പിറ്റേന്ന് ചെയ്തു വരണം.

ഇന്നലെ തന്ന ഹോം വര്‍ക്ക് അതേപടി എന്‍റെ നോട്ടു ബുക്കില്‍ പേന തൊടാതെ കിടക്കുകയാണ്.  ഇന്നും സാധാരണ പോലെ രാമചന്ദ്രന്‍ മാഷുടെ ചൂരല്‍ പ്രയോഗം ഉറപ്പ്. കൈവെള്ളയില്‍ മാഷ്‌, ചൂരല്‍ കൊണ്ടു കൂട്ടലും, കിഴിക്കലും, എന്നുവേണ്ട ഹരിക്കലും ഗുണിക്കലും ഒക്കെ വൃത്തിയായി  വരച്ചുതരും. ക്ലാസില്‍ വന്ന ഉടനെ മാഷ്‌ ഓരോരുത്തരുടെയും നോട്ടു പുസ്തക പരിശോധന തുടങ്ങി . ഞാന്‍ എന്‍റെ നോട്ടുബുക്ക് തുറന്ന് പ്രസ്തുത ഹോം വര്‍ക്കിനെ നോക്കി നെടുവീര്‍പ്പിടുകയാണ് . ഇന്നലെ രാത്രിയിലും ഒരു കുറെ പ്രാവശ്യം നോക്കി നെടുവീര്‍പ്പിട്ടതാണ് . അപ്പോഴാണ്‌ ചന്ദുനായരുടെ വരവ്.

ചന്ദുനായര്‍ നമ്മുടെ സ്കൂളിലെ പ്യൂണ്‍ ആണ്. കൈയ്യില്‍ ഒരു കടലാസും  ഉണ്ട്. കടലാസ് കിട്ടിയതും മാഷ്‌ അതിലുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് വായിച്ചു തരാന്‍ തുടങ്ങി " ഈ വരുന്ന സ്കൂള്‍ വാര്‍ഷികാഘോഷത്തില്‍ നാടകത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഇപ്പോള്‍ തന്നെ ലാബില്‍ എത്തേണ്ടതാണ്. " മാഷ്‌ ഞങ്ങളുടെ നേരെ നോക്കി ചോദിച്ചു " ആരെങ്കിലും പങ്കെടുക്കുന്നുണ്ടോ ? " കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ ചാടി എഴുന്നേറ്റു നാടകത്തില്‍ അഭിനയിക്കാനുള്ള മോഹം കൊണ്ടൊന്നുമല്ല കേട്ടോ..ഇന്നെങ്കിലും മാഷുടെ ചൂരല്‍ പ്രയോഗത്തില്‍ നിന്നും രക്ഷപ്പെടാമല്ലോ എന്ന് കരുതിയാണ്.

ക്ലാസിലുള്ള എല്ലാവരും അതിശയത്തോടെ എന്നെയും നോക്കി നില്‍പ്പാണ്. മാഷുടെ മുഖത്തും ഒരു അതിശയതിന്‍റെ ഭാവം ഉണ്ടോ എന്ന് എനിക്കൊരു സംശയം. ക്ലാസില്‍ നിന്നും മാഷുടെ മുഖത്ത് നോക്കാതെയാണ്‌ പുറത്തിറങ്ങിയത് കാരണം മറ്റൊന്നുമല്ല. അഥവാ.... ഹോം വര്‍ക്ക് കാണിച്ചു പൊയ്ക്കോ എന്ന് പറഞ്ഞാലോ ? പക്ഷെ ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല  പുറത്തിറങ്ങിയപ്പോഴല്ലേ ചന്ദുനായരുടെ പിന്നിലെ അണികളെ കാണുന്നത്. സത്യത്തില്‍ ഒരു ജാഥക്കുള്ള ആളുണ്ട്. ഓരോരുത്തരുടെയും മുഖം നോക്കുമ്പോള്‍ എനിക്ക് മനസ്സില്‍ ചിരിയാണ് വരുന്നത്. എന്നെപ്പോലെ രക്ഷപ്പെട്ടവരായിരിക്കാം അതില്‍ പലരും

ചന്ദു നായര്‍ തെളിച്ച വഴിയെ ഞങ്ങളും. വീണ്ടും അടുത്ത ക്ലാസ് അങ്ങിനെ കുറെ അണികളുമായി ചന്ദു നായര്‍ മുന്നില്‍ പിന്നില്‍ നമ്മള്‍ കുറെ പേര്‍. അവസാനം ഞങ്ങളുടെ ജാഥ ലാബില്‍ ചെന്നവസാനിച്ചു. തമ്പാന്‍ മാഷിന്‍റെ നേതൃത്തത്തില്‍ ഒരു കൂട്ടം അധ്യാപകര്‍. എന്നെ കണ്ടതും വിശ്വം മാഷുടെ വക " എടാ നീയും ..........." പിന്നെ ഒരു ചിരി. വിശ്വം മാഷുണ്ടോ ഞാന്‍ അവടെ എത്താനുണ്ടായ അവസ്ഥയെ പറ്റി അറിയുന്നു.

തമ്പാന്‍ മാഷ്‌ എല്ലാവരെയും ഒരു ക്യുവില്‍ നിര്‍ത്തി. ഉയരത്തിന്‍റെ അളവനുസരിച്ചായിരുന്നു ക്യുവിന്‍റെ ഘടന. ഭാഗ്യത്തിന് എന്നെക്കാളും ഉയരം കൂടിയ ലത്തീഫും, നൌഷാദും, മറ്റും ഉള്ളതിനാല്‍ മുന്നില്‍ നില്‍ക്കേണ്ടി വന്നില്ല. ഓരോരുത്തരെയായി വിളിച്ചു തമ്പാന്‍ മാഷ്‌ ഡയലോഗ് പറഞ്ഞ് കൊടുക്കും അതിനുശേഷം അവനവന്‍ അഭിനയിച്ചു കാണിക്കണം. ആദ്യത്തവന്‍റെ അഭിനയം കണ്ടപ്പോഴേ എന്‍റെ മുട്ട് വിറക്കാന്‍ തുടങ്ങി. ഇതിലും ഭേദം രാമചന്ദ്രന്‍ മാഷുടെ ചൂരല്‍ തന്നെ ആണെന്ന് തോന്നി.....ഹോ എന്തൊരു മാത്രം ഡയലോഗ്..

ഓരോരുത്തര്‍ക്കും ഓരോ ഡയലോഗ് ആണ് കൊടുക്കുന്നത്. മാഷുടെ ബുദ്ധി അപാരം തന്നെ. അല്ലെങ്കില്‍ പിന്നില്‍ നില്‍ക്കുന്നവന്‍ അവന്റെ ഉഴാമാവുമ്പോഴേക്കും, മന:പാഠം പഠിച്ച്, എല്ലാവരുടെയും അഭിനയക്കുറവുകള്‍ സ്വയം പരിഹരിച്ച്, അവിടെ നിന്ന് തന്നെ അവാര്‍ഡും വാങ്ങിപ്പോയേനെ. എന്‍റെ ഊഴം അടുക്കുമ്പോഴേക്കും മുട്ടിടിയുടെ വേഗത വര്‍ധിച്ചു . കൂട്ടത്തില്‍ ചിലരുടെ അഭിനയം അവിടം  ഒരു പൊട്ടിച്ചിരി സൃഷ്ട്ടിക്കുന്നുണ്ട്. ഒരു പക്ഷെ എന്‍റെ അഭിനയം കണ്ടാല്‍ ഇവരെല്ലാവരും തന്നെ പൊട്ടി കരയുമെന്നാണ് എനിക്ക് തോന്നുന്നത് അല്ലെങ്കില്‍ ലാബില്‍ നിന്നും ഒരു കൂട്ട ഓട്ടം പ്രതീക്ഷിക്കാം.

രണ്ടു പേരെ സെലക്റ്റു ചെയ്ത് മാറ്റി നിര്‍ത്തിയിട്ടുണ്ട് . ഞാന്‍ സ്വയം എനിക്ക് ധൈര്യം പകരുകയായിരുന്നു കൂടെ സാക്ഷാല്‍ അഭിനയരാജാക്കന്‍മാരായ മമ്മൂട്ടിയെയും, മോഹന്‍ലാലിനെയും മനസ്സില്‍ ധ്യാനിക്കുന്നുമുണ്ട്. അടുത്ത ഊഴം എന്‍റെതാണ്. എനിക്ക് എന്‍റെ ഡയലോഗ് കിട്ടി " പറയൂ നീ എന്തിനാണ് ഇവിടെ വന്നത് " ഇതായിരുന്നു എനിക്ക് കിട്ടിയ ഡയലോഗ് ഞാന്‍ സര്‍വ്വ ധൈര്യവും സംഭരിച്ച് എന്‍റെ അഭിനയം തുടങ്ങി കയ്യുടെ വിരല്‍ ചൂണ്ടി ഡയലോഗ് പറഞ്ഞു പക്ഷെ ശബ്ദം മാത്രം പുറത്തു വരുന്നില്ല. എങ്ങിനെ വരാനാണ് വായും, തൊണ്ടയും വറ്റി വരണ്ടിരിക്കുകയാണല്ലോ.

കൈ  മൊത്തം വിറക്കുന്നത്‌ കൊണ്ട് അഭിനയത്തിന് ഒരിത്തിരി സ്വാഭാവികത വന്നു പക്ഷെ എത്ര ശ്രമിച്ചിട്ടും ശബ്ദം മാത്രം പുറത്തു വരുന്നില്ല. പിന്നെ ആ ഡയലോഗ് എന്നോടു ചോദിക്കുന്നത് പോലെ പറഞ്ഞു നോക്കി . സത്യം അത് തന്നെ ആണല്ലോ എന്നോടു ചോദിക്കേണ്ട ചോദ്യം തന്നെ ആണല്ലോ എനിക്ക് കിട്ടിയതും " പറയൂ നീ എന്തിനാണ് ഇവിടെ വന്നത് " ഭാഗ്യത്തിന് എലിമിനേഷന്‍ ആവാതെ രക്ഷപ്പെട്ടു.

പിന്നീടങ്ങോട്ട് ദിവസവും നാടക ക്ലാസുകളായിരുന്നു നാടകത്തില്‍ എനിക്ക് കിട്ടിയ വേഷം ഒരു ദു:ഖ കഥാപാത്രത്തിന്‍റെതാണ്‌ പേര് ബാബു. ഒരുവിധം നാടകം പൂര്‍ത്തിയായി. വാര്‍ഷിക ദിനാഘോഷത്തിന്‍റെ അന്ന് മേക്കപ്പൊക്കെ ചെയ്ത് എന്നെ ഏതാണ്ട് ഒരു പരുവത്തിലാക്കിവെച്ചിരുന്നു . അങ്ങിനെ എന്‍റെ ആദ്യത്തെ നാടക അരങ്ങേറ്റവും കുറിച്ചു. പേര് "ആട്ടക്കളം"  

എനിക്ക് ഈ നാടകത്തില്‍ ഒരു സിഗരറ്റ് വലിക്കുന്ന രംഗം ഉണ്ട്. തമ്പാന്‍ മാഷ്‌ എപ്പോഴും പറയുമായിരുന്നു ആ രംഗം ഒഴിവാക്കാന്‍ പറ്റില്ല എന്ന്. കൂട്ടത്തില്‍ എന്നോടു ചോദിക്കുകയും ചെയ്തു " നീ സിഗരറ്റ് വലിക്കുമ്പോള്‍ കുരയ്ക്കുമോ " എന്ന്. പക്ഷെ അല്‍പ്പ സ്വല്‍പ്പം വലിച്ച് പരിചയം ഉള്ളതിനാല്‍ മാഷിന് ഗ്യാരണ്ടി കൊടുത്തു.

സ്റ്റേജില്‍ നിന്നും സിഗരറ്റ് കത്തിച്ചപ്പോഴേക്കും പുറത്തു നിന്ന് വലിയ ശബ്ധത്തില്‍ ആരൊക്കെയോ വിളിച്ച്‌ കൂവുന്നുണ്ടായിരുന്നു. " എടാ നിന്റെ ഉപ്പയുണ്ട് ഇവിടെ " എന്ന്. ഒരു പുക ഊതുമ്പോഴേക്കും, ഇത് കേട്ട പാതി എന്‍റെ കൈയ്യില്‍ നിന്നും സിഗരറ്റ് താഴെ വീണു. തകര്‍ത്തഭിനായിക്കുകയായിരുന്ന എനിക്ക്  അല്‍പ്പനേരം ഡയലോഗ് വിഴുങ്ങിപ്പോയി. കര്‍ട്ടന് പുറകില്‍ നിന്നും തമ്പാന്‍ മാഷ്‌ വിളിച്ചപ്പോഴായിരുന്നു വിഴുങ്ങിപ്പോയ ഡയോലോഗിന്‍റെ ബാക്കി പറയാന്‍ സാധിച്ചത്.

നാടകം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍  പലരും എന്നെ അഭിനന്ദിക്കുന്നുണ്ടായിരുന്നു പക്ഷെ ഞാന്‍ അപ്പോഴും രാമചന്ദ്രന്‍ മാഷുടെ ചൂരലിനോടു നന്ദി പറയുകയായിരുന്നു.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...