Tuesday, March 22, 2011

തിരഞ്ഞെടുപ്പ് : എനിക്ക് വോട്ടു ചെയ്യേണ്ട ഫോര്‍മാറ്റ്.......

അഞ്ചു വര്‍ഷത്തിലൊരിക്കല്‍ വരുന്ന ഒരു വലിയ മാമാങ്കത്തിന് തിരി തെളിഞ്ഞിരിക്കുകയാണ് നാടൊട്ടുക്കും ചര്‍ച്ചകളും തര്‍ക്കങ്ങളും എന്നെ തുടങ്ങിയിരിക്കുന്നു അഭിനേതാക്കള്‍ ഒട്ടുമിക്കവരും ഇപ്പോഴും സ്ക്രീനിംഗ് ടെസ്റ്റിനു വിധേയമായിക്കൊണ്ടിരിക്കുന്നു ജഡ്ജസ്സിനു മുന്നില്‍ കഴിവ് തെളിയിച്ചവര്‍ ഇനി രണ്ടാം ഘട്ടത്തിനായി സ്റ്റേജിലേക്ക് കയറുവാനുള്ള തയ്യാറെടുപ്പിലും ആദ്യ സ്ക്രീനിങ്ങില്‍ പുറത്തായവര്‍ക്ക് വേണ്ടി പ്രകടനങ്ങളും പ്രധിഷേധങ്ങളും നടത്തി ജഡ്ജസ്സിനെ കൊണ്ട് ഫലം തിരുത്തി കടന്നു കൂടിയവരും കച്ചകെട്ടി അങ്കത്തിനായി തയ്യാറെടുത്തു കഴിഞ്ഞു.

ഇതൊരു കിടിലന്‍ റിയാലിറ്റി ഷോയുടെ തുടക്കമാണ് കേട്ടോ.  കൂട്ടത്തില്‍ മുന്‍പ് നടന്ന റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത് കപ്പു വാങ്ങിപ്പോയവരും വീണ്ടും വീണ്ടും കഴിവ് തെളിയിക്കാന്‍ വരുന്നു. അല്ലേലും ഇതെന്തു ന്യായം ഇതിനു ഒരു പ്രായവും പരിധിയും വേണ്ടേ ? എം. ജി. അണ്ണനെ  ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ മത്സരിപ്പിക്കുന്നത് പോലെയുള്ള ഏര്‍പ്പാടായിപ്പോയി. യുവാക്കളെ ആര്‍ക്കും വേണ്ടാതായോ ? അതോ നമ്മുടെ യുവാക്കള്‍ക്ക് വംശനാശം സംഭവിച്ചോ? ആരോടു ചോദിക്കാന്‍ അല്ലെ ?

കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്കു വിമാനത്തില്‍ ഈ അടുത്ത കാലത്തായി സീറ്റ് കിട്ടാനില്ലത്രേ  തിരിച്ചും അതെ. തിരക്കോടു തിരക്ക് എന്ത് ചെയ്യാം? ഒരു പാര്‍ട്ടി സീറ്റ് കിട്ടാന്‍ ആദ്യം ഈ വിമാനത്തിലും സീറ്റ് ലഭിക്കണം കാര്യം മുന്‍കൂട്ടി കണ്ടവര്‍ നേരത്തെ അങ്ങോട്ടും ഇങ്ങോട്ടും ഒരുമാസത്തെക്കുള്ള വിമാന സീറ്റ് കീശയിലാക്കി  വെച്ച്  സ്വന്തം സീറ്റ് ശരിയാക്കാനുള്ള നെട്ടോട്ടത്തിലും. തോളില്‍ കയ്യിട്ടു ഒരുമിച്ച് കേന്ദ്രത്തില്‍പ്പോയവര്‍ തിരിച്ച് വരുന്നത് തമ്മില്‍ നോക്കി കണ്ണുരുട്ടിയും.

ഇതിനിടയില്‍ പണ്ടെങ്ങോ പന്തുകളിയിലെ ജേതാക്കളെ നിമിഷനേരം കൊണ്ട് പ്രഖ്യാപിച്ച് ലോക ജനശ്രദ്ധ പിടിച്ചുപറ്റിയ പാവം ഈ ലോക ജനത്തിന്‍റെ തന്നെ കുശുമ്പും കണ്ണേറും കൊണ്ട് മരണമടഞ്ഞ പോള്‍ നീരാളിയെയും ചിലര്‍ തിരഞ്ഞു നടക്കുന്നുണ്ടെന്നാണ് കേള്‍വി. പ്രേതം, ഭൂതം  ശ്ശൊ അല്ല ഭാവി ഭൂതം വര്‍ത്തമാനം എല്ലാം അങ്ങറിഞ്ഞാല്‍ പിന്നെ പരിപാടി ഈസി. ഈ പറഞ്ഞ മത്സരാര്‍ഥികളെയും കാത്തു പോളിന്‍റെ അപരന്‍മ്മാര്‍ രംഗത്ത് ഇറങ്ങിയെന്നാണ് സംസാരം. അതുകൊണ്ട് പ്രിയ മത്സരാര്‍ഥികളെ ജാഗ്രതൈ!
ഇതിനിടയില്‍ സാധാരണ എലിമിനെഷനില്‍ കാണാറുള്ള കണ്ണീര്‍ പൊഴിച്ചില്‍, അങ്കം തുടങ്ങും മുമ്പേ കാണാനും കഴിഞ്ഞു. സീറ്റ് പ്രതീക്ഷിച്ച് നിന്നവളുടെ സീറ്റ്മോഹം ആരോ തല്ലി കേടുത്തിയത്രേ. അതോടൊപ്പം എതിര്‍പാര്‍ട്ടിക്കാര്‍ അവരെ റാഞ്ചി കൊണ്ട് പോവുകയും ചെയ്തു. മറ്റുള്ള പേരെടുത്ത റിയാലിറ്റി ഷോകളില്‍ നിന്നും വളരെ വിത്യസ്തമായ ഷോ യാണ് ഇനി നമ്മള്‍ കാണികള്‍ കാണേണ്ടി  വരിക. ദൈവമേ കരുത്ത് നല്‍കണേ എന്ന് പ്രാര്‍ഥിക്കാം.

ആദ്യ റൌണ്ട് പുഞ്ചിരി മത്സരം : ജീവിതത്തില്‍ ഇന്നേ വരെ പുഞ്ചിരിക്കാത്തവരും ഇപ്പോഴേ കണ്ണാടി ക്ക് മുന്‍പില്‍ നിന്ന് വെറും പുഞ്ചിരിയല്ല നവ രസങ്ങള്‍ തന്നെ പഠിച്ചെടുക്കുവാനുള്ള  തയ്യാറെടുപ്പിലാണ്. പുഞ്ചിരിയുടെ കൂടെ ഒരു കെട്ടിപ്പിടുത്തവും കൂടിയായാല്‍ ബഹുകേമം എന്ന് വെച്ചാല്‍ മാര്‍ക്കില്‍ ഒരു ചെറിയ കയറ്റം പ്രതീക്ഷിക്കാം. പക്ഷെ ഈ പിടുത്തത്തില്‍ എതിര്‍ലിംഗത്തെ കയറി അങ്ങ് പിടിച്ചെക്കരുത് മാര്‍ക്കില്‍ സ്വല്‍പ്പം കുറവും ആരോഗ്യത്തില്‍ അല്‍പ്പം പരിക്കും ആവും ഫലം.

അടുത്ത റൌണ്ട് : ആവുന്നത്ര കളവു പറയുക എന്നതാണ്  ഇതിന് പക്ഷെ മതസരാര്‍ഥികള്‍ക്ക്  വലിയ പരിശീലനമൊന്നും ആവശ്യമില്ല . കാരണം സ്ക്രീനിംഗ് കഴിഞ്ഞ് വരുന്നവര്‍ ഇത്തരക്കാരായിരിക്കുമെന്നു സാരം. ഇനി മുന്‍ മത്സരങ്ങളില്‍ പങ്കെടുത്ത് കഴിവ് തെളിയിച്ചവര്‍ക്ക് ഇതൊക്കെ പുല്ല് ...അല്ല പിന്നെ . കളവു പറയുമ്പോള്‍ കാണികള്‍ വിശ്വസിച്ചു പോകുന്ന രീതിയില്‍ അവതരിപ്പിക്കണം എങ്കില്‍ മാര്‍ക്കില്‍ അല്‍പ്പം കയറ്റം ഉദാ: ഒരിക്കലും അഴിമതി കാണിക്കില്ലെന്ന് ഒറ്റ ശ്വാസത്തില്‍ അങ്ങ് പറയണം അത്ര തന്നെ. എന്ന് വെച്ച് പണ്ടൊരു മതസരാര്‍ഥി പറഞ്ഞത് പോലെ " പാലം പോന്നാക്കുമെന്നെന്നും വിളിച്ചു പറഞ്ഞു പോകരുത് " മറ്റൊന്നും കൊണ്ടല്ല പാവം കാണികള്‍,  ചിലപ്പോള്‍ അവരുടെ ശ്വാസം നിലച്ചു പോകും അറിയാലോ പൊന്നിന്‍റെ  വില ?

അടുത്ത റൊണ്ട് : എതിര്‍ ഗ്രൂപ്പുകാരനെയും പാര്ട്ടിക്കാരനെയും എങ്ങിനെയെങ്കിലും വല്ല ജയിലിലെക്കോ അല്ലെങ്കില്‍ ഹിമാലയത്തിലെക്കോ പറഞ്ഞു വിടുക അതും പറ്റിയില്ലെങ്കില്‍ ഇപ്പോള്‍ പിടിക്കും , ഇപ്പോള്‍ പോലീസ് പിടിക്കും എന്ന് പറഞ്ഞ് ഒന്ന് പേടിപ്പിക്കുക. പണി പറ്റിയാല്‍ എതിരന്‍ വാലും പൊക്കി ഓടും.

അടുത്ത റൊണ്ട് : വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ് കാരണം ഈ കമ്മീഷന്‍ എന്ന് പറയുന്നത് തൂണിലും തുരുമ്പിലും, ഊണിലും. ഉറക്കത്തിലും ഉണടാവും. അതുകൊണ്ട് തന്നെ വളരെ കരുതലോടെ  ആവുന്നത്ര പാവം  പട്ടിണി പാവങ്ങളെ ചാക്കിട്ടു പിടിക്കുക. എന്ന് കരുതി കീറിയ ചാക്കുമായോന്നും പോയേക്കരുത്‌ ചാക്കിലോട്ട് കയറ്റുകയും പാടില്ല . കാരണം കാലാ കാലങ്ങളായി അര്‍ദ്ധ ശ്വാസത്തില്‍ കഴിയുന്നവരാണ് ഈ പാവങ്ങള്‍ അവര്‍ എളുപ്പം ചത്ത്‌ പോകും. ചാക്കിട്ടു പിടുത്തം എന്നത് വല്ല പത്തിന്‍റെയോ, നൂറിന്‍റെയോ നോട്ടു കാട്ടി പാട്ടിലാക്കുക. എന്ന് കരുതി അറിയാതെ അഞ്ഞൂറിന്‍റെയോ, ആയിരത്തിന്‍റെയോ നോട്ട് കാണിക്കരുത് കേട്ടോ വോട്ടിന്‍റെ എണ്ണം കുറയും കാരണം പാവങ്ങളുടെ ബോധം പോകുമെന്ന് സാരം.

അടുത്തത് അവസാന റൌണ്ട് : സ്വന്തം പെട്ടിയില്‍ പരമാവധി വോട്ടു കുത്തി നിറച്ച് ഒരു പരുവമായാല്‍ ഒരു ചെറിയ പടക്കമോ അതുമല്ലെങ്കില്‍ സാധാരണ കാണാറുള്ള വല്ല ബോംബോ പൊട്ടിച്ച് വോട്ടു ചെയ്യാന്‍ വരുന്നവരെ വിരട്ടി ഓടിക്കുക. ഓടിക്കേണ്ടതില്ല പാവങ്ങള്‍ സ്വന്തം ജീവനും കൊണ്ട് ഒടിക്കോളും. ഇത്രയുമായാല്‍ ശുഭം.


തീര്‍ച്ചയായും മിടുക്കുള്ളവന്‍ ജയിച്ചിരിക്കും.  ഇനി ജയിച്ചു കയറിയാല്‍ ഈ പറഞ്ഞ പാവങ്ങളുടെ നാലയലത്ത്‌ പോകരുത് ഒരു വലിയ പരീക്ഷണം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുന്നവരായിരിക്കും അതുകൊണ്ട് ചിലപ്പോള്‍ ദാഹം മാറ്റാന്‍ വെള്ളം ചോദിച്ചെന്നിരിക്കും.

വാല്‍ക്കഷ്ണ്ണം : ഒരു രാഷ്ട്രീയക്കാരനെയും വെറുപ്പിക്കാനോ, വേദനിപ്പിക്കാനോ അല്ല ഈ എഴുത്ത്. അത്കൊണ്ട് ക്വട്ടേഷന്‍ കൊടുത്ത് എന്നെ അങ്ങ് തട്ടിക്കളയരുത്. മറ്റുള്ള പാവങ്ങളുടെ കൂടെ ഈ പാവം ഒന്ന്  ജീവിച്ച് പൊയ്ക്കോട്ടേ.
Related Posts Plugin for WordPress, Blogger...