Thursday, November 4, 2010

എന്‍റെ ബ്ലാക്കി

പട്ടി കുട്ടികളെയും പൂച്ചകളെയും എന്നുവേണ്ട ഒരുവിധം വീട്ടില്‍ പോറ്റുന്ന ഒട്ടു മിക്ക ജീവികളെയും ചെറുപ്പം മുതലേ വളരെ ഇഷ്ട്ടമായിരുന്നു. എന്‍റെ സ്കൂള്‍ വിദ്യാഭാസ കാലത്ത് ഇവറ്റകളെ വില്‍ക്കുന്ന കടയുടെ മുമ്പില്‍ വെറുതെ നിന്ന് നോക്കാറുണ്ട്. സ്കൂളില്‍ പഠിക്കുന്ന സമയമായതിനാല്‍ പോക്കറ്റ് മണി എന്ന സാധനം മാത്രം ഇല്ല പക്ഷെ പോക്കറ്റ് ഉണ്ട്  കേട്ടോ. ഇനി ഇത്തിരി മണി പോക്കറ്റില്‍ ഉണ്ടായാലും വളര്‍ത്തുന്ന എന്തിനെയെങ്കിലും വാങ്ങിയാല്‍ ഉപ്പയുടെ വക അവന്‍മാര്‍ക്ക് ഗെറ്റ്ഔട്ട്‌ ഉറപ്പാണ്.

അങ്ങിനെയിരിക്കെ "വൈദ്യന്‍ കല്‍പ്പിച്ചതും ദൈവം ഇച്ചിച്ചതും" ഒന്ന് എന്നതുപോലെ പണം കൊടുക്കാതെ ഒരു പട്ടി കുട്ടിയെ ലഭിക്കുവാനുള്ള ഏര്‍പ്പാട് എന്‍റെ പ്രിയ സുഹൃത്ത്‌ ശ്യാം എനിക്ക് ഏര്‍പ്പാടാക്കി തന്നു. കേട്ട പാതി എനിക്കെങ്ങിനെയെങ്കിലും ആ പട്ടി കുട്ടിയെ സ്വന്തം ആക്കാനുള്ള ആര്‍ത്തി തോന്നി. മനസ്സില്‍ ദൈവത്തോട് പ്രാര്‍ഥിച്ചു " ദൈവമേ ഉപ്പാന്‍റെ ഭാഗത്ത്‌ നിന്ന് പട്ടികുട്ടിക്ക് ഗെറ്റ് ഔട്ട്‌ ഉണ്ടാവരുതേ" എന്ന്. പിറ്റേന്ന് കാലത്ത് നേരത്തെ എഴുന്നേറ്റു. ഞായറാഴ്ച ആയിട്ടും ഇവനെന്തടാ നേരത്തെ എന്ന് എല്ലാവരും അവരവരുടെ നോട്ടത്തില്‍ കൂടി എന്നോടു ചോദിക്കുന്നുണ്ടായിരുന്നു.

" സാധാരണ സ്കൂള്‍ ദിവസങ്ങളില്‍ പോത്തുപോലെ കിടന്നുറങ്ങുന്ന ഇവനിതെന്തുപറ്റി" എന്ന് ഉമ്മമായുടെ വക. "നിനക്കിന്നെന്താമോനെ സ്പെഷല്‍ ക്ലാസ് ഉണ്ടോ" എന്ന് ഉമ്മ. ആരുടെ ചോദ്യങ്ങള്‍ക്കും മറുപടി പറയാതെ ഒഴിഞ്ഞു മാറി പതിയെ വസ്ത്രം മാറ്റി . ഇനി അടുത്ത പടി വീട്ടില്‍ നിന്നും പുറത്തിറങ്ങണം. അതെങ്ങിനെ സാധിക്കും കാരണം മറ്റൊന്നുമല്ല ഉപ്പ കോലായില്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയാണ്  ഉപ്പയുടെ വക ചോദ്യം ഉറപ്പാണ്  സമയം 7 മണിയെ ആയുള്ളൂ . പിന്നെ ഞാന്‍ പുറത്തു പോകുമ്പോള്‍ എങ്ങിനെ ചോദിക്കാതിരിക്കും ഉത്തരത്തിനായി പല വഴിയും ചിന്തിച്ചു. എവിടെ കിട്ടാനാണ്‌  ?

നേരാംവണ്ണം മലയാള പാഠ പുസ്തകത്തിലെയും, സമൂഹ്യപാഠത്തിലെയും ഉത്തരങ്ങള്‍ മന : പാഠ മാക്കിയിട്ടും പരീക്ഷക്ക്‌ മറന്നു പോകുന്നവന് എങ്ങിനെ സ്വന്തായി ഉത്തരം ഉണ്ടാക്കാന്‍ പറ്റും? അപ്പോഴാണ്‌ ഉമ്മയുടെ വിളി " നിനക്ക് ചായ വേണ്ടേ ? വേഗം വന്നു കുടി ..അല്ലെങ്കില്‍ തണുത്ത് പോകും". ശരി ഇനി ചായ കുടിച്ച് ചിന്തിക്കാം ...നേരെ അടുക്കളയിലേക്ക് നല്ല ചൂടുള്ള ചായയും മുട്ട പുഴുങ്ങിയതും എന്നെയും കാത്തിരിപ്പാണ്. പതുക്കെ പതുക്കെ ചൂട് ചായ അകത്താക്കുമ്പോള്‍ ഒരേ ഒരു ചിന്ത മാത്രമേ മനസിലുള്ളൂ  എങ്ങിനെ ഉപ്പയുടെ മുന്നില്‍ കൂടി പുറത്തിറങ്ങും? ചോദ്യം ഉറപ്പാണ് അപ്പോള്‍ ഉത്തരവും ഉറപ്പിക്കണ്ടെ ?

അതിനിടയിലാണ് അടുക്കളയില്‍ നിന്നും ഉച്ച ഭക്ഷണത്തിന്‍റെ കാര്യങ്ങളെ പറ്റി ഉമ്മയും, ഉമ്മമായും സംസാരിക്കുനത് ശ്രദ്ധയില്‍ പെട്ടത്  ഉടനടി രണ്ടു പേരുടെയും മുന്നിലേക്ക്‌ ഞാന്‍ " മീന്‍ വേണമെങ്കില്‍ ഞാന്‍ പോയി വാങ്ങി വരാം " എന്‍റെ അപ്രതീക്ഷിത സ്നേഹം കാണ്ട് അല്‍പ്പ നേരത്തേക്ക്  രണ്ട്‌ പേരും മാറി മാറി നോക്കുകയാണ്. സാധാരണ ദിവസങ്ങളില്‍ നൂറു പ്രാവശ്യം കടയില്‍ പോകാന്‍ പറഞ്ഞാല്‍ കേള്‍ക്കാത്തവാനാണ് ഈ ഞാന്‍ പിന്നെ എങ്ങിനെ എന്‍റെ സ്നേഹപ്രകടനം കണ്ടു അവര്‍ വാ പോളിക്കതിരിക്കും ? ഉമ്മാമയുടെ  വക വീണ്ടും " നിനക്കിതെന്തു പറ്റി. " എന്‍റെ കള്ളത്തരങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞത് പോലെ ഉമ്മ പ്രതികരിച്ചു " സംഭവം മറ്റൊന്നുമല്ല എവിടെയോ പോകുവാനുള്ള പുറപ്പാടാണ് അതുകൊണ്ടാണ് ഇവനിന്നിത്തിരി സ്നേഹ കൂടുതല്‍. "

കേരള പോലീസിനെ പോലും വെല്ലുന്ന രീതിയില്‍ എന്‍റെ മനസ്സിലുള്ളത് ഒന്നാം മുറയും. മൂന്നാം മുറയും ഇല്ലാതെ മനസ്സിലാക്കിയ ഉമ്മയുടെ അപാര കഴിവ്  എന്നെ സത്യത്തില്‍ അത്ഭുതപ്പെടുത്തി. അവസാനം രണ്ടു പേരും ഒരു തീരുമാനത്തിലെത്തി എന്നെ മീന്‍ വാങ്ങാന്‍ അയക്കാമെന്ന്. തിടുക്കത്തില്‍ പണവും വാങ്ങി നേരെ പുറത്തേക്ക്. പൊടുന്നനെ പ്രതീക്ഷിച്ച ചോദ്യം ഉപ്പയുടെ വക " നീ എവിടെയാ രാവിലെ തന്നെ പോകുന്നത് ?". മറുപടി നിസ്സാരം " മീന്‍ വാങ്ങാന്‍." പുറത്തിറങ്ങി ഗേറ്റ് വരെ പതുക്കെ നടന്നു. ഗേറ്റു കടന്നതും ഒരോട്ടമാണ് നേരെ പാരീസ് വില്ലയില്‍ തെറ്റിദ്ധരിക്കരുത് ഫ്രാന്‍സില്‍ ഒന്നും അല്ല കേട്ടോ എന്‍റെ കൂട്ടുകാരന്‍ ശ്യാമിന്‍റെ വീടാണ് പക്ഷെ പുള്ളി ഫ്രഞ്ച് പൌരനാണ്. മാഹിയില്‍ താമസിക്കുന്ന ഇന്ത്യയില്‍ ജനിച്ച ഫ്രഞ്ച് പൌരന്‍.

ഓടി വീടിനകത്തേക്ക് കയറി നേരെ മുകളിലേക്ക്...  ശ്യാമേ എന്ന് വിളിക്കാന്‍ കഴിയാത്ത വിധം ഓടി തളര്‍ന്നിരിക്കുകയായിരുന്നു ഞാന്‍ പെട്ടെന്ന് തന്നെ അവനെ തട്ടി എഴുന്നേല്‍പ്പിച്ചു. അവന്‍റെ അന്നത്തെ കണി ഞാന്‍ ആയിരുന്നു. കിടക്കയില്‍ നിന്നും എഴുന്നേറ്റ് അവന്‍ എന്നെ തുറിച്ചു നോക്കി. ഒറ്റ ശ്വാസത്തില്‍ ഞാന്‍ പറഞ്ഞു " വാ നമുക്ക് പോയി പട്ടി കുട്ടിയെ വാങ്ങാം" ഞാന്‍ കിതക്കുന്നത് കൊണ്ടാവാം അവന്‍ എന്നെ അടിമുടി നോക്കി കൊണ്ടിരിക്കുകയാണ്. വീണ്ടും അവനെ കട്ടിലില്‍ നിന്നും വലിച്ച് താഴെ ഇറക്കി പിന്നെ രണ്ടു പേരും നേരെ പട്ടി കുട്ടിയുടെ വീട്ടിലേക്കു പുറപ്പെട്ടു.

വീടിന്റെ പുറത്തെ ഗേറ്റില്‍ വലിയ ഒരു ബോര്‍ഡ് " പട്ടി ഉണ്ട് സൂക്ഷിക്കുക" ഗെറ്റി നിടയില്‍കൂടി  അകത്തേക്ക് നോക്കി ഞങ്ങളെ കണ്ടതും ഒരു വലിയ പട്ടി കുരച്ച് കൊണ്ട് ഗെറ്റിനടുതെക്ക് വന്നു കൂടെ പട്ടിയുടെ യജമാനത്തിയും. ശ്യാമിനെ കണ്ടതും അവര്‍ക്ക് കാര്യം പിടികിട്ടി " പട്ടി കുട്ടിക്ക് വേണ്ടി വന്നതാണല്ലേ"ആ സ്ത്രീ നേരെ അകത്തേക്ക് പോയി. ഞങ്ങള്‍ രണ്ടുപേരും ഗെറ്റിന് പുറത്തു  തന്നെ നിന്നു കാരണം നേരത്തെ കണ്ട ആ വലിയ പട്ടിയെ കണ്ടാല്‍ അകത്തെന്നല്ല ആ വിടിനടുത്ത് തന്നെ നില്‍ക്കാന്‍ തോന്നുകയില്ല. ഞാന്‍ അല്‍പ്പം ആശ്വസിച്ചു - തന്ത പട്ടി ഇങ്ങിനെയാണെങ്കില്‍ കുട്ടി പട്ടി മോശമാകാന്‍ വഴിയില്ല. അല്‍പ്പ സമയത്തിന് ശേഷം ആ സ്ത്രീ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിയുമായി വന്നു. ഞാന്‍ രണ്ടു കൈയും നീട്ടി പെട്ടിവാങ്ങി. മനസ്സില്‍ ഒരായിരം പൂത്തിരി വിടര്‍ന്ന സന്തോഷമായിരുന്നു എനിക്ക്.
 
പതിയെ വീട് എത്താറായി. അപ്പോഴാണ് ഓര്‍ത്തത്‌ എന്നെ അതിരാവിലെ വീട്ടില്‍ നിന്നും പുറത്ത് കടക്കാന്‍ സഹായിച്ച ....മീന്‍ വാങ്ങാന്‍ മറന്നു പോയകാര്യം... പെട്ടി ശ്യാമിനെ ഏല്‍പ്പിച്ച് ഓടിപ്പോയി മീന്‍ വാങ്ങി ഇനി വീട്ടിനകത്തേക്ക്‌ പട്ടി കുട്ടിയും പെട്ടിയുമായി കയറണം ഭാഗ്യത്തിന് കോലായില്‍ ആരുമില്ല പെട്ടി മെല്ലെ പുറത്ത് വെച്ച് അകത്തേക്ക് കയറി. അതിനിടയില്‍ എന്‍റെ പ്രിയ കൂട്ടുകാരന്‍ മുങ്ങിയിരുന്നു. മീനും ബാക്കി പണവും കൊടുക്കുമ്പോഴാണ് കോലായില്‍ നിന്നും ഉപ്പാന്‍റെ വിളി ഓടി ചെന്നപ്പോഴേക്കും ചോദ്യം വന്നു " എവിടെനിന്നാട  പട്ടി കുട്ടി കരയുന്നത് ?" ഉപ്പ പുറത്തേക്കിറങ്ങി നോക്കി ഒന്നുമറിയാത്തവനെ പ്പോലെ ഞാനും പുറത്തിറങ്ങി അപ്പോഴാണ്‌ പെട്ടിയില്‍  നിന്നും കറുത്ത നിറമുള്ള പട്ടികുട്ടി ചാടി ഇറങ്ങിയതും....

പോലീസ്കാരന്‍റെ മുന്നില്‍ പെട്ട കള്ളനെ പോലെ ഞാന്‍ ഒന്നുമറിയാത്ത ഭാവേന തലയും താഴ്ത്തി നില്‍പ്പാണ്. ഒരു കാര്യം  ഗെറ്റ് ഔട്ട്‌  ഉറപ്പായി ഒന്നുകില്‍ എനിക്ക് അല്ലെങ്കില്‍ പാവം പട്ടികുട്ടിക്ക്. "നിനക്ക് എവിടെ നിന്നും കിട്ടി ഇതിനെ ?" "ത പ ക ..ഞാന്‍ തപ്പി തടയുകയായിരുന്നു എന്തുത്തരം പറയും പെട്ടെന്നാണ് എന്നെ തനിച്ചാക്കി മുങ്ങിയ ശ്യാമിനെ ഓര്‍മ്മ വന്നത് . ഞൊടിയിടയില്‍ ഉത്തരം " ശ്യാമിന്റെ വീട്ടില്‍ നിന്നും കൊണ്ട് വന്നതാ ". എന്തോ കുറച്ചു നേരം പട്ടികുട്ടിയെ നോക്കി നിന്ന ഉപ്പ അതിന്‍റെ ഓമനത്തം തോന്നുന്ന മുഖം കണ്ടാണോ എന്നറിയില്ല " നീ ഇതിനെ എവിടെ ഇട്ടു വളര്‍ത്തും ?" ഉത്തരം മുട്ടുന്ന ചോദ്യമാണ് ..ഞാനും ചോദിച്ചു അതെ ചോദ്യം  മറ്റാരോടുമല്ല എന്നോടു തന്നെ " എവിടെ ഇട്ടു വളര്‍ത്തും? " ഒരു പിടിയുമില്ല.

ഈ പ്രാവശ്യം ഉത്തരം പറഞ്ഞത് ഉപ്പ തന്നെയാണ് " തല്ക്കാലം മഴയൊന്നും ഏല്‍ക്കാത്തിടത്ത് കൊണ്ട് പോയി വെക്ക്" ഇത് കേട്ടതും ഞാന്‍ എന്നെ ഒന്ന് നുള്ളി നോക്കി അല്ല സ്വപ്നമൊന്നുമല്ല യാഥാര്‍ത്ഥ്യം തന്നെ. "ഹാവൂ സമാധാനമായി". ആലോചിച്ച് ആലോചിച്ച് ഒരു പേരും ഇട്ടു "ബ്ലാക്കി" എന്തുകൊണ്ടും യോജിച്ച പേരായിരുന്നു കാരണം പട്ടി കുട്ടിക്ക് പൂര്‍ണ്ണമായും കറുപ്പ് നിറമായിരുന്നു .

ശ്യാം പറഞ്ഞ കാര്യം ഓര്‍മ്മയുണ്ട് പട്ടി കുട്ടിയുടെ തന്തയും, തള്ളയും നല്ല തറവാട്ടില്‍ പിറനതും പോരാത്തതിന് ഉയര്‍ന്ന ജാതിയുമാണെന്ന് (അല്‍സേഷ്യന്‍) അതുകൊണ്ട് തന്നെ നല്ല ഭക്ഷണവും പിന്നെ സൌന്ദര്യം കൂട്ടാനുള്ള സോപ്പ് , പൌഡര്‍ ഇതൊക്കെ സംഘടിപ്പിക്കണം ജിജോ ഫാര്‍മ്മയിലെ ( മെഡിക്കല്‍ ഷോപ്പ് ) വത്സേട്ടനോടു കാര്യം ബോധിപ്പിച്ച് എല്ലാം വാങ്ങി. അങ്ങിനെ രാജകീയ പ്രൌഡിയില്‍  തന്നെ വളര്‍ത്തി. കയ്യ് വളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കി നന്നായി വളര്‍ത്തി.


പക്ഷെ വളര്‍ന്നു വരുന്തോറും പട്ടിക്ക് പൂച്ചയുടെ സ്വഭാവം വരുന്നുണ്ടോ എന്നൊരു സംശയം പോരാത്തതിന് തന്തയുടെയും തള്ളയുടെയും രൂപമോ ഷൌര്യമോ കാണാനില്ല. അപരിചിതര്‍ വന്നാല്‍ കക്ഷി എവിടെ ഓടി ഒളിക്കണമെന്നു നോക്കും. പോരാത്തതിന് എനിക്കും തന്നു ഒരു ഗംഭീര പണി.

ഒരു ദിവസം എന്‍റെ ചങ്ങാതിയുടെ സഹോദരിയുടെ കല്യാണത്തിന്‍റെ തലേദിവസത്തെ പരിപാടി കഴിഞ്ഞ് വരാന്‍ അല്‍പ്പം വൈകി. ഉപ്പ എനിക്ക് തന്ന സമയപരിധി രാത്രി ഒമ്പത് മണി വരെ ആയിരുന്നു ഞാനാണെങ്കില്‍ ലേറ്റ്..... ലേറ്റ് എന്ന് വെച്ചാല്‍ ഒന്നര മണിക്കൂര്‍.

വലിയ ശബ്ദമൊന്നും ഉണ്ടാക്കാതെ  പതുക്കെ ഗേറ്റ് തുറന്നു. പുറത്തെ ലൈറ്റൊക്കെ ഓഫ്‌ ചെയ്തിരുന്നത് കൊണ്ട്  തന്നെ മുറ്റം മുഴുവന്‍ ഇരുട്ടായിരുന്നു ശബ്ദമുണ്ടാക്കാതെ  ഉമ്മാമ കിടയ്ക്കുന്ന ജനലിന് മുട്ടാനായിരുന്നു പരിപാടി. ഇത് തന്നെ ആയിരുന്നു മിക്ക ദിവസങ്ങളിലും ലെറ്റ് ആയാല്‍ എന്‍റെ പരിപാടി. അങ്ങിനെ ജനലും ലക്ഷ്യമാക്കി ഞാന്‍ നീങ്ങുമ്പോള്‍ ആയിരുന്നു "ബ്ലാക്കി" യുടെ കൂട് തുറന്ന് കിടക്കുന്നത് കണ്ടത്. കൂടിനടുത്തെത്തി എന്‍റെ കാലു കൊണ്ട് വാതില്‍ അടയ്ക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഇതുവരെ കേള്‍ക്കാത്ത വിധത്തില്‍ ഉള്ള "ബ്ലാക്കി" യുടെ അലര്‍ച്ച കേട്ടത്.

പൂച്ചയുടെ സ്വഭാവമുള്ള പട്ടി പിന്നെ എങ്ങിനെ പേടിച്ച് അലറാതിരിക്കും. സത്യത്തില്‍ ഞാനും അലറിപ്പോയോ എന്നൊരു സംശയം തോന്നിയത് വീടിനു പുറത്തെ മൊത്തം ലൈറ്റ് തെളിഞ്ഞപ്പോഴായിരുന്നു. കൂട്ടത്തില്‍ അയലത്തെ വീട്ടിലെ ലൈറ്റും തെളിഞ്ഞു ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നില്‍ക്കുകയാണ്. എന്‍റെ വീട്ടിലെ മൊത്തം അംഗങ്ങള്‍ പുറത്തെത്തിയിരുന്നു കൂടെ ഉപ്പയും.. പോരെ പൂരം...

മനസ്സില്‍ എന്നെ കയ്യോടെ പിടി കൊടുത്ത "ബ്ലാക്കിയെ" തെറി പറഞ്ഞ് കൊണ്ടായിരുന്നു അന്ന് ഞാന്‍ കിടന്നുറങ്ങിയത് . പിറ്റേന്ന് കാലത്ത് എഴുന്നേറ്റപ്പോള്‍ "ബ്ലാക്കിയുടെ" കൂട് കാലി....ഒരു കുറെ വിളിച്ചു നോക്കി. നോരക്ഷ .ആളെ കാണാനില്ല അപ്പോഴാണ്‌ ഉമ്മാമയുടെ ശബ്ദം " എടാ ഇന്ന് രാവിലെ അതിനെ കയറ്റി അയച്ചു" എനിക്കൊന്നും മനസ്സിലായില്ല " കയറ്റി അയക്കുകയോ" അതിന് "ബ്ലാക്കി" എന്താ export ക്വാളിറ്റിയില്‍ പെട്ട സാധനമാണോ? എന്‍റെ അന്തം വിട്ടുള്ള നില്‍പ്പ് കണ്ടിട്ടാണോ എന്നറിയില്ല ഉമ്മാമ വിശദീകരണം തന്നു. " ഇന്ന് രാവിലെ കടപ്പ (നിലത്തു പതിക്കുന്ന ഒരു തരാം ടൈല്‍) കൊണ്ടുവന്ന ലോറിയില്‍ നിന്‍റെ ജെഷ്ട്ടന്‍ ആന്ദ്രയിലേക്ക് കയറ്റി വിട്ടു" മനസ്സില്‍ സത്യത്തില്‍ സങ്കടം തോന്നി കാരണം ആള്‍ക്ക്  പൂച്ച യുടെ സ്വഭാവമാണെങ്കിലും രാജകീയ പ്രൌഡിയോടെ വളര്‍ത്തിയതല്ലേ ...അല്‍പ്പം ആശ്വസിച്ചു പട്ടികള്‍ക്ക് ഭാഷാ പ്രശ്നമൊന്നും ഉണ്ടാവില്ലലോ. അതുകൊണ്ട് ആന്ദ്രയിലും "ബ്ലാക്കിക്ക്" ജീവിക്കാം പക്ഷെ രാജകീയത കിട്ടില്ലെന്ന്   മാത്രം

No comments:

Post a Comment

Related Posts Plugin for WordPress, Blogger...