Tuesday, December 21, 2010

കടുവയെ പിടിച്ച കിടുവ

ചാറ്റിങ്ങും, ഫേസ്ബുക്കിങ്ങും ഒക്കെയായി എന്നെപ്പോലെ ഒട്ടുമിക്കവരും പഴയകാല സുഹൃത്തുക്കളുമായും അത്പോലെ  ലോകത്തിന്‍റെ പലകോണുകളിലുള്ള സ്വന്തക്കാരുമായും ബന്ധക്കാരുമായും അത്യാവശ്യം ആശയവിനിമയം നടത്തുന്നവരായിരിക്കും. കൂട്ടത്തില്‍ ഇപ്പോള്‍ നമ്മള്‍ എവിടെയാണ്, എന്ത് ചെയ്യുകയാണ്, എന്ത് ചെയ്യാന്‍ പോവുകയാണ് എന്നൊക്കെ ലോകത്തെ അറിയിക്കാനുമുള്ള ഒരു മാര്‍ഗ്ഗവുമാണല്ലോ ? അങ്ങിനെ പലതും വിളിച്ച് പറഞ്ഞ് സ്വന്തം കസേര തെറിച്ച മന്ത്രിയുടെ കഥയും നമുക്ക് മുന്നിലുണ്ട്.

എന്ത് തന്നെ ആയാലും സംഗതി കൊള്ളാം അല്ലെ ? കൂടെ കൊണ്ട് നടക്കുന്ന മൊബൈലില്‍ നിന്ന് പോലും കാര്യങ്ങള്‍ പെട്ടെന്ന് തന്നെ ഈ നെറ്റ്വര്‍ക്കിലൂടെ നിമിഷ നേരങ്ങള്‍ കൊണ്ട് കൂട്ടുകാരെ അറിയിക്കാം പോരാത്തതിന് അപ്പോള്‍ എടുത്ത ഫോട്ടോയും ചൂടാറുന്നതിനു മുമ്പേ എല്ലാവരിലും എത്തിക്കുകയും ചെയ്യാം ചുരുക്കി പറഞ്ഞാല്‍ എല്ലാം ഒരു വിരല്‍ തുമ്പില്‍.

ചിലര്‍ക്കൊക്കെ ചങ്ങാതി മാരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് പോലും. എന്‍റെ ഒരു കൂട്ടുകാരന്‍റെ കാര്യം തന്നെ എടുക്കാം കക്ഷി ഒരു രസത്തിനു വേണ്ടി ഫേസ് ബുക്കില്‍ രാഹു കാലം നോക്കി ഒരു അക്കൌണ്ട് അങ്ങ് തുടങ്ങി. അങ്ങിനെ തിരഞ്ഞ് തിരഞ്ഞ്  പഴയ കാല സുഹൃത്തുക്കളെ കണ്ടു പിടിച്ചതുപോലെ ഒരു കുറെ പുതിയ സുഹൃത്തുക്കളെയും ചുമ്മാ അങ്ങോട്ട്‌ ആഡ് ചെയ്തു ഒരു രസത്തിനു വേണ്ടി അങ്ങിനെ ആഡ് ചെയ്ത് ആഡ് ചെയ്ത് അംഗ സംഖ്യ ആയിരവും കടന്നു മുന്നോട്ട്.

വര്‍ണ്ണ വിവേചനമോ അതിര്‍ത്തി വരമ്പുകളോ ലിംഗ ഭേദമോ നോക്കാതെ അങ്ങിനെ നാനാ ജാതിയില്‍ പെട്ടതും പല രാജ്യത്തില്‍ പെട്ടവരും കക്ഷിയുടെ പേജില്‍ നിരന്നു നിന്നു. ഒരു രസത്തിന് വേണ്ടി തുടങ്ങിയ കക്ഷി പലരുമായും ചാറ്റിങ്ങും മെയിലിങ്ങുമായി ഓഫീസിലുള്ളപ്പോഴും അല്ലാത്തപ്പോഴും അത്യാവശ്യം തുടര്‍ന്നു  പോന്നു അതിനിടയില്‍ പലര്‍ക്കും തന്‍റെ ഫോണ്‍ നമ്പരും കൊടുത്തു.

പാവം എന്നെല്ലാതെ എന്ത് പറയാന്‍ ഇപ്പോള്‍ മെയില്‍ തുറന്നാല്‍ പുതിയ മെയിലുകളുടെ ഒരു ബഹളമാണ് പോലും. പോരാത്തതിന് നേരാം വണ്ണം ഉറങ്ങാനും പറ്റുന്നില്ല പോലും. രാത്രി ഉറങ്ങുമ്പോഴായിരിക്കും നേരം പുലര്‍ന്ന രാജ്യത്തിലെ കൂട്ടുകാരിയുടെ വിളി അത് കഴിയുമ്പോഴേക്കും നേരം പുലര്‍ന്നു വരുന്ന മറ്റൊരു രാജ്യത്തിലെ വിളി ഗത്യന്തിരമില്ലാതെ രാത്രി ഫോണ്‍ ഓഫ്‌ ചെയ്ത് കിടക്കുകയാണ്.

പകലത്തെ സ്ഥിതിയും തദൈവ ഇപ്പോള്‍ നമ്പര്‍ മാറാന്‍ ആലോചിക്കുകയാണ് പാവം. ഇപ്പോള്‍ ഫേസ്ബുക്കെന്ന് കേള്‍ക്കുമ്പോള്‍ കക്ഷിയുടെ ഫെസിന്‍റെ ഭാവം കണ്ടാല്‍ അറിയാം എത്രമാത്രം പേടിക്കുന്നുണ്ടെന്ന്.
ഇനി മറ്റൊരുവന്‍റെ കാര്യം പറയാം ആളൊരു പുഷ്പ്പന്‍ എന്നുവെച്ചാല്‍ ഒരു പഞ്ചാര ചുണക്കുട്ടന്‍ കക്ഷിക്ക് താല്‍പ്പര്യം പെണ്‍കുട്ടികളോടാണ് അതില്‍ ഈ പറഞ്ഞ ജാതിയോ, മതമോ, അല്ലെങ്കില്‍ ഭാഷയോ ഒരു വിഷയമല്ല പക്ഷെ പുള്ളിയുടെ ( പുലിയുടെ എന്ന് പറയാം ) ഭാഷയില്‍ പറഞ്ഞാല്‍ അത്യാവശ്യം സൌന്ദര്യമൊക്കെ വേണംതാനും കേട്ടാല്‍ തോന്നും ഈ പറഞ്ഞ ഗുണമുള്ളവരെ മുഴുവന്‍ ഈ പുലി അങ്ങ് കെട്ടികളയുമെന്ന്......ചുമ്മാ... അല്ല പിന്നെ.

അങ്ങിനെ പുലി ഒരുപാടു  കഷ്ട്ടപെട്ട്  ബുദ്ധിമുട്ടി ഒരു കുറെ തരുണീമണികളെ തന്‍റെ പേജിലോട്ട് ആനയിച്ച്‌ നിരത്തി നിര്‍ത്തി ഒരു കടുവയായി. പലരുമായി ചാറ്റിംഗ് നടത്തി ലിസ്റ്റില്‍ നിന്നും ഒരു സുന്ദരിയെ തന്‍റെ പഞ്ചാര വിതറി പ്രേമത്തിലാക്കി. ഫേസ്ബുക്കില്‍ നിന്നും സ്ഥാന കയറ്റം നടത്തി ചാറ്റിംഗ് പിന്നെ മെസ്സേന്‍ജ്ജറിലായി തിരക്കോടു തിരക്ക് ഉണ്ണാന്‍ പോയിട്ട് ഉറങ്ങാന്‍ പോലും നേരമില്ല ഭയങ്കര തിരക്ക് കാര്യം കല്യാണാലോചനയില്‍ വരെ എത്തി.

നാട്ടില്‍ വിളിച്ച് വീട്ടുകാരെ കാര്യം ധരിപ്പിച്ചു. വീട്ടുകാരും 'ഓ ക്കെ' എങ്ങിനെ 'ഓക്കെ' ആകാതിരിക്കും ആള് നല്ല സുന്ദരി എന്ന് വെച്ചാല്‍  ഏതാണ്ട് ഐശ്വര്യാ റായിയുടെ അടുത്തെത്തും പോരാത്തതിന് സ്വന്തം രാജ്യക്കാരിയും സ്വന്തം സംസ്ഥാനക്കാരിയും . അങ്ങിനെ ആറ് മാസത്തെ നെറ്റ്വര്‍ക്ക് പ്രണയം പൂവണിയുന്ന സ്വപ്നത്തിലായിരുന്നു ഈ കടുവയായി മാറിയ പുലി.

ഒരു ദിവസം തന്‍റെ സ്ഥിരം ചാറ്റിങ്ങിനിടയില്‍ കാര്യം ഭാവി വധുവിനോട് തുറന്നു പറഞ്ഞു. വീട്ടുകാര്‍ കല്യാണാലോചനയുമായി തന്‍റെ വീട്ടില്‍ വരുമെന്നും അടുത്തു തന്നെ ലീവില്‍ നാട്ടില്‍ വരുമെന്നും.

പിറ്റേന്ന് കാലത്ത് ഓഫീസില്‍ എത്തിയ ഉടനെ തിരക്കിട്ട് തന്‍റെ പ്രണയനിയുടെ വിവരങ്ങള്‍ അറിയാനായി മെയില്‍ തുറന്നു നോക്കിയ കക്ഷി ഞെട്ടിക്കുന വിവരങ്ങളാണ് കണ്ടത്. താന്‍ ഇത്രയും കാലം മുത്തെ, പൊന്നെ, എന്നൊക്കെ വിളിച്ച തന്‍റെ സ്വന്തം, തന്‍റെ  എല്ലാമായ ഭാവി വധു, ഒരു ആണ്‍ ആണെന്ന് പേര് ദാസ് ....ഒരു കുറ്റസമ്മത മെയില്‍ ഒരു നേരം പോക്കിന് വേണ്ടി ചെയ്തതാണെന്നും മാപ്പാക്കണമെന്നുമുള്ള ഒരു അപേക്ഷയോടെ അവന്‍ അവന്‍റെ മെയിലിനു വിരാമമിട്ടു. പാവം കടുവയായിരുന്ന എന്‍റെ സ്നേഹിതന്‍ അന്ന് ജോലി ചെയ്യാതെ കരഞ്ഞു വീര്‍ത്ത മുഖവുമായാണ് പോയത്. ഏതാണ്ട് ഒരാഴ്ചയെടുത്തു പാവം സാധാരണ നിലയിലെത്താന്‍ ഇപ്പോള്‍ അവന് ഫേസ് ബുക്കില്ല .പക്ഷെ അവന്‍റെ ഫേസ് ഒരുപാടു മാറി.

വാല്‍ക്കഷ്ണം : ഇതിലെ കഥാപാത്രങ്ങള്‍ നിങ്ങളാണെന്നു തോന്നുന്നുവെങ്കില്‍ തീര്‍ത്തും യാദൃശ്ചികം ദയവ് ചെയ്ത് എന്നെ ക്രൂശിലെറ്റരുത്

Thursday, December 2, 2010

'അഴി' മതിയോ ........?

കുറെ നാളുകളായി പത്രക്കാരും മീഡിയകളും നിറഞ്ഞാടുകയാണ് വിഷയ ദാരിദ്ര്യം എന്ന് പറയുന്നത് പണ്ടേ ഈ മാധ്യമങ്ങള്‍ക്കില്ലല്ലോ. ഏതു വിഷയവും ചൂടുള്ള വാര്‍ത്തയാക്കാനും തണുത്ത് പോയതിനെ വീണ്ടും ചൂടാക്കി എടുക്കാനും ഈ പറഞ്ഞ മാധ്യമങ്ങളുടെ കഴിവ് അപാരം തന്നെ.

നേരറിയാനും, നേരത്തെ അറിയാനും മലയാളികള്‍ മറ്റുള്ളവരേക്കാള്‍ മിടുക്കരും കൂടാതെ പത്രം വായന ഇല്ലാതെ ഒരു ദിവസം കഴിയുക എന്നത് എന്നെ പോലെ തന്നെ മലയാളികള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്തതുമാണ്.

എന്‍റെ വായന മിക്കതും ഓഫീസിലെ ജോലിക്കിടയില്‍ സ്ക്രീനില്‍ കൂടിയുള്ള  ഒരെത്തിനോട്ടമാണ്. പിന്നെ ജോലി കഴിഞ്ഞ് തിരിച്ച് കുടിലില്‍ എത്തിയാല്‍ റൂമിലെ സംസാരിക്കുന്ന സ്ക്രീനില്‍ അവതാരകന്‍റെ ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വിശകലനവും പിന്നെ സ്റ്റുഡിയോവില്‍ ഉള്ളവരോടും, വാരാനിരിക്കുന്നവരോടും, ഫോണില്‍ പ്രതീക്ഷിക്കുന്നവരോടും ഒക്കെ ചോദ്യങ്ങള്‍ ? അതിന് അവരുടേതായ രീതിയില്‍ ഉള്ള മറുപടികള്‍.

പക്ഷെ  ഈ അടുത്ത കാലത്തായി എവിടെ നോക്കിയാലും വാര്‍ത്തയുടെ സ്വഭാവം ഒന്ന് തന്നെ "അഴിമതി". അതും വളരെ തുച്ഛമായ അഴിമതി അല്ലറ ചില്ലറ കോടികള്‍.  പിന്നെ ഇതിത്ര കാര്യമാക്കാനെന്തിരിക്കുന്നു. കാര്യം അഴിമതി യാണെങ്കിലും കേട്ടാല്‍ കരുതും ഇത് ഇന്നലെ തുടങ്ങിയതാണെന്ന് സത്യം അതല്ലല്ലോ ? പൂര്‍വികരായിട്ട് തുടങ്ങി വെച്ചത്..... അങ്ങിനെ തുടരുന്നു ...അല്ല പിന്നെ..

അഴിമതിയെന്ന് പേരിട്ടു വിളിക്കുന്നു എന്നല്ലാതെ ഇതില്‍ ഒരഴിമതിയും ഇല്ല ഒരു തരം ബിസിനസ്സ് അതില്‍ ലാഭം പങ്കിട്ടെടുക്കുന്നു അത്രമാത്രം....അതില്‍ ചിലപ്പോള്‍ പത്രക്കാരുണ്ടാവാം പത്ര വായനക്കാരുണ്ടാവാം  കോര്‍പ്പറേറ്റ്കള്‍ ഉണ്ടാവാം ബിസിനസ്സല്ലേ ആര്‍ക്കും പങ്കാളിയാകാം

ഈയടുത്ത് കോമണ്‍വെല്‍ത്ത് ഗൈംസ് മുതല്‍ ഇപ്പോള്‍ 'ടൂ ജി' യില്‍ കുടുങ്ങി കിടക്കുന്നത് വരെ എത്തി കാര്യങ്ങള്‍ . കേട്ടാല്‍ തോന്നും ഇതൊന്നും ഇതുവരെ ആരും ചെയ്യാത്ത കാര്യം ആണെന്ന് ഈ കോമണ്‍ വെല്‍ത്ത് ഗൈംസ് ഒക്കെ വല്ലപ്പോഴും വിരുന്നു വരുന്നതാണ് പിന്നെ വേണ്ട വിധം സല്‍ക്കരിക്കേണ്ടേ ? ആവുന്ന വിധം ആഘോഷിക്കെണ്ടേ ? അതിനിടയില്‍ ചില പാലങ്ങളോ മറ്റോ വീണെന്നിരിക്കും അതിനിത്ര കൊലാഹലമോ? പാവം,  കുറ്റം പറയരുത് കേട്ടോ..

പിന്നെ അഴിമതിക്ക് രാഷ്ട്രീയമോ? അയ്യോ അങ്ങിനെ പറയരുത് ഈ കാര്യത്തില്‍ അവരെല്ലാം ഒറ്റകെട്ടാണ് പുറത്ത് ചില ചില്ലറ വാക്കേറ്റങ്ങളും തര്‍ക്കങ്ങളും കാണിക്കുമെങ്കിലും അവരെല്ലാം അഴിമതിയില്‍ ഒറ്റകെട്ടാണ് പുറത്ത് പ്രകടനം പക്ഷെ അകത്ത് കെട്ടിപിടി എന്നാലല്ലേ രാഷ്ട്രീയം വിജയിക്കൂ എന്നാലല്ലേ വോട്ടു ചെയ്തവരെ കഴുതകളാക്കാന്‍ പറ്റൂ.

പാവങ്ങള്‍ അവര്‍ക്ക് ആരെയൊക്കെ തീറ്റി പോറ്റണം മക്കള്‍ക്കും, കുടുംബങ്ങള്‍ക്കും എന്തിനു പറയുന്നു വേലക്കാര്‍ക്ക് പോലും ഭൂമി അളന്നു കൊടുക്കണം. മഹാബലിയുടെതിനു സമാനമായ മനസ്ക്കതയെ പ്രശംസിക്കുകയല്ലാതെ വേറെ എന്ത് ചെയ്യാന്‍? ഭൂമി അളന്നു കൊടുത്തു പാതാളത്തിലെക്കൊന്നും ആരും ചവിട്ടി താഴ്ത്താതിരുന്നാല്‍ മതിയായിരുന്നു. കാരണം നമുക്ക് വേണ്ടേ നല്ല ഭരണകര്‍ത്താക്കള്‍ ?

പിന്നെ ടൂ ജി ...അയ്യോ ഇതിങ്ങു തുടങ്ങിയതല്ലേ ഉള്ളൂ ഇനിയെത്ര 'ജീ ' കള്‍ ബാക്കി കിടക്കുന്നു അപ്പോഴേക്കും ബഹളം. ഇങ്ങിനെ പോയാല്‍ നമ്മുടെ നാട് നമ്മുടെ രാജ്യം എങ്ങിനെ മിന്നി തിളങ്ങും നമുക്കും വേണ്ടേ "ത്രീജി" യും "ഫോര്‍ജി" യും. ഇതിന്‍റെ പേരില്‍ രാജ്യസഭയിലും, ലോകസഭയിലും ബഹളം. പ്രതിപക്ഷവും, ഭരണപക്ഷവും പക്ഷമില്ലാത്തവരും അങ്ങിനെ എല്ലാവരും തിമിര്‍ക്കുന്നു കാര്യങ്ങള്‍ ലൈവായി നമ്മള്‍  കണ്ടു രസിക്കുന്നു.

പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ സമരം മുന്‍കൂട്ടിഅറിഞ്ഞ് അന്നത്തെ പ്രോഗ്രാം തയാറാക്കി വെക്കുന്നത് പോലെ. ഈ പറഞ്ഞ പ്രതിപക്ഷവും, ഭരണപക്ഷവും, പക്ഷമില്ലാത്തവരും  അവരുടെ പ്രോഗ്രാം ചിട്ടപെടുത്തുന്നതില്‍ നമ്മള്‍ സംശയിക്കരുത്‌ കേട്ടോ. നൂറു കൂട്ടം പണിയുള്ളതാ അവര്‍ക്കും. എന്ത് ചെയ്യാം അവര്‍ക്കും അവരുടെ ബിസിനസ് നോക്കേണ്ടേ? ഭരണ മുടക്കത്തിനു ഒരു പക്ഷെ ചില്ലറ കോടികള്‍ നഷ്ട്ടം ഉണ്ടായെന്നുവരും. പക്ഷെ അവരുടെ ബിസിനസ് നോക്കാതിരിക്കാന്‍ പറ്റുമോ? പാവങ്ങള്‍ കുറ്റം പറയരുത് കേട്ടോ.

ഇനി ജെ പി സി അന്വേഷണം ...ഭരണ പക്ഷത്തെ കുറ്റം തീരെ പറയരുത് ഈ ജെ പി സി യൊക്കെ അനാവശ്യം ആണെന്ന് അവര്‍ക്ക് തന്നെ അറിയാം പോരാത്തതിന്  കോടിക്കണക്കിനു വരില്ലെങ്കിലും അതിനും ഒരുപാടു ചിലവാവില്ലേ.. ചിലവാക്കിയാലോ ഫലം മുമ്പത്തെ ജെ പി സി അന്വേഷണം പോലെ . എത്ര ജെ പി സി ? ബോഫെര്‍സിനു ജെ പി സി. ഓഹരി കുംഭകോണത്തിനു ജെ പി സി. ശീതള പാനീയങ്ങളിലെ മായത്തിനു ജെ പി സി. ഒരുപാടു ജെ പി സി കള്‍ ഫലമോ തുച്ചം ചിലവോ മെച്ചം.

അഴിമതികള്‍ ഇനിയും വരും അത് ചിലപ്പോള്‍ വീണ്ടും കന്നുകാലി തീറ്റയിലായിരിക്കും അല്ലെങ്കില്‍ അടുത്ത ഏതെങ്കിലും' ജീ ' യിലായിരിക്കും അല്ലെങ്കില്‍ വല്ല ശവപ്പെട്ടിയിലുമായിരിക്കും പക്ഷെ ദയവു ചെയ്തു ഈ അഴിമതികളെ വെറും അഴിമതികളെന്നു വിളിച്ച് പരിഹസിക്കരുത്,

 വാല്‍ കഷ്ണം :  ഇത് എഴുതി കഴിയുമ്പോഴേക്കും മറ്റൊരു അഴിമതിക്കായി പലരും ചട്ടം കൂട്ടുന്നുണ്ടാവും ..വിധി ഉണ്ടെങ്കില്‍ നമുക്ക് കേള്‍ക്കുകയും കാണുകയും ചെയ്യാം
Related Posts Plugin for WordPress, Blogger...