Monday, February 7, 2011

ദൈവം വെറുക്കുന്ന' ദൈവത്തിന്‍റെ സ്വന്തം നാട് '

സാക്ഷര കേരളത്തെ കരയിപ്പിക്കുന്ന വാര്‍ത്തയായിരുന്നു ഇന്നലെ ലോകം മുഴുവനുമുള്ള മലയാളികള്‍ ശ്രവിച്ചത്. കേള്‍ക്കാന്‍ ഇഷ്ട്ടപെടാത്ത ആ വാര്‍ത്ത കേട്ട് മലയാളികളും അതിലേറെ വാര്‍ത്ത കേട്ട മലയാളികളെല്ലാത്തവരും ഒന്നടങ്കം ഒരു തരം മൂകതയിലായിരുന്നു. ദൈവത്തിന്‍റെ സ്വന്തം നാടെന്നു നാം മലയാളികള്‍ ഉറക്കെ പറഞ്ഞു നടക്കുന്ന ആ വര്‍ണ്ണന വേണോ ഇനി  നമ്മുടെ ഈ കേരളത്തിന്‌ ?

പിശാചുക്കളുടെ നാടായി മാറിയിരിക്കുകയാണ് നമ്മുടെ കേരളം എവിടെ നോക്കിയാലും സ്ത്രീപീഡനവും, മാനഭംഗവും, പെണ്‍വാണിഭവും. മുക്കിലും മൂലയിലും ബസ്സിലും ട്രെയിനിലും എന്നുവേണ്ട വിമാനത്തില്‍ പോലും സ്ത്രീ പീഡനവും മാനഭംഗവും നടക്കുന്നു. വാര്‍ത്തകള്‍ വെറും വാര്‍ത്തകളായി മാറുന്നു. അഭിമാനത്തോടെ, സന്തോഷത്തോടെ ഞാന്‍ ഒരു കേരളീയനാണ് ഞാന്‍ ഒരു മലയാളിയാണെന്ന് പറയുവാന്‍ തോന്നാത്ത വിധം തല താഴ്ത്തെണ്ടിയിരിക്കുന്നു.

നമ്മുടെ സഹോദരിമാര്‍ക്ക് നമ്മുടെ അമ്മമാര്‍ക്ക് തനിച്ചും അല്ലാതെയും വഴി നടക്കാനാവാത്ത വിധം നമ്മുടെ കേരളം ഇത്ര കണ്ട് മാറിയോ ? ഹോട്ടല്‍ മൂത്രപ്പുരയില്‍, കാമ്പസ്സില്‍, ജോലിസ്ഥലങ്ങളില്‍ കാമറ കണ്ണുകള്‍ അവളെ വേട്ടയാടുന്നു കാമ കണ്ണുകള്‍ അവളെ പിന്തുടരുന്നു എന്തിനും ഏതിനും പ്രതികരിക്കുന്ന നാം മലയാളികള്‍ സൌമ്യ എന്ന കൊച്ചു സഹോദരിയെ ക്രൂരനായ ഞരമ്പ്‌ രോഗിയില്‍ നിന്നും രക്ഷിക്കാന്‍ മുതിര്‍ന്നില്ല ? ട്രെയ്നില്‍ നിന്നും രണ്ടു പേര്‍ വീഴുന്നതും അതില്‍ ഒരു പെണ്‍കുട്ടി ഉണ്ടെന്നറിഞ്ഞിട്ടും എന്തെ അപായ ചങ്ങല വലിച്ചില്ല ? പത്രത്തില്‍ നിന്നും വായിച്ചറിഞ്ഞത് യാത്രക്കാരില്‍ ഒരാള്‍ ചങ്ങല വലിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ വേണ്ട അവള്‍ ചത്ത് പോകുകയോന്നുമില്ല എന്ന് പറയാന്‍ മാത്രം അധ : പതിച്ചുപോയോ നാം മലയാളികള്‍ ?

ഈ കൊച്ചു സഹോദരിയുടെ സ്വപ്നങ്ങളും അവളുടെ മതാപിതാക്കളുടെ ആഗ്രഹങ്ങളും അവരുടെ സ്വപ്നങ്ങളും ചുട്ടു കരിച്ചത് നമ്മള്‍ മലയാളികള്‍ തന്നെ അല്ലെ ? മറ്റുള്ളവരുടെ വിഷമങ്ങളും പ്രശ്നങ്ങളും നമ്മില്‍ പലര്‍ക്കും ഈ അതിവേഗ യുഗത്തില്‍ നോക്കാന്‍ സമയമില്ല. നാം നമ്മുടെ കാര്യങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തുന്നു പഴയ കാലഘട്ടത്തില്‍ നിന്നും നാം ഒരു പാട് മുന്നേറി സ്വന്തം അയല്‍ക്കാരന്‍റെ പേര് പോലും അറിയാത്ത വിധം നമ്മള്‍ നമ്മുടെ മനസ്സിനെ ചുരുക്കിയിരിക്കുന്നു.

അയല്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് രാത്രി കാലങ്ങളില്‍ പോലും യാത്ര ചെയ്യുന്നു. നമ്മുടെ സാക്ഷര കേരളത്തില്‍ പകല്‍ പോലും സ്ത്രീ സുരക്ഷിതയല്ല. പിഞ്ചു കുട്ടികള്‍ക്ക് പോലും പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത വിധം നമ്മുടെ കേരളം മാറിയിരിക്കുന്നു.  സ്കൂളില്‍ പോയി വരുന്ന പെണ്‍ മക്കളെ  വേവലാതിയോടെ കാത്തു നില്‍ക്കുന അമ്മമാരുടെ നാടായി നമ്മുടെ നാട് മാറിയിരിക്കുന്നു. കാണാതാവുന്ന കുട്ടികളുടെ എണ്ണം ദിനേന എന്നോണം വര്‍ദ്ധിച്ച്‌ വരുന്നു. മൃഗത്തിന്‍റെ സ്വഭാവവും മനുഷ്യന്‍റെ രൂപവുമണിഞ്ഞ ഇത്തരക്കാരില്‍ നിന്നും നമ്മുടെ സഹോദരിമാരെയും, നമ്മുടെ അമ്മമാരെയും രക്ഷിക്കുവാന്‍  നമുക്ക് ബാധ്യതയില്ലേ ?

നമ്മുടെ സര്‍ക്കാരുകള്‍ സ്ഥിരം ശൈലിയില്‍ നടപടി എടുക്കുമെന്നും സാമ്പത്തിക സഹായം ചെയ്യുമെന്നും പ്രഖ്യാപിക്കുന്നു. പല കാലങ്ങളിലായി ആവശ്യപ്പെടുന്ന അല്ലെങ്കില്‍ ശുപാര്‍ശകള്‍ ച്യ്തുവരുന്ന കാര്യങ്ങള്‍ മുഖ വിലക്കെടുക്കാതെ രോഗം വന്നതിനു ശേഷം ചികിത്സ എന്ന രീതി മാറേണ്ടിയിരിക്കുന്നു. ഇനി  ഒരു സൌമ്യക്കും ഈ ഗതി വരാത്ത രീതിയിലുള്ള പരിഹാരമാണ് വേണ്ടത് അതിനു മുന്‍പന്തിയില്‍ ഉണ്ടാവേണ്ടത് നമ്മള്‍, നാം തന്നെ ആയിരിക്കണം.
 
സ്വപ്നങ്ങളുടെ ലോകത്തുനിന്നും ഞങ്ങളെ വിട്ടു പിരിഞ്ഞ കൊച്ചു സഹോദരിക്ക് ഒരായിരം റോസാപ്പൂക്കള്‍ അര്‍പ്പിച്ചുകൊണ്ട് ഈ ബ്ലോഗ്‌ സൌമ്യക്കായി സമര്‍പ്പിക്കുന്നു
Related Posts Plugin for WordPress, Blogger...