Tuesday, June 7, 2011

മയ്യഴി പുഴയുടെ ദു:ഖം

ഞാന്‍ മയ്യഴി പുഴ എന്നെ അറിയാത്തവര്‍ ചുരുക്കം എം. മുകുന്ദേട്ടന്‍റെ മയ്യഴിപുഴയുടെ തീരങ്ങളിലൂടെ എന്‍റെ പ്രശസ്തി ലോകം മുഴുവനും അറിയപ്പെട്ടു പോരാത്തതിന് മാഹിയുടെ ചരിത്രവും ഭൂപ്രകൃതിയും എന്‍റെ പേരിന് തിളക്കം കൂട്ടി. ഒട്ടനവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിട്ടുണ്ട് മൂപ്പന്‍സായിവിന്‍റെ ബംഗ്ലാവും, പഴയ മാഹി കോളേജും  (ഇന്നത്തെ മാഹി ജവഹര്‍ലാല്‍ നെഹ്‌റു ഹയര്‍ സെക്കണ്ടറി സ്കൂള്‍ )  ടാഗോര്‍ പാര്‍ക്കും എന്നെ ഒരുപാടു സ്നേഹിച്ചിരുന്നു.തിരിച്ചു ഞാനും അവരെ സ്നേഹിക്കുകയും ചെയ്തിരുന്നു. പഴയ കാലം  കോളേജിലെ പല പ്രണയ മുഹൂര്‍ത്തങ്ങള്‍ക്കും ഞാന്‍ സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് ഇന്നും ആ രംഗങ്ങള്‍ എന്‍റെ മനസ്സില്‍ ചില  ജീവനുള്ള നിമിഷങ്ങള്‍ സമ്മാനിക്കുന്നു  .  ഫ്രഞ്ച് അധിനിവേശത്തില്‍  വെള്ളപട്ടാളങ്ങളുടെ ബൂട്ടിന്‍റെ ശബ്ദം  ഇന്നും എന്‍റെ മനസ്സില്‍ മായാതെ മരവിച്ചു കിടക്കുന്നു.
ഇന്ന് ഞാന്‍ തീര്‍ത്തും ഒറ്റപെട്ടു. എന്‍റെ പഴയ കൂട്ടുകാരുടെ മുഖം ആകെ കൂടി വികൃതമായിരിക്കുന്നു. ടാഗോര്‍ പാര്‍ക്കിലെ,  എന്നെ നോക്കി മാടി വിളിച്ചിരുന്ന ചവോക്ക് മരങ്ങള്‍ കാണാനില്ല. പ്രൌടിയോടെ തലയുയര്‍ത്തി നിന്നിരുന്ന ആ പഴയ കോളേജിന് അതിന്‍റെ   സൌന്ദര്യവും പ്രൌഡിയും നഷ്ട്ടപെട്ടു പോയി. തീരത്ത് വരുന്നവരുടെ അടക്കം പറച്ചിലില്‍ പറിച്ചു നടപ്പെട്ട മാഹി കോളേജ് ഇന്ന് മരണത്തിന്‍റെ വക്കിലാണെന്നും അറിയാന്‍ കഴിഞ്ഞു. മയ്യഴി ഗാന്ധി എന്നറിയപെട്ടിരുന്ന ഐ. കെ. കുമാരന്‍ മാസ്റ്ററെ പോലെയുള്ള ഒട്ടേറെ സമര നായകരെ കണ്ടിരുന്ന ഈ ഞാന്‍ ഇപ്പോള്‍ ആരെയും കാണുന്നില്ല വികസനത്തിന്‍റെ പേരില്‍   നശിച്ചു പോകുന്ന മയ്യഴിയുടെ രക്ഷയ്ക്ക് ആരുമില്ലല്ലോ എന്ന പരിഭവം എന്നെ തീര്‍ത്തും വിഷമിപ്പിക്കുന്നു.
     
വൈകുന്നേരങ്ങളില്‍ എന്‍റെ തീരത്ത് ചൂണ്ടയുമായി വന്ന് എന്നോടു കുശലം പറഞ്ഞിരുന്നവര്‍ ഇന്നെവിടെയാണ് ? സന്ധ്യ മയങ്ങുമ്പോള്‍ എന്‍റെ തീരത്തിരുന്നു അസ്തമയ സൂര്യനെ നോക്കി ആസ്വദിക്കാന്‍ ഇന്നെനിക്കു തീരങ്ങളില്ല. മതിലുകള്‍ കെട്ടി പൊക്കി എന്നെ എല്ലാവരില്‍ നിന്നും വേര്‍തിരിച്ചു. പുഴയോര. നടപ്പാത എന്ന് പേരിട്ട് എന്‍റെ ടാഗോര്‍ പാര്‍ക്കിനെ വികൃതമാക്കി. അറവുശാലയിലെ അവശിഷ്ടങ്ങളും, മദ്യ ഷാപ്പുകളിലെ അവശിഷ്ട്ടങ്ങളും എന്നെ ഇന്ന് ഒരു രോഗിയാക്കി. മദ്യ ഷാപ്പുകളിലെ കലപില ശബ്ദങ്ങള്‍ എന്‍റെ ഒഴുക്കിന്‍റെ താളം തെറ്റിച്ചിരിക്കുന്നു. എന്നില്‍ കാലങ്ങളായി അടിഞ്ഞുകിടക്കുന്ന മദ്യത്തിന്‍റെ രൂക്ഷ ഗന്ധം എനിക്ക് തന്നെ അറപ്പുളവാക്കുന്നു.

രാത്രിയുടെ നിശബ്ദതയില്‍ ആരോടും പരിഭവം പറയാനില്ലാതെ ഞാന്‍ എന്‍റെ ദു:ഖം കരഞ്ഞു തീര്‍ക്കുകയാണ്. കാരണം എന്‍റെ പ്രശ്നങ്ങള്‍ എന്‍റെ മാത്രം പ്രശന്മായി കിടക്കുകയാണല്ലോ? എന്നെ സ്നേഹിച്ചിരുന്നവരെ എനിക്ക് നഷ്ട്ടപെട്ടു കഴിഞ്ഞു. മയ്യഴിയില്‍ മുഴങ്ങുന്ന മരണ മണികളില്‍ ഒരു പക്ഷെ എന്‍റെ മരണ മണിയും കാത്തിരിക്കാനാവും എന്‍റെയും വിധി.

എന്‍റെ രക്ഷ്യക്കായി അങ്ങിങ്ങ് ചില ഒറ്റപെട്ട ശബ്ദങ്ങള്‍ മാത്രം. രോഗിയായി കിടക്കുന്ന എന്നെ രക്ഷിക്കാന്‍ ആ ചെറു ശബ്ദങ്ങള്‍ക്കാവുമോ? മുന്‍ കാലങ്ങളില്‍ രാത്രിയെ ഞാന്‍ ഒരു പാട് ഇഷ്ട്ടപെട്ടിരുന്നു. രാത്രി സമയങ്ങളില്‍ നിശബ്ദമായി ഒഴുകി നടക്കാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു.  ഇന്ന് ഞാന്‍ ഇരുട്ടിനെ വെറുക്കുന്നു. ഇരുട്ടിന്‍റെ മറവില്‍ പലരും എന്നെ കൂടുതല്‍ മലിനമാക്കുന്നു. വിഷമയമായ എന്നില്‍ ഊളിയിട്ടു തുള്ളികളിക്കാനും എന്നിലേക്ക്‌ അടുക്കാന്‍ പോലും മീനുകള്‍ക്ക്  പേടി തോന്നാന്‍ മാത്രം ഞാന്‍ മലിനമാക്കപെട്ടു.

മുന്‍ കാലങ്ങളില്‍   ഒഴുകി ഒഴുകി അറബിക്കടലിലേക്ക് എത്തി ചേരുമ്പോള്‍ എന്‍റെ വരവും കാത്തു നിന്ന് എന്നെ മാറോടു ചേര്‍ത്തിരുന്ന കടലമ്മ ഇന്ന്  വെറുപ്പോടെയും വിഷമത്തോടെയുമാണ്‌ എന്നെ സ്വീകരിക്കുന്നത്. 

എനിക്ക് ജാതിയില്ല, മതമില്ല, വര്‍ണ്ണ വിവേചനമില്ല  രാഷ്ട്രീയം എന്നില്‍ ഒട്ടും തന്നെ ഇല്ല. രാഷ്ട്രീയ നേതാക്കളുടെ വീര ഘോര പ്രസംഗങ്ങള്‍ ഒരുപാടു  കേട്ടതാണ് മാറ്റത്തിന്‍റെ മുദ്രാവാക്യങ്ങളും വികസനത്തിന്‍റെ വീരഗാഥകളും ഈയടുത്തും ഞാന്‍ കേട്ടു ഇതൊക്കെയും എന്നെ പ്പോലെ അതല്ലെങ്കില്‍ മാഹി കോളേജിനെ പോലെ ആരുടെയോ മരണത്തിനു വേണ്ടിയുള്ള ഒരുക്കപാടുകളായിരിക്കാം.ഒരു പക്ഷെ എന്‍റെ ഈ കാഴ്ച്ചപാട് മരണം മുന്നില്‍ കാണുന്നവന്‍റെ  ദീന രോദനങ്ങളാവാം. അല്ലെങ്കില്‍ അന്ത്യശ്വാസത്തിന്‍റെ അവസാന വരികളാവാം .

Friday, June 3, 2011

എന്‍റെ എയര്‍ ഇന്ത്യ മഹാന്‍

ഒരു വര്‍ഷത്തിനു ശേഷം നാട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. പതിവ് പോലെ നമ്മുടെ സ്വന്തം ( എന്‍റെ സ്വന്തമല്ല  കേട്ടോ നമ്മുടെ രാജ്യത്തിന്‍റെ സ്വന്തം) വിമാന കമ്പനിയില്‍ തന്നെയായിരുന്നു ഈ പ്രാവശ്യവും ടിക്കറ്റ് എടുത്തിരുന്നത് രാജ്യസ്നേഹം എന്നെല്ലാതെ എന്ത് പറയാന്‍ ? പക്ഷെ പ്രതീക്ഷിച്ചത് പോലെ വീണ്ടും പെട്ട് പോയി. എന്ന് വെച്ചാല്‍ പതിവ് പോലെ നമ്മുടെ എയര്‍ ഇന്ത്യ പറഞ്ഞ ദിവസം പറക്കുമെന്ന് പറഞ്ഞു പറ്റിച്ചു. ട്രാവല്‍ ഏജന്‍സിയില്‍  നിന്നും വിളിച്ചു പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത് ബുക്ക് ചെയ്ത ദിവസം എയര്‍ ഇന്ത്യക്ക് പറക്കാന്‍ മനസീല്ലത്രെ. വേണമെങ്കില്‍, ഒരു ദിവസം നേരത്തെയാക്കാം എന്ന് ട്രാവല്‍ ഏജന്‍സിയില്‍ നിന്നും വീണ്ടും വിളി. അല്ലെങ്കില്‍ രണ്ടു ദിവസം വരെ കാത്തിരിക്കണം പോലും അടുത്ത ദിവസങ്ങളില്‍  പറക്കണോ അതോ പറക്കതിരിക്കണോ എന്ന് എയര്‍ ഇന്ത്യക്ക് തീരുമാനിക്കാന്‍.

കൂടുതല്‍ ഒന്നും  ആലോചിക്കാതെ ഒരു ദിവസമെങ്കില്‍ ഒരു ദിവസം നേരത്തെ യാത്രയാകാമെന്ന് തീരുമാനിച്ചു കൂടെ വീണ്ടും ഏജന്‍സിയിലെ അനിത്തിനോടു ചോദിച്ചു " ഇനിയും വല്ല മാറ്റവും ഉണ്ടാവുമോ?" എന്ന്. പെട്ടെന്നായിരുന്നു മറുപടി എയര്‍ ഇന്ത്യയല്ലേ പറയാന്‍ പറ്റുകയില്ല. കേട്ട പാതി എന്‍റെ രാജ്യസ്നേഹം അങ്ങ്  പതഞ്ഞു പൊങ്ങി ഭാഗ്യം എന്നെല്ലാതെ പതഞ്ഞു പൊങ്ങിയത് എങ്ങും തുളുംബിയില്ല. ഇന്ത്യക്കാരായ നാം നമ്മുടെ എയര്‍ ഇന്ത്യയെ പുച്ച്ചിക്കുന്നോ ?  'മേരാ ഭാരത്‌ മഹാന്‍' ചൊല്ലി പതഞ്ഞു പൊങ്ങിയ മനസ്സിനെ ഒന്ന് തണുപ്പിച്ചു.

അരമണിക്കൂറിനു ശേഷം വീണ്ടും ട്രാവല്‍സില്‍ നിന്നും വിളി വന്നു. ഫോണ്‍ എടുക്കുംബോഴേ മനസ്സില്‍ കരുതി ഇനി എയര്‍ ഇന്ത്യയെ കുറ്റം പറഞ്ഞിട്ടുണ്ടെങ്കില്‍ അവന്‍റെ ചെപ്പികുറ്റി ഞാന്‍  അടിച്ചു പൊട്ടിക്കും. എന്നോടാണോ കളി ? അല്ല പിന്നെ ... നാളേയ്ക്കുള്ള വിമാനത്തില്‍ എന്‍റെ ടിക്കറ്റ് confirm ആയെന്നു പറയാനായിരുന്നു അവന്‍ വിളിച്ചത് . അവന്‍റെ ഭാഗ്യം, എയര്‍  ഇന്ത്യയെ കുറ്റം പറയാതിരുന്നത്. അല്ലെങ്കില്‍.... ങ്ങ്ഹാ..... ഫോണ്‍ കട്ട് ചെയ്തപ്പോഴാണ് ഫ്ലൈറ്റ് നാളെ ആണെന്നുള്ള തിരിച്ചറിവ് വന്നത്. രണ്ടു   ദിവസം കഴിഞ്ഞു പോകേണ്ട ഞാന്‍ ഇതെങ്ങനെ നാളെ പോകും ? ഓഫീസില്‍  നിന്നും ഇന്നലെ മുതലേ ലീവ് എടുത്തിരുന്നു പക്ഷെ വീട്ടില്‍ നിന്നും വിളിച്ചു പറഞ്ഞ സാധനങ്ങള്‍ ? എന്ത് ചെയ്യണമെന്നു പകച്ചു നില്‍ക്കുമ്പോഴാണ് വഹാബിന്‍റെ വരവ് കക്ഷി എന്‍റെ അടുത്ത സുഹൃത്താണ് വാ പൊളിച്ചു നില്‍ക്കുന്ന എന്‍റെ നില്‍പ്പ് കണ്ടിട്ട് എന്നോടു കാര്യം തിരക്കി. കാര്യങ്ങള്‍ പറഞ്ഞതിന് ശേഷം പിന്നെ ഓട്ടമായിരുന്നു കയ്യില്‍ കിട്ടിയതൊക്കെ വാങ്ങി കൂട്ടി മുറിയില്‍ എത്തുമ്പോഴേക്കും നേരം ഇരുട്ടി തുടങ്ങി.  വഴിയില്‍ വഹാബ് എയര്‍ ഇന്ത്യയെ കുറ്റം പറയുന്നുണ്ടായിരുന്നു പക്ഷെ എന്‍റെ സംസാരം എയര്‍ ഇന്ത്യയെ വാനോളം  പുകഴ്ത്തിയായിരുന്നു. മാനത്ത് പറക്കുന്നതിനെ പിന്നെ വാനോളം പുകഴ്ത്തുകയല്ലാതെ മറ്റെന്ത് ചെയ്യാന്‍ ? ഒരുവിധം തല്ലി കെട്ടി പെട്ടി റെഡിയാക്കി വെച്ചു. ഇനി കാലത്ത് എഴുന്നേല്‍ക്കണം രാവിലെ  ഏഴു മണിക്ക് റൂമില്‍ നിന്നും  പുറപ്പെട്ടാലേ പത്തു മണിയാവുമ്പോഴേക്കും ദമ്മാം എയര്‍ പോര്‍ട്ടില്‍ എത്താന്‍ പറ്റുകയുള്ളൂ. കാലത്ത് വരാം എന്ന് പറഞ്ഞ് വഹാബ് യാത്ര ചൊല്ലി.

പറഞ്ഞത് പോലെ കാലത്ത് ഏഴ് മണിക്കുതന്നെ വഹാബും ഞാനും എയര്‍ പോര്‍ട്ടിലേക്ക് തിരിച്ചു. പന്ത്രണ്ടു മണിക്കാണ് എന്‍റെ വിമാന സമയം.  ബോര്‍ഡിംഗ് പാസ്‌ എടുക്കുവാന്‍ നേരം ഒരു എയര്‍ ഇന്ത്യയുടെ സ്റ്റാഫ് എന്നെ സഹായിച്ചു. ആര് പറഞ്ഞു എയര്‍ ഇന്ത്യയുടെ സേവനം വളരെ മോശമാണെന്ന് ? വിമാനത്തിന്‍റെ സമയം ഒന്ന് കൂടി ചോദിച്ച് കാലതാമസമില്ലെന്നു സ്ഥിരീകരിച്ചു.  സത്യത്തില്‍ എന്‍റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി ഏതായാലും സമയത്ത് തന്നെ വരുമല്ലോ ? അടുത്ത ലഡ്ഡു പോട്ടാനാവുംബോഴേക്കും അറിയിപ്പ് വന്നു " ഞാന്‍ പോകാനിരിക്കുന്ന എയര്‍ ഇന്ത്യ വിമാനം രണ്ടു മണിക്കൂര്‍ താമസിച്ചാണ് പുരപ്പെടുകയുള്ളൂ "എന്ന്. എന്‍റെ  അടുത്തു നില്‍ക്കുന്നയാള്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു  അടുത്തു ചെന്നപ്പോഴാണ് അയാളുടെ ദേഷ്യത്തിന്‍റെ കാഠിന്യം മനസ്സിലായത്‌ . കക്ഷിയും എന്‍റെ അതേ വിമാനത്തില്‍ കയറേണ്ടവനാണെന്ന് മനസ്സിലായി. രണ്ടു ദിവസമായി പോലും ഇതേ വിമാനത്തിനായി അയാള്‍ കാത്തിരിപ്പ്‌ തുടങ്ങിയിട്ട്.

സത്യമായും എന്‍റെ മനസ്സും ചെറുതായൊന്നു പാളി ദൈവമേ  ഈ ഞാനും ഇതുപോലെ ഇനിയും കാത്തിരിക്കേണ്ടി വരുമോ? ഇല്ല നമ്മുടെ എയര്‍ ഇന്ത്യ ചതിക്കില്ല  എന്ന് എന്നോടു മനസ്സ് പറയുന്നു. അല്‍പ്പ സമയം മഹാരാജ ലോബിയില്‍ സോഫയില്‍ ചാരി ഇരിക്കുമ്പോള്‍ അതാ വരുന്നു അടുത്ത അറിയിപ്പ് " എയര്‍ ഇന്ത്യയുടെ കരിപ്പൂര്‍, കൊച്ചിന്‍ വിമാനം നാല് മണിക്കൂര്‍ വൈകിയേ പുറപ്പെടുകയുള്ളു" വിശ്രമ മുറിയില്‍ നിന്നും പുറത്തിറങ്ങിയ ഞാന്‍ ഒരു എയര്‍ ഇന്ത്യ സ്റ്റാഫിനോട്  കാര്യം തിരക്കി. അദ്ദേഹം വളരെ വിശദീകരിച്ചു പറഞ്ഞു തന്നു പന്ത്രണ്ടു മണിക്ക് വരേണ്ട ഫ്ലൈറ്റ് ഇനി വൈകീട്ട് നാല് മണിക്കേ പുറപ്പെടൂ സമാധാനിപ്പിക്കാനായി കൂടെ, മദ്രാസില്‍ നിന്നും വിമാനം പുറപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. ആര് പറഞ്ഞു എയര്‍ ഇന്ത്യ സര്‍വീസ് മഹാ തല്ലിപ്പൊളിയാണെന്ന് ?  ഹ്ഹോ സമാധാനമായി മദ്രാസില്‍ നിന്നും പുറപ്പെട്ടല്ലോ? മുന്‍പ് പൊട്ടാതെ കിടന്ന മറ്റേ ലഡുവും പൊട്ടി. എന്തായാലും രണ്ടു ദിവസം കൂടി കാത്തു നില്‍ക്കേണ്ടി വരില്ല ആശ്വാസം.

തിരിച്ച് വിശ്രമ മുറിയില്‍ കയറിയ ഞാന്‍ ജ്യൂസും, കാപ്പിയും കുടിച്ച് (വെറുതെ കിട്ടുന്നതാണല്ലോ) നേരം കളഞ്ഞു. എനിക്ക് ശേഷം വന്നവരൊക്കെ എന്നെ അവിടം വിട്ടു പോയിരിക്കുന്നു.ഞാനും പിന്നെ മറ്റു രണ്ടു പേരും മാത്രമാണ് ഇനി പോകാനുള്ളത് അതിനിടയില്‍ രണ്ടു പ്രാവശ്യം നാട്ടില്‍ വിളിച്ച് എയര്‍ ഇന്ത്യയുടെ അതേ അറിയിപ്പ് അവരെയും അറിയിച്ചിരുന്നു. കാരണം എന്നെ വരവേല്‍ക്കാന്‍ തയ്യാറായി എന്‍റെ കുടുംബം എയര്‍ പോര്‍ട്ടില്‍ എത്തുമെന്നറിയിച്ചിരുന്നു.

മൂന്നു മണി ആയപ്പോഴേക്കും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ആ അറിയിപ്പ് വീണ്ടും വന്നു " എയര്‍ ഇന്ത്യയുടെ കരിപ്പൂര്‍, കൊച്ചിന്‍ വിമാനം അഞ്ചു  മണിക്കൂര്‍ വൈകിയേ പുറപ്പെടുകയുള്ളു" ദൈവമേ ഇതൊന്തൊരു കാത്തിരിപ്പ്‌ ? ഒരു മണിക്കൂറും കൂടി നീണ്ടു.  അടുത്തിരിക്കുന്നവന്‍റെ മുഖ ഭാവം സത്യത്തില്‍ എന്നെ തന്നെ ഭയപ്പെടുത്തിയോ എന്നൊരു സംശയം ഇല്ലാതില്ല. അത്രയ്ക്ക് ഭീകര രൂപം പ്രാപിച്ചിരുന്നു. എനിക്കറിയാം അയാളുടെ മനസ്സില്‍ എന്തായിരിക്കും ഇപ്പോള്‍ ആലോചിക്കുന്നതെന്ന് - ഈ എയര്‍ ഇന്ത്യയെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ കത്തിച്ചു കരിച്ചുകളയും എന്നായിരിക്കും. സത്യമായും എന്‍റെ മനസ്സില്‍ ഒന്നും ഇല്ല കേട്ടോ. മേരാ എയര്‍ ഇന്ത്യ മഹാന്‍, മേരാ ഭാരത്‌ മഹാന്‍. ഈ രാജ്യ സ്നേഹം അത് വിട്ടുള്ള ഒരു കളിക്കും ഞാനില്ല. അതാണല്ലോ, ഞാന്‍ ഈ എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുക്കുവാന്‍ തന്നെ കാരണം.

പതിയെ ഞാന്‍ എന്‍റെ കൂടെയുള്ള അടുത്ത സഹയാത്രികനെ മെല്ലെ ഒന്ന് നോക്കി. വളരെ ദയനീയമായിരുന്നു ആ മുഖം. ഇനി പുറത്തിറങ്ങിയാല്‍ മറ്റുള്ള യാത്രക്കാരുടെ ഭാവം എന്തായിരിക്കുമോ ആവോ ? കീശയില്‍ നിന്നും ഫോണെടുത്ത് എയര്‍ ഇന്ത്യയുടെ ഇപ്പോള്‍ കിട്ടിയ അറിയിപ്പ് ഇനി അതേ പടി  നാട്ടിലും അറിയിക്കണം . പ്രിയതമയെ വിളിച്ച് കാര്യം ബോധിപ്പിച്ചു. അങ്ങേ തലക്കില്‍ നിന്നും എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുത്തതിനു എന്നെ പഴി പറയുകയായിരുന്നു . എന്‍റെ പ്രിയതമയ്ക്ക് എന്തറിയാം എന്‍റെ രാജ്യ സ്നേഹത്തെ പറ്റി ? ഇനി ഒരറിയിപ്പും വരല്ലേ എന്നായിരുന്നു എന്‍റെ പ്രാര്‍ത്ഥന കാരണം കാത്തിരിപ്പിന്‍റെ എല്ലാ സുഖവും ഈ കുറഞ്ഞ മണിക്കൂറില്‍ തന്നെ  ഞാന്‍ അറിഞ്ഞു കഴിഞ്ഞിരുന്നു.

ആശിച്ചത് പോലെ അടുത്ത അറിയിപ്പ് വന്നത് കേള്‍ക്കാന്‍ തന്നെ ഇമ്പമുള്ളതായിരുന്നു.  ആ അറിയിപ്പിന് ഒരു താളവും പിച്ചും ടെമ്പോയൊക്കെ ചേര്‍ന്ന് ഒരു പ്രത്യേക സുഖമുണ്ടായിരുന്നു കേള്‍ക്കാന്‍.  കരിപ്പൂരിലെക്കും, കൊച്ചിയിലെക്കുമുള്ള യാത്രക്കാര്‍ എത്രയും പെട്ടെന്ന് വിമാനത്തിലേക്ക് കയറാനുള്ള അറിയിപ്പായിരുന്നു അത്. കാത്തിരിപ്പിന് വിരാമമിട്ടതിനു എയര്‍ ഇന്ത്യയോടു നന്ദി പറഞ്ഞു കൊണ്ട് വിമാനത്തിലേക്ക് പ്രവേശിച്ചു. തനതു ശൈലിയില്‍ നമ്മുടെ എയര്‍ ഹോസ്റ്റസ് ചേട്ടത്തിമാര്‍ രണ്ടു കയ്യും കൂപ്പി സ്വീകരിച്ചു. ഞങ്ങളുടെ യാത്ര സാധാരണയില്‍ നിന്നും വിഭിന്നമായി ആദ്യം കൊച്ചിയിലേക്കും അത് കഴിഞ്ഞു കരിപ്പൂരിലെക്കുമാണ് ഇത്തവണ യാത്ര. അധികം  താമസിയാതെ തന്നെ നമ്മുടെ രാജ്യത്തിന്‍റെ അഭിമാനമായ എയര്‍ ഇന്ത്യ സൌദിയുടെ ആകാശം തുളച്ചു കൊണ്ട് യാത്ര പുറപ്പെട്ടു.

പതിവ് ശൈലിയില്‍ ആര്‍ഭാടങ്ങള്‍ ഒന്നുമില്ലാത്ത ഭക്ഷണം.വിമാനം കാത്തുനിന്ന ക്ഷീണം കൊണ്ടാണോ എന്നറിയില്ല ഒട്ടു മിക്കവരും സൌദിയിലെ കിട്ടക്കനിയായ മദ്യം ആവോളം നുകരുന്നുണ്ടായിരുന്നു എന്‍റെ തൊട്ടടുത്തിരിക്കുന്നവന്‍റെ വെള്ളമടി കണ്ടപ്പോള്‍ ശരിക്കും ഒരു ജഗതി സിനിമ കാണുന്നത് പോലെ തോന്നി അത്രയ്ക്ക് കെങ്കേമമായിരുന്നു വിദ്വാന്‍റെ കലാപരിപാടി.

ഒന്ന് രണ്ടെണ്ണം അകത്തു ചെന്നപോഴാണ് കക്ഷിക്ക് സംസാരിക്കാനുള്ള ഊര്‍ജ്ജം ലഭിച്ചതെന്നു തോന്നുന്നു എന്‍റെ പേരും നാടും വീടും എല്ലാം വിശദമായി ചോദിച്ചറിഞ്ഞു ഞാന്‍ ഒരു മാഹിക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ കണ്ണിറുക്കി  ഒരുതരം വളിച്ച ചിരി എനിക്ക് നേരെ പ്രയോഗിച്ചു എന്തായാലും ആ ചിരിയുടെ നാനാര്‍ത്ഥം നിമിഷനേരം കൊണ്ടുതന്നെ എനിക്ക് പിടി കിട്ടി കാരണം ഈ ചിരി മുന്പും ഒരുപാട് കണ്ടറി ഞ്ഞവനാണ് ഈ ഞാന്‍. അടുത്തിരിക്കുന്നവന്‍റെ കൂര്‍ക്കം വലിയുടെ താളത്തില്‍ ഞാന്‍ ഒന്ന് മയങ്ങി എഴുന്നേല്‍ക്കുംബോഴേക്കും നെടുമ്പാശേരിയില്‍ നമ്മുടെ എയര്‍ഇന്ത്യ പറന്നിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

നെടുമ്പാശേരിയില്‍ നിലം തോട്ടപ്പോഴേക്കും അറിയിപ്പ് വന്നു ഒരു മണിക്കൂറിനു ശേഷം മാത്രമേ അവിടെ നിന്നും തിരിച്ചു കരിപ്പൂരിലേക്ക് പറക്കുകയുള്ളൂ എന്ന്. യാത്രക്കാരുടെ ക്ഷമ പരീക്ഷണത്തിന്‍റെ അടുത്തഭാഗം. സ്വന്തം നാട്ടില്‍ എത്തിയവന്‍റെ ക്ഷമ പരിശോധിക്കാന്‍ തുനിഞ്ഞ എയര്‍ ഇന്ത്യയെ സത്യത്തില്‍ സമ്മതിക്കാതെ വയ്യ. വിമാനത്തിന്‍റെ ഇന്‍ജിന്‍ ഓഫ്‌ ചെയ്ത് ഡ്രൈവറും കിളികളും പുറത്തിറങ്ങേണ്ട താമസം യാത്രക്കാരുടെ തനി സ്വഭാവം പുറത്തു വന്നു കാരണം എയര്‍ കണ്ടീഷന്‍ ഓഫ്‌ ചെയ്തത്  കാരണം  അസഹനീയ ചൂട് കൊണ്ട്  കൊച്ചു കുട്ടികള്‍ കരയാന്‍ തുടങ്ങിയിരുന്നു.

നിമിഷ നേരങ്ങള്‍ കൊണ്ട് തന്നെ പുറകു വശത്ത് നിന്നും ക്ഷമ നശിച്ചവരുടെ പ്രതികരണം പുറത്തു വന്നു. ക്ലീനിങ്ങിനായി എത്തിയവരെ ആട്ടിയോടിച്ച് എത്രയും പെട്ടെന്ന് അവിടെ നിന്നും പറക്കണമെന്നായിരുന്നു എല്ലാവരുടെയും ആവശ്യം എയര്‍ഇന്ത്യക്കെതിരെ  മുദ്രാവാക്യവുമായി രംഗം ചൂട് പിടിച്ചപ്പോള്‍ വീണ്ടും അറിയിപ്പ് "അര മണിക്കൂറിനുള്ളില്‍ കരിപ്പൂരിലേക്ക് പുറപ്പെടും". എന്ത് ചെയ്യാം എയര്‍ ഇന്ത്യക്ക് തിരിച്ചു സൌദിയിലേക്ക് അവിടെ നിന്നും യാത്രക്കാരെ കയറ്റെണ്ട്തുണ്ട്. സൌദിയിലേക്കുള്ള യാത്രക്കാരെ കയറ്റിയതിനു ശേഷം വീണ്ടും പറക്കുവാന്‍ തുടങ്ങിയപ്പോഴേക്കും എന്‍റെ മനസ്സില്‍ ആര്‍ക്കും ഉണ്ടാവുന്ന ഒരു ചെറിയ സംശയം മാത്രം ബാക്കി .

ഈ വിമാനം മദ്രാസ്സില്‍ നിന്നും പുറപ്പെട്ടു സൌദിയിലെത്തി ഞങ്ങളെയും കൊണ്ട് തിരിച്ചു പറന്നു ഇതാ വീണ്ടും കൊച്ചിയില്‍ നിന്നും പുറപ്പെട്ട് കോഴിക്കോട് വഴി തിരിച്ച് സൌദിയിലേക്ക് (വീണ്ടും ചിലപ്പോള്‍  അപ്പോള്‍ തന്നെ അവിടെ നിന്നും തിരിച്ചും പറക്കുനുണ്ടാവും) . ഡ്രൈവര്‍ക്കും കിളികള്‍ക്കും വിശ്രമം കൊടുത്ത് വിശ്രമമില്ലാതെ പറന്നു നടക്കുന്ന എയര്‍ ഇന്ത്യ തീര്‍ച്ചയായും ഒരു സംഭവം തന്നെ.  "മേരാ എയര്‍ ഇന്ത്യ ഡബിള്‍ മഹാന്‍".

കഷ്ണ്ണം :-  ഞാന്‍ തിരിച്ച് സൌദിയിലേക്ക് വരുമ്പോഴും എയര്‍ ഇന്ത്യ വീണ്ടും എന്നെ പറ്റിച്ചു. പക്ഷെ മണിക്കൂറുകളല്ല എന്നൊരു വിത്യാസം മാത്രം. എന്നെ പറഞ്ഞു പറ്റിച്ചത് കൃത്യമായും ഒരു മുഴുവന്‍ ദിവസമായിരുന്നു . എന്ന് കരുതി എന്‍റെ രാജ്യ സ്നേഹം കുറഞ്ഞിട്ടൊന്നുമില്ല  കേട്ടോ.
Related Posts Plugin for WordPress, Blogger...