Sunday, October 31, 2010

രാജീവ്‌ ഞാന്‍ വിശ്വസിക്കട്ടെ.......................

രാജീവ് ....ഇന്നലെയും ഞാന്‍ ഉറങ്ങുമ്പോള്‍ നീ എന്‍റെ പാതി ഉറക്കത്തില്‍ വന്ന് എന്നോടു സംസാരിച്ചു ഒരു പാടു തമാശകളും പറഞ്ഞു . നീ എപ്പോഴും അങ്ങിനെയാണല്ലോ? ഉറക്കത്തിലെന്നല്ല എല്ലായ്പ്പോഴും നീ അങ്ങിനെയാണല്ലോ. സംസാരിക്കുമ്പോഴൊക്കെ നിന്‍റെ കളിയാക്കലുകള്‍ അന്നൊക്കെ എന്നെ അല്‍പ്പം ദേഷ്യം പിടിപ്പിക്കുമായിരുന്നു. പക്ഷെ രാജീവ് നിന്‍റെ തമാശകളും നിന്‍റെ കളിയാക്കലുകളും ഇനി എന്നാണ് എനിക്ക് കേള്‍ക്കാന്‍ പറ്റുക. അത്രമാത്രം ദൂരെ ഒരു പാടു ദൂരെ എന്നെ തനിച്ചാക്കി പോയില്ലേ. അന്ന് നീ നിന്‍റെ യാത്രയില്‍ എന്നോടു പറഞ്ഞു രണ്ടു ദിവസം കൊണ്ടു മടങ്ങി വരാം എന്ന്. പക്ഷെ ഇന്നും ഞാന്‍ നിന്നെ കാത്തു നില്‍ക്കുന്നു നീ വരില്ലെന്ന് അറിയാമെങ്കിലും,

നിനക്കോര്‍മ്മയുണ്ടോ ഒരു ദിവസം ഞാന്‍ ബൈക്കില്‍ നിന്നും വീണപ്പോള്‍  നിന്നോടു പറഞ്ഞത്  പലപ്പോഴും നീ അത് പറഞ്ഞ് എന്നെ കളിയാക്കുമായിരുന്നു അന്ന് എന്‍റെ ഷര്‍ട്ട് കീറിയപ്പോള്‍ ഞാന്‍ പറഞ്ഞ എന്‍റെ ഷര്‍ട്ടിന്‍റെ ബ്രാന്‍ഡ്‌ നിനക്കിപ്പോഴും ഓര്‍മ്മയിലുണ്ടാവും, ഞാന്‍ അതെ ബ്രാന്‍ഡ്‌ ഇന്നലെ ഒരെണ്ണം വാങ്ങി എനിക്കറിയാം ഇത് കേള്‍ക്കുമ്പോള്‍ നീ ചിരിക്കുന്നുണ്ടാവും അങ്ങിനെയാണല്ലോ നീ. അന്ന് നിനക്ക് വളരെ ഇഷ്ട്ടപെട്ട നമ്മുടെ ഫൈസലിന്‍റെ ബൈക്ക് ഈയടുത്ത് ഞാന്‍ കണ്ടു പക്ഷെ അതില്‍ ഇരിക്കുമ്പോഴുള്ള നിന്‍റെ ആ സ്റ്റൈല്‍ അന്നത് ഒടിക്കുന്നവനില്‍ കണ്ടില്ല. പാച്ചുവും കൊപലാനെന്നും നിന്നെയും ശാമിനെയും വിളിക്കുമ്പോള്‍ നിന്‍റെ ആ മുഖത്തുണ്ടാവുന്ന ഭാവമാറ്റം  ഇന്നും എനിക്ക്  മറക്കാന്‍ പറ്റില്ല.

നിനക്കോര്‍മ്മയുണ്ടോ നീയും അനിലും കൊച്ചിയില്‍ ഉള്ളപ്പോള്‍ ഞാനും മുരളിയും അവിടെ വന്നതും നിന്‍റെ കൂടെ അടിച്ചു പൊളിച്ചതും ചുറ്റി കറങ്ങിയതും എല്ലാം ഇന്നും എന്‍റെ മനസ്സില്‍ മായാതെ കിടക്കുന്നുട്. എത്ര പ്രാവശ്യം നീ നിന്‍റെ ഡ്രൈവിംഗ് മികവ് കാട്ടി  നീ എന്നെ അതിശയിപ്പിച്ചിട്ടുണ്ട് അതെ പോലെ നീ നിന്‍റെ ഡ്രൈവിങ്ങില്‍ തന്നെ എന്നെ അതിശയ്പ്പിച്ച് നിനക്കിഷ്ട്ടപെട്ട കാര്‍ ഓട്ടത്തില്‍ ആരോടും പറയാതെ, രണ്ടു ദിവസം കൊണ്ട് വരാം എന്ന്  എന്നോടു പറഞ്ഞ വാക്ക് പാലിക്കാതെ എവിടെയ്ക്കാണ് രാജീവ് നീ പോയത്.

പക്ഷെ നീ വാക്ക് പാലിച്ചു രണ്ടു ദിവസം കഴിഞ്ഞ് നീ വന്നു. നീ വന്നതല്ല നിന്നെ കൂട്ടികൊണ്ടു വന്നതാണെന്ന് പറയാം ബാബുവും പ്രിയെഷും നിന്നെയും കൂട്ടി കൊയംബത്തൂരില്‍ നിന്നും വരുമ്പോള്‍ ഞാന്‍ ആഗ്രഹിച്ചു നീയല്ല വെള്ള പുതച്ചു വരുന്നതെന്ന്. ഉറക്കമൊഴിച്ച് ഞാനും ശാമും, സനലും, സന്തോഷും കാത്തിരുന്നത് നിന്നെ കാണാന്‍ ആയിരുന്നു. പക്ഷെ രാജീവ് നീ എപ്പോഴും കളിയാക്കാറുള്ള പോലെ എല്ലാവരുയും നീ വീണ്ടും കളിയാക്കി നീ നിന്‍റെ മുഖം മറച്ചു പിടിച്ചു  നിന്‍റെ മുഖം നീ ഞങ്ങളെ  കാണിച്ചില്ല അവസാനമായി നിന്നെ ഒന്ന് കാണുവാന്‍ നിന്നോടു ദേഷ്യത്തോടെ രണ്ടു വഴക്ക് പറയാന്‍  എനിക്ക് തോന്നി പക്ഷെ രാജീവ്‌ നിനക്കറിയാം ഞാന്‍ നിന്നെ വഴക്ക് പറയില്ല എന്ന്.

രാജീവ്‌ ഞാന്‍ വിശ്വസിക്കട്ടെ നീ ആയിരുന്നില്ല അന്ന്  വന്നത്. എനിക്കറിയാം നീ എല്ലാവരെയും സ്നേഹിക്കുന്നവന്‍ ആണെന്ന് നിനക്ക് ശത്രുക്കള്‍ ഉണ്ടാക്കാന്‍ പറ്റില്ല എന്നും  എനിക്കറിയാം അതുകൊണ്ട് രാജീവ്‌ ഞാന്‍ വിശ്വസിക്കട്ടെ നീ വരുമെന്ന്, ഞാന്‍ വിശ്വസിക്കട്ടെ നീ നിന്‍റെ വാക്ക് പാലിക്കുമെന്ന്.

ഈ ബ്ലോഗ്‌ ഞാന്‍ എന്‍റെ പ്രിയ കൂട്ടുകാരന്  സമര്‍പ്പിക്കുന്നു

എന്നെ ആദ്യമായി വരവേറ്റ സൗദി അറേബ്യ.

ഇവിടേയ്ക്ക് (സൗദി അറേബ്യ ) പുറപ്പെടാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ എന്റെ കൂട്ടുകാരൊക്കെ പറയാന്‍ തുടങ്ങിയിരുന്നു എന്തിനാ മോനേ സൌദിയിലേക്ക് പോകുന്നത് എന്ന് അവിടെ നീ നരകിക്കും നിനക്കറിയാമല്ലോ ആ രാജ്യത്തെ ശിക്ഷ അതിനു ഞാന്‍ കുറ്റകൃത്യം ചെയ്യാനോന്നുമാല്ലല്ലോ പോകുന്നത്, ജീവിതം എങ്ങിനെയെങ്കിലും ഒന്ന് പച്ച പിടിപ്പിക്കാമെന്നു കരുതി സൌദിയിലേക്ക് പുറപ്പെട്ടത് ഒരു കുറ്റം ആണോ എന്ന് എന്നോട് തന്നെ രണ്ടുവട്ടം ഞാന്‍ ചോദിച്ചു നോക്കി പക്ഷെ ഉത്തരം ഒന്നേ ഉണ്ടായിരുന്നുള്ളൂ നരകിച്ചാലും കൈയില്‍ കുറച്ചു കാശ് ഉണ്ടാക്കണം അങ്ങിനെ യാത്ര പുറപ്പെടാന്‍ തന്നെ തീരുമാനിച്ചു.

വീട്ടുകാരോടും, നാട്ടുകാരോടും, കൂട്ടുകാരോടും യാത്ര ചോദിച്ചു നേരെ എയര്‍ പോര്‍ട്ടിലേക്ക് വിട്ടു കരഞ്ഞു കലങ്ങിയ വീട്ടുകാരുടെ മുഖം എന്‍റെ ഉള്ളിലെ വികാരങ്ങളെ പുറത്തു ചാടിക്കാന്‍ ശ്രമിച്ചു, പക്ഷെ ആവുന്നത്ര പിടിച്ചു നിന്നു . എയര്‍ പോര്‍ട്ടിലേക്ക് പ്രവേശിക്കാന്‍ നേരത്ത് ചുറ്റുപാടുമൊന്നു വീക്ഷിച്ചു, സമാനമായ രംഗങ്ങള്‍ പല ഭാഗത്തായി ഞാന്‍ കണ്ടു... കരഞ്ഞു കൊണ്ട് ഭര്‍ത്താവിനെ യാത്ര അയക്കുന്ന ഭാര്യയുടെ മുഖം, മകനെ കെട്ടിപിടിച്ചു കരയുന്ന പ്രായമായ അമ്മയുടെ മുഖം, തേങ്ങി കരയുന്ന കൊച്ചുകുട്ടികള്‍, ഈ രംഗങ്ങള്‍ അത്രയും എന്‍റെ വികാരങ്ങളെ വീണ്ടും ഉണര്‍ത്തി. എന്‍റെ കൂടെ യാത്ര അയക്കാന്‍ ആരും ഇല്ലാത്തതു കൊണ്ട് അല്‍പ്പം ആശ്വസിച്ചു അല്ലെങ്കില്‍ അടക്കി വെച്ച എന്‍റെ വിഷമങ്ങള്‍ ഒക്കെയും പുറത്തു ചാടിയേനെ. മറ്റേരു ഭാഗത്തേക്ക് നോക്കിയപ്പോള്‍ സന്തോഷം പ്രകടിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും ചെയുന്ന ഒരു കൂട്ടം. കാരണം മറ്റൊന്നുമല്ല വിദേശത്ത് നിന്നും വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വരുന്നവരെ സ്വീകരിക്കാന്‍ എത്തിയവരുടെ സന്തോഷ പ്രകടനങള്‍ ആയിരുന്നു.

കൂടുതല്‍ ഒന്നും ആലോചിച്ചു നില്‍ക്കാതെ അകത്തേക്ക് കയറി ബോര്‍ഡിംഗ് പാസ് എടുത്തു എന്‍റെ flight നായി കാത്തിരുന്നു. ഏതാണ്ട് രണ്ടു മണിക്കൂറിനു ശേഷം അറിയിപ്പ് വന്നു എനിക്ക് എന്‍റെ ആകാശ യാത്രയ്ക്കുള്ള സമയം ആയെന്നു വിമാന ത്തിലേക്ക് കയറി എന്‍റെ ഇരിപ്പിടം കണ്ടു പിടിച്ചു . സ്വാഗതം ചെയ്യാനും സഹായിക്കാനുമായി uniform അണിഞ്ഞ സുന്ദരികളായ യുവതികള്‍ എല്ലാവരെയും സുന്ദരമായ ചിരിയോടു കൂടി സ്വീകരിക്കുന്നുണ്ടായിരുന്നു. തിരിച്ചു ചിരിക്കാന്‍ സാധിക്കാത്ത വിധം നിസ്സഹായനായിരുന്നു ഞാനുള്‍പ്പടെ പലരും. വീണ്ടും വീണ്ടും വീട്ടുകാരുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും, സ്വന്തം നാടിനെ വിട്ടുപോകുന്ന വിഷമങ്ങളും പതിയെ പതിയെ മനസ്സിനെ കീഴടക്കാന്‍ തുടങ്ങി . ചുറ്റും നോക്കി ആരും കാണാതെ കണ്ണുനീര്‍ തുടച്ചു, കാണുവാന്‍ പോകുന്ന സൗദി രാജ്യത്തെ പറ്റി മാത്രം ആലോചിച്ചു അതിനിടയില്‍ വിമാനം പറന്നുയരാന്‍ തുടങ്ങിയിരുന്നു ഒരിക്കല്‍ കൂടി എന്‍റെ നാടിനെ ജനലില്‍ കൂടി നോക്കി മനസ്സ് കൊണ്ട് യാത്ര പറഞ്ഞു . അല്‍പ്പ സമയത്തിന് ശേഷം ഭക്ഷനങ്ങളുമായി വീണ്ടും uniform അണിഞ്ഞ സുന്ദരികള്‍ ചിരിച്ചു വെച്ച മുഖവുമായി എത്തി പിന്നാലെ രണ്ടു സുന്ദരികള്‍ കൈയില്‍ മദ്യ കുപ്പികളുമായി അകമ്പടി . ചോദിക്കുന്നവര്‍ക്കൊക്കെ മദ്യം ഗ്ലാസില്‍ ഒഴിച്ച് കൊടുക്കുന്നു ചിലര്‍ വീണ്ടും വീണ്ടും ആവശ്യപ്പെടുന്നുണ്ടായിരുന്നു കാരണം സൌദിയില്‍ എത്തിയാല്‍ ഇതൊന്നും കിട്ടില്ലെന്ന് എന്‍റെ അടുത്ത്തിരിക്കുന്നയാല്‍ എന്നോട് പറഞ്ഞു. ഭക്ഷണത്തിന് ശേഷം അല്‍പ്പമൊന്നു കണ്ണടച്ച് മയങ്ങാന്‍ ഒന്ന് ശ്രമിച്ചു നോക്കി പക്ഷെ പരാജയപ്പെട്ടു . ഏതാണ്ട് രാത്രി ഒമ്പത് മണിയായിക്കാണും സ്പീകേറില്‍ കൂടി അറിയിപ്പ് വന്നു അടുത്ത മുപ്പത് മിനിറ്റില്‍ ഞങ്ങളുടെ വിമാനം ദമ്മാമില്‍ ലാന്‍ഡ്‌ ചെയ്യുകയാണെന്ന്, ജനലില്‍ കൂടി ഒന്ന് നോക്കി താഴെ മിന്നി തിളങ്ങുന്ന വെളിച്ചം മാത്രം കാണാം. നല്ല സുന്ദര കാഴ്ച അങ്ങിനെ ചെറിയ ഒരു കുലുക്കതോട് കൂടി ഞങ്ങളുടെ വിമാനം ദമ്മാമില്‍ ലാന്‍ഡ്‌ ചെയ്തു. പുണ്യ നഗരമായ സൌദിയുടെ പുണ്യ വായു ശ്വസിച്ചു വിമാനത്തില്‍ നിന്നും ഇറങ്ങി.

എയര്‍ പോര്‍ട്ടില്‍ കയറിയതും മിക്കവരും ഓടുകയാണ് സംഭവം എന്താണെന്ന് അറിയാതെ പിന്നാലെ ഞാനും ഓടി ഭാഗ്യത്തിന് കൈയില്‍ luggage ഇല്ലാത്തതുകൊണ്ട് നന്നായി ഓടാന്‍ പറ്റി. ഏതാണ്ട് ഓട്ടം തുടര്‍ന്ന് കൊണ്ടേയിരുന്നു ഒരു കൌണ്ടറില്‍ ആയിരുന്നു ഫിനിഷിങ് പോയിന്‍റ് . പിന്നീടാണ്‌ മനസ്സിലായത് ക്യു നില്‍ക്കുവാനുള്ള മത്സരമായിരുന്നു ഇതെന്ന് ഒരുവിധം ക്യുവില്‍ കയറി നിന്നു പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ അത്യാവശ്യം ഓട്ടത്തില്‍ പങ്കെടുത്തത് കൊണ്ട് ക്യുവില്‍ അഞ്ചാം സ്ഥാനം കിട്ടി, പിന്നീടാണ്‌ അറിഞ്ഞത് പുതുതായി സൌദിയില്‍ വരുന്നവര്‍ക്ക് പ്രത്യേക ക്യു ആണെന്ന് . എന്‍റെ അടുത്ത ശ്രമം ആ ക്യു കണ്ടെത്തലായിരുന്നു അവസാനം അതില്‍ എന്‍റെ സ്ഥാനം ഇരുപതിന് മേലെ ആയി. ഓടിയത് മിച്ചം !

കൌണ്ടറില്‍ ഒരു സ്റ്റാഫിനെയും കാണാനില്ല എന്‍റെ ക്യുവടക്കം മൊത്തം 5 ക്യുവുണ്ടായിരുന്നു എല്ലാ ക്യുവിലും നല്ല തിരക്കും ഒമ്പതര മണിക്ക് വിമാനത്തില്‍ നിന്നും ഇറങ്ങിയ ഞങ്ങള്‍ പത്തു മണിയായിട്ടും ഒരേ നില്‍പ്പാണ് കാലുകള്‍ കഴയ്ക്കാന്‍ തുടങ്ങി ഏതാണ്ട് അര മണിക്കൂറിനു ശേഷം നല്ല തടിച്ച ശരീരപ്രകൃതിയുള്ള ഒരാള്‍ വന്നു സീറ്റില്‍ ഒന്നിരുന്നതിതിനു ശേഷം കൌണ്ടറില്‍ നിന്നും പുറത്തേക്കു വന്നു എല്ലാവരെയും ഒന്ന് വീക്ഷിച്ചു കൊണ്ട് സിഗരറ്റ് വലിച്ചു ഊതാന്‍ തുടങ്ങി കൂട്ടത്തില്‍ അറബി ഭാഷയില്‍ എന്തൊക്കെയോ പിറു പിറുക്കുന്നുമുണ്ട്...... അല്പസമയത്തിനു ശേഷം വീണ്ടും അയാള്‍ സീറ്റില്‍ കയറി ഇരുന്നു പതിനഞ്ചു മിനുടിനു ശേഷം ക്യുവില്‍ നിന്നും ഒരാളെ വിളിച്ചു പരിശോധന തുടങ്ങി ..പരിശോധന എന്ന് പറഞ്ഞാല്‍ ഒരു ഒന്നൊന്നര പരിശോധനയാണ് 5 മിനുട്ടെങ്ങിലും എടുത്തുകാനും അതുപോലെ മൂന്നു പേരെ പരിശോധിച്ച് വീണ്ടും പുറത്തേക്കു വന്നു മിക്കവരും ക്യുവില്‍ നിന്നും നിലത്തിരിക്കാന്‍ തുടങ്ങി ചുണ്ടില്‍ സിഗരറ്റുമായി തടിയന്‍ വന്നു ഞാനടക്കമുള്ളവര്‍ നില്‍ക്കുന്ന ക്യുവിനെ വീണ്ടും രണ്ടായി തിരിച്ചു ഇപ്പോള്‍ നില്‍ക്കുന്ന ക്യുവില്‍ നിന്നും മറ്റൊരു ക്യുവിലേക്ക് (പുതിയ).

എനിക്ക് സ്ഥാന കയറ്റം കിട്ടി പത്താം നമ്പര്‍ ചെറിയ ഒരു ആശ്വാസം തടിയന്റെ പരിശോധന വീണ്ടും തുടങ്ങി വളരെ സാവധാനം ഓരോരുത്തരെയായി അടിമുടി പരിശോധിച്ച് അകത്തേക്ക് വിടുന്നു അപ്പോഴാണ് അടുത്ത പരിശോധകന്റെ രംഗ പ്രവേശം നീണ്ടു മെലിഞ്ഞു കറുത്തവന്‍, നേരെ പുറത്തേക്കു വന്നു എല്ലാ ക്യുവിലും ഒരു മിന്നല്‍ പരിശോധന എല്ലാവരും ദയനീയ ഭാവത്തോട് കൂടി അയാളെ നോക്കി നില്‍ക്കുകയാണ്‌ ഉച്ചത്തില്‍ എന്തൊക്കെയോ അയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഞാന്‍ നില്‍ക്കുന്ന ക്യുവില്‍ നില്‍ക്കുന്നവരോട് മറ്റൊരു കൌണ്ടറില്‍ പോയി നില്ക്കാന്‍ അറബി ഭാഷയില്‍ ഉച്ചത്തില്‍ വിളിച്ചു പറയുകയായിരുന്നു വീണ്ടും ഒരു ഓട്ടമത്സരം എന്‍റെ സ്ഥാനം പിറകോട്ടു ഇരുപതിലേക്ക് തന്നെ . സമയം (സൗദി) പതിനൊന്നു മണിയായിക്കാണും അപ്പോഴാണ് ഓര്‍ത്തത് എന്നെയും കാത്തു ജ്യെഷ്ട്ടന്‍ പുറത്തു നില്‍ക്കുന്നുണ്ടാവുമല്ലോ എന്ന് എങ്ങിനെ വിവരം അറിയിക്കും ഒരു രക്ഷയുമില്ല കാത്തിരിക്കുക തന്നെ . സത്യത്തില്‍ ഇന്ത്യക്കാരന്റെയും, പാകിസ്ഥാനിയുടെയും, ബംഗാളിയുടെയും ക്ഷമ ഞാന്‍ ശരിക്കും മനസ്സിലാക്കിയത് അപ്പോഴാണ്‌ . ചിലരൊക്കെ പച്ച മലയാളത്തില്‍ തടിച്ചവനെയും, കറുത്തവനെയും തെറി പറയുന്നുണ്ടായിരുന്നു (സലിം കുമാര്‍, പെരുമഴക്കാലം എന്നാ സിനിമയില്‍ പറഞ്ഞത് പോലെ "സഹൂധിയാണ് നാട് ശരീയത്താണ് കോടതി " )എന്നത് കൊണ്ടാവാം എല്ലാവരും ക്ഷമിച്ചു നില്‍ക്കുന്നത് എന്നാണ് എനിക്ക് തോന്നിയത് . കാലു ശരിക്കും വേദനിക്കാന്‍ തുടങ്ങി ഒരല്‍പം ആശ്വാസത്തിന് തറയില്‍ ഇരുന്നു . പതിയെ പതിയെ ഞാന്‍ നില്‍ക്കുന്ന ക്യു ചലിക്കാന്‍ തുടങ്ങി സമയം പന്ത്രണ്ടു. ഇനി മൂന്നു പേര്‍ കൂടി കഴിഞ്ഞാല്‍ എന്‍റെ ഊഴമാകും മുന്നില്‍ നില്‍ക്കുന്നവനെ വിളിച്ചു കൌണ്ടറില്‍ എത്തിയപ്പോള്‍ അവനെ അവിടെ നിര്‍ത്തി വീണ്ടും തടിയന്‍ അപ്രത്യക്ഷമായി ഇരുപത് മിനിറ്റ് കഴിഞ്ഞു കാണും വീണ്ടും വന്നു പരിശോധന തുടങ്ങി അങ്ങിനെ എന്‍റെ ഊഴം വന്നു തടിയന്റെ മുന്നില്‍ പരിശോധനക്കായി നില്‍ക്കുമ്പോള്‍ എനിക്ക് എന്തൊക്കെയോ അവനോടു പറയണമെന്നുണ്ടായിരുന്നു വീണ്ടും എനിക്ക് ആ വാക്കുകള്‍ ഓര്‍മ്മ വന്നു "സഹൂധിയാണ് നാട് ............." എങ്ങിനെയോ ഒരുവിധം പുറത്ത് കടന്നു സമയം നോക്കി ഒരു മണി കഴിഞ്ഞിരിക്കുന്നു ജ്യെഷ്ട്ടനെ കണ്ടു അപ്പോഴാണ്‌ അറിഞ്ഞത് വളരെ വിഷമത്തോടെ എന്നെ യാത്രയാക്കിയ എന്‍റെ വീട്ടുകാര്‍ ഞാന്‍ സൌദിയില്‍ എത്തിയോ എന്നറിയാതെ ജ്യെഷ്ട്ടന്റെ ഫോണില്‍ വിളിയോട് വിളിയായിരുന്നു എന്ന് . എന്‍റെ ശബ്ദം ഫോണില്‍ കൂടി കേട്ടപ്പോഴാണ് അവര്‍ക്ക് ആശ്വാസമായത്
Related Posts Plugin for WordPress, Blogger...