Tuesday, November 2, 2010

എനിക്ക് കിട്ടാതെ പോയ കായുണ്ട

എന്തോ ആലോചിച്ചു നില്‍ക്കുമ്പോഴായിരുന്നു രാജേട്ടന്‍റെ വിളി വരുന്നത് " ഡാ നിനക്ക് പാല്‍ ചായയാണോ അതോ കട്ടനോ ?" അപ്പോഴാണ്‌ പരിസരബോധം വന്നത്. ഇരിക്കുന്നത് മറ്റെവിടെയുമല്ല എന്ന് ആ വിളിയില്‍ തന്നെ മനസ്സിലായി ഞാന്‍ ഇരിക്കുന്നത് നമ്മുടെ ഗോപാലേട്ടന്‍റെ ചായക്കടയിലാണ്. ഗോപാലേട്ടന്‍റെ ചായക്കട എന്ന് പറഞ്ഞാല്‍ പെട്ടെന്ന് ആര്‍ക്കും മനസ്സിലാവില്ല കായുണ്ട രാജന്‍റെ എന്ന് പറഞ്ഞാല്‍ അത് മാത്രം മതി കൊച്ചു കുട്ടിക്ക് പോലും മനസ്സിലാവും. പുള്ളി ഗോപാലേട്ടന്‍റെ മൂത്ത മകനാണ് പേര് രാജന്‍ ( കായുണ്ട രാജന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത് ) ഭാഗ്യം പുള്ളി ഇപ്പോള്‍ അടുത്തില്ലാത്തത്  അല്ലെങ്കില്‍ എന്റെ ചെവികുറ്റിക്ക് പിടിച്ചേനെ കായുണ്ട എന്ന അപരനാമം ഞങ്ങള്‍ നാട്ടുകാര്‍ സ്നേഹത്തോടെ ചാര്‍ത്തികൊടുത്തതാണ്.

ഞങ്ങള്‍ കുറച്ചു പേരുണ്ട് കടയില്‍ സാധാരണ പോലെ വൈകുന്നേരത്തെ ക്രിക്കറ്റ് കളിയും കഴിഞ്ഞ് തോറ്റ ടീമില്‍ നിന്നും ഓസിനു ചായ കുടിക്കാന്‍ കയറിയതായിരുന്നു ആവി പറക്കുന്ന സമാവറില്‍  നിന്നും ചൂട് വെള്ളം ഗ്ലാസില്‍ ഒഴിക്കുന്ന തിരക്കിലാണ് രാജേട്ടന്‍ ആ മുഖം കാണുമ്പോള്‍ അറിയാം കക്ഷിക്ക് ഒരു പക്ഷെ സമാവറിനെക്കാളും ചൂട് കൂടുതലാണെന്ന് . കാരണം മറ്റൊന്നുമല്ല ഞങ്ങള്‍ കയറി ഇരുന്നപാടെ ഓരോരുത്തരായി ചായയ്ക്ക് ഓര്‍ഡര്‍ ചെയ്തിരുന്നു അതും എങ്ങിനെ ? പലര്‍ക്കും പല രീതിയിലുള്ള ചായ വേണം എന്ന് വെച്ച് ചായയുടെ അത്ര മാത്രം സെലക്ഷന്‍ ഒന്നും അവിടെയില്ല കേട്ടോ... ഒരാള്‍ക്ക്‌ വേണം കട്ടന്‍ മറ്റൊരാള്‍ക്ക് പാല്‍ ചായ കൂട്ടത്തില്‍ മറ്റൊരുവന് പാലും വെള്ളവും  പിന്നെ എങ്ങിനെ ചൂടാവാതിരിക്കും. അങ്ങിനെ ചൂട് മൂത്ത സമയത്തായിരുന്നു എന്നോടുള്ള ചോദ്യം. ചോദ്യത്തിന്റെ ഗൌരവം അറിഞ്ഞിട്ടാണോ എന്നറിയില്ല ഞാന്‍ ഉടനെ മറുപടിയും കൊടുത്തു കാപ്പി....  അത് പക്ഷെ കടന്ന കൈയ്യായോ എന്നൊരു സംശയം വന്നത്, രാജേട്ടന്‍റ മുഖവും കൂട്ടത്തിലുള്ളവരുടെ പൊട്ടിച്ചിരിയും കേട്ടപ്പോഴാണ്.

സത്യത്തില്‍ ഞാന്‍ മറ്റുള്ളവരുടെ ഓര്‍ഡറിന്‍റെ ലിസ്റ്റ് കേട്ടിരുന്നില്ല കാരണം ഞാന്‍ മറ്റൊരു ലോകത്തായിരുന്നു എന്ന് വെച്ച്  ഭൂമി വിട്ടു പോയിട്ടൊന്നുമില്ല. സ്കൂളില്‍ നിന്നും വിട്ടു വരുന്ന വഴിയില്‍ ആവേശത്തോടെ ക്രിക്കറ്റും കളിച്ച് ഇനി വീട്ടില്‍ ചെന്നാല്‍ സമയം താമസിച്ചതിന് എന്ത് കളവ് പറഞ്ഞ് രക്ഷപ്പെടുമെന്നു ആലോചിച്ചിരിക്കുകയായിരുന്നു. ഉപ്പയുടെ ചോദ്യങ്ങള്‍ക്ക് ഒറ്റ വാക്കില്‍ ഉത്തരം കൊടുക്കണം. പോരാത്തതിന്  സ്കൂളില്‍ നിന്നും ശങ്കരന്‍ മാഷുടെ ഒറ്റവാക്കും, വാക്യത്തില്‍ പ്രയോകവും അത്യാവശ്യം ചൂരല്‍ പ്രയോകവും കഴിഞ്ഞുള്ള വരവാണ്. അങ്ങിനെ ഉപ്പയില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി തലങ്ങും, വലങ്ങും പിന്നെ വളഞ്ഞും, പുളഞ്ഞും ആലോചിക്കുമ്പോഴാണ് രാജേട്ടന്‍റെ വിളി കേട്ടതും ഞാന്‍ അറിയാതെ കാപ്പിക്ക് പറഞ്ഞതും.

അല്‍പ്പം കഴിഞ്ഞതും കുടവയറും കുലുക്കി ഒരു വരവാണ് മറ്റാരുമല്ല രാജേട്ടന്‍ തന്നെ വലിയ ശബ്ധത്തില്‍ ഗ്ലാസ് മേശപ്പുറത്ത് വെച്ച് ഞാനടക്കം എല്ലാവരെയും ഒരു നോട്ടം നോക്കി തിരിഞ്ഞു നടന്നു.  ഗ്ലാസ്സില്‍ നോക്കുമ്പോള്‍ എല്ലാം കട്ടന്‍സ് സംഗതിയുടെ ഗുട്ടന്‍സ് അറിയാതെ പരസ്പ്പരം നോക്കുമ്പോള്‍ അതാ വീണ്ടും " മക്കളെ വേണമെങ്കില്‍ കുടിച്ചു പോയീനെടാ പാല്‍ ചായയും കാപ്പിയും.... മക്കള്‍ വീട്ടില്‍ പോയി കുടിച്ചോ" ചൂടുള്ള ചായ ഊതി കുടിക്കുമ്പോള്‍ എനിക്ക് ഒരു പൂതി ചായയുടെ കൂടെ വല്ലതും കടിക്കാന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന്. ഇരുന്ന ബെഞ്ചില്‍ നിന്നും ഒന്നെണീറ്റ് കണ്ണാടി അലമാരിയിലേക്ക് ഒന്ന് നോക്കി ഒരു പഴം പൊരി മാത്രം ഒറ്റയ്ക്ക് ഒരു പ്ലേറ്റില്‍ കിടക്കുന്നുണ്ട് .

പഴം പൊരിക്ക് പറയാന്‍ തുടങ്ങിയതും മറ്റൊരുവന്‍ കൈപ്പിടിയില്‍ ഒതുക്കി. വീണ്ടും ഒരു എത്തി നോട്ടം മറ്റെവിടെയുമല്ല കണ്ണാടി  അലമാരിയിലേക്ക് തന്നെ പഴം പൊരി തീര്‍ന്നു. ഇനിയുള്ളത് സാക്ഷാല്‍ കായുണ്ട ...മനസ്സില്‍ ഒരു തീപ്പൊരി വീണത്‌ പോലെ എങ്ങിനെ രാജേട്ടനോട് "കായുണ്ടയ്ക്ക്‌" പറയും. പോരാത്തതിന് ഇപ്പോള്‍ ഒരു പ്രശ്നം കഴിഞ്ഞതെ ഉള്ളൂ. രാജേട്ടന്‍ എന്റെ നേരെ തിരിഞ്ഞ് ചോദിച്ചു " എന്തെടാ നിന്ന് പരുങ്ങുന്നത് ? " അതും കൂടി കേട്ടപ്പോള്‍ തല്ക്കാലം കായുണ്ടയെ മറക്കാമെന്നു കരുതി ...കൈയ്യില്‍ കിട്ടിയ കട്ടനെ ഒറ്റ വലിക്ക് കുടിച്ച് നേരെ പുറത്തേക്കിറങ്ങി വീണ്ടും ഒന്ന് തിരിഞ്ഞ് നോക്കി എനിക്ക് കിട്ടാതെ പോയ കണ്ണാടി കൂട്ടിലെ കായുണ്ടയെ ...ഒരു പക്ഷെ ആ കണ്ണാടി കൂട്ടിലെ കായുണ്ട എന്നെ നോക്കി ചിരിക്കുന്നുണ്ടായിരിക്കാം.. അവസാനം എന്‍റെ മനസ്സില്‍ ഒരു ചോദ്യം മാത്രം ബാക്കി " കായുണ്ട രാജേട്ടന്‍ എന്തിനാണ് കായുണ്ട ഉണ്ടാക്കുന്നത്‌ ? " എന്നെ പോലുള്ളവര്‍ എന്ത് ധൈര്യത്തില്‍ കായുണ്ടയ്ക്ക് ചോദിക്കും ? ഇപ്പോഴും സംശയം ബാക്കി

No comments:

Post a Comment

Related Posts Plugin for WordPress, Blogger...