Tuesday, April 2, 2013

അയ്യോ........... നിതാഖത്‌

ഇത്തവണ അവധി കഴിഞ്ഞ് തിരികെ സൌദിയിൽ വരുന്നതിനു ഏതാനും ദിവസം മുൻപേ ടിവി തുറന്ന് ഏത് മലയാളം ചാനൽ നോക്കിയാലും നിതാഖതും, മലയാളികളുടെ പാലായനവും, എന്ന് വേണ്ട ഒരു മാതിരി മനുഷ്യനെ ബേജാറാക്കുന്ന പരിപാടികൾ സ്ക്രീനിൽ മാറിയും മറിഞ്ഞും കളിക്കുന്നു ......വീട്ടിലിരുന്ന് കെട്ടിയോളും കുട്ടിയോളുമായി ടി വി കണ്ടിരിക്കുമ്പോൾ ..അതാ വരുന്നു കെട്ടിയോളുടെ ചോദ്യം " ഹല്ല ഇക്കാ അതാരാ ഈ നിതാഖത് ? "

കുട്ടികൾ ആണെങ്കിൽ കണ്ണും മിഴിച് എന്റെ മറുപടിയും കാത്തിരിക്കുന്നു ..അവരുടെ കണ്ണുകളിലെ നോട്ടം കണ്ടാൽ അറിയാം ഏതോ ഭീകര ജീവിയെ പറ്റി കേൾക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന് ...

ഞമ്മള് ഈ നിതാഖത് സൌദിയിൽ നിന്നും എത്ര കേട്ടതാ ..പക്ഷെ ഇനി ഇപ്പം കെട്ടിയോളോട്  എങ്ങിനെ ഇതൊന്നു വിശദീകരിച്ച് കൊടുക്കും ...ആകാംഷയും ആവലാതിയും കെട്ടിയോളുടെ മുഖത്ത് കാർമേഘം ഉരുണ്ടു കൂടി കിടക്കുന്നു പെയ്യാൻ പോകുന്ന മഴത്തുള്ളികൾ ആ കണ്ണുകളിൽ എനിക്ക് കാണാമായിരുന്നു " ഈ നിതാഖത് നീ വിചാരിക്കുന്ന പോലെ ഭീകര ജീവിയോന്നും അല്ല " പറയേണ്ട താമസം അതാ വരുന്നു അടുത്ത ചോദ്യം " ഭീകര ജീവി അല്ലെങ്കിൽ പിന്നെ എന്തിനാ ഈ പാവങ്ങൾ പെട്ടിയും കിടക്കയുമായി വീമാനം കേറി വരുന്നേ ? "

എങ്ങിനെ ചൊദിക്കാാതിരിക്കും ദേണ്ടെ കാണിക്കുന്നു ടിവിയിൽ തിരോന്തരം ബീമാനതാവളം ..അല്ലേലും ഈ ടി വി ക്കാർ ഇങ്ങിനെയാ പണ്ടെങ്ങോ പിടിച്ച ബീടിയോ അങ്ങ് ഇടും. എയർ ഇന്ത്യ എക്സ്പ്രെസ്സിൽ കുറഞ്ഞ മണിക്കൂറിൽ എത്തേണ്ട ബീമാനം ദിവസങ്ങള് എയർപോർട്ടിൽ കാത്തിരുന്ന് ക്ഷീണിച്ചു വരുന്ന പണ്ടെങ്ങോ ഷൂട്ട്‌ ചെയ്ത് വെച്ചത്. ...ഈ ടി വി ക്കാരുടെ ഒരു കാര്യം !

 കോട്ടിട്ട ടി വി ക്കാരനും, കോട്ടിടാത്ത താടിക്കാരനും, വെള്ള കുപ്പായമിട്ട മീശക്കാരനും എല്ലാവരും കൂടി തലങ്ങും വിലങ്ങും ചർച്ചിക്കുന്നു " പ്രവാസികൾ സുരക്ഷിതരാണ്‌ " ... " വേണമെങ്കിൽ അവരെ ബീമാനത്തിൽ കയറ്റി കൊണ്ട് വരും "


ഇതൊക്കെ കേട്ടാൽ ..കേട്ടിയോളല്ല സാക്ഷാൽ ഈ നിതാഖത്തിനെ അറിയുന്ന ഞാൻ വരെ പേടിച്ചു പോകും.
" ഇക്കാ ഇങ്ങള് ശരിക്കും പറ എന്ത് കുന്ത്രാണ്ടം ആണ് ഈ നിതാഖത്ത് ?" അവളുടെ ആവലാതി വക വെക്കാതിരിക്കാൻ പറ്റില്ല ...വെറുതെ അല്ല ബേജാറാവുനനത് മറ്റന്നാളത്തെ ബീമാനം കയറി സൌദിയിൽ പോകേണ്ടവൻ ആണ് ഈ ഞാൻ...

" നീ ബേജാറാവാതിരി ഈ നിതാഖത്ത് എന്ന് വെച്ചാൽ അവിടത്തെ ഒരു നിയമത്തിന്റെ പേരാ " കയ്യിലുള്ള റിമോട്ട് തലങ്ങും വിലങ്ങും അമർത്തി ചാനൽ മാറ്റി. ദേണ്ടെ വീണ്ടും അതെ ചർച്ച മറ്റൊരു ചാനലിൽ " ഫൈസൽ കേൾക്കാമോ ...എങ്കിൽ പറയൂ എത്ര പേരെ പിടിച്ചു ? എത്ര പേരെ അകത്തിട്ടു ? " വീണ്ടും കെട്ടിയോളുടെ നോട്ടം എന്റെ നേർക്കായി.

 അതാ അപ്പുറത്ത് നിന്നും ഫൈസൽ " ഇവിടെ എല്ലാവരും ഭീതിയിലാണ് ..പേടി കാരണം ആരും തന്നെ പുറത്തിറങ്ങുന്നില്ല ..അടുത്ത കടയിലെ ഉമ്മർക്ക പറഞ്ഞു ഇന്ന് രാവിലെ രണ്ടു പേരെ ആരോ പിടിച്ചു കൊണ്ട് പോയി എന്ന് പക്ഷെ പിടിച്ചു കൊണ്ട് പോയത് രണ്ടു ദിവസം ആയി നിതാഖത് പേടി കാരണം ജോലിക്ക് പോകാത്തതിനാൽ കമ്പനി ക്കാർ കൊണ്ട് പോയതാണെന്നും പറഞ്ഞു കേൾക്കുന്നു "

പെട്ടെന്ന് തന്നെ ടി വി ഓഫാക്കി ഇനി അധിക സമയം വെച്ചാൽ പിന്നെ ഈ ഉള്ളവൻ അടക്കം പനി പിടിച്ചു കിടക്കും

കോഴിക്കോട് നിന്നും വിമാനം കയറിയപ്പോൾ തന്നെ മനസ്സിൽ ഒരായിരം സംശയം ...ഇനി എന്റെ കൂട്ടുകാര്, പിന്നെ തൊട്ടടുത്ത മുറികളിൽ താമസിക്കുന്ന റസാക്ക് ഭായി ഇവരെ ആരെ എങ്കിലും .............? ഹോ ഓർക്കാനേ പറ്റുന്നില്ല. ഇനി ഇപ്പം ഞാൻ സൌദിയിൽ ഇറങ്ങിയാൽ തോക്കും ചൂണ്ടി എന്റെ പിന്നാലെ ഈ നിതാഖത്തിന്റെ ആൽക്കാരെങ്ങാനും .....? പടച്ചോനെ ........മനസ്സില് കൂടി ഒരു തീ അങ്ങ് പാളി ...

ദമ്മാമിൽ ഇറങ്ങുമ്പോൾ ഞാൻ ചുറ്റിലും നോക്കി വല്ലവനും എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ...അല്പ്പം ആശ്വാസം ടി വി യിൽ കേട്ട വാക്കുകൾ തന്നെ ആണ് - ഫ്രീ വിസക്കാരെ ആണ്  ഓടിച്ചിട്ട് പിടിക്കാൻ നോക്കുന്നത് എന്ന് " ഞാൻ ഫ്രീ വിസ ക്കാരാൻ അല്ലല്ലോ ....

എന്നെ കൊണ്ട് പോകാനുള്ള വണ്ടിക്കായി കാത്തിരിക്കുമ്പോൾ തൊട്ടടുത്ത് ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നു . ഒറ്റ നോട്ടത്തിൽ അറിയാം കക്ഷി ആദ്യമായി വരുന്നതാണെന്ന് " ഇങ്ങള് മലയാളിയാ ?" എന്നോട് പതുക്കെ ചോദിച്ചു " അതെ ".... " ഇവിടെ നിതാഖത് പിടിക്കും എന്നൊക്കെ കേട്ടല്ലോ അത് ശരിയാണോ ?" അവന്റെ കണ്ണുകളിൽ ആകെ കൂടി ഒരു തരം ഭയപ്പാടു കാണാം " എന്ന് ഞാനും കേട്ടു ...നീ ഫ്രീ വിസക്കാരൻ ആണോ ? കുറച്ചു നേരം എന്തോ ആലോചിച്ച് പറഞ്ഞു " അല്ല ഞാൻ കാശ് കൊടുത്തു വാങ്ങിയതാ " അപ്പോഴേക്കും എന്റെ വണ്ടി വന്നു. നടന്നു നീങ്ങുമ്പോൾ ഞാൻ ഒന്ന് കൂടി ആ ചെറുപ്പക്കാരനെ തിരിഞ്ഞു നോക്കി പാവം രണ്ടു കയ്യും താടിക്ക് വെച്ച്  നിതാഖത്തിനെ പേടിച്ചിരിക്കുകയാണ്.

എതാണ്ട് ഖോബാർ എത്താനാവുമ്പോഴേക്കും റോഡിൽ സാദാ സമയം കാണാറുള്ള ബംഗാളികളെ കാണാൻ ഇല്ല ഏതാണ്ട് തിരക്കുണ്ടാവാറുള്ള റോഡ്‌ വിജനം ...ഇത് സംഭവം ടി വി ക്കാർ പറഞ്ഞത്  പോലെ തന്നെ.

ഞാൻ ഡ്രൈവിംഗ് സീറ്റിലിരുന്ന മലയാളിയോട് കാര്യം തിരക്കി " ഇങ്ങക്കുണ്ടാപ്പാ കാറ്റ് ഇബട ഒരു പ്രശ്നവും ഇല്ല. എല്ലാം ഞമ്മള മലയാളീസിന്റെ പണിയാ. ടി വി യിൽ ന്വൂസ് കാണുമ്പോഴേക്കും പാവം ബംഗാളികളെ വരെ പേടിപ്പിച്ചു കളഞ്ഞു. ഇബട ഇഖാമ ഇല്ലാത്തവരെയും, ഇഖാമയിൽഉള്ള പണിയല്ലാതെ ബേറെ പണി എടുക്കുനവരെയും  പണ്ടും പിടിക്കുന്നുണ്ട് ഇപ്പളും പിടിക്കുന്നുണ്ട് അല്ലാതെ ഇത് ഇന്നലെ തോടങ്ങിയതല്ല "


വാൽകഷ്ണം : നേതാക്കൾ കൂട്ടത്തോടെ സൌദിയിലേക്ക് ..പ്രവാസികൾക്ക് ഇനി ധൈര്യത്തോടെ പുതച്ചു കിടക്കാം

Tuesday, July 10, 2012

ജീവിതത്തിനു മേല്‍ സ്വയം കുരുക്കിടുന്നവര്‍

പ്രവാസ ലോകത്ത് ഈ അടുത്ത കാലത്തായി  ആത്മഹത്യാ നിരക്കുകള്‍ കൂടി വരുന്നതായി കാണുന്നു. ഒരു മുഴം കയറില്‍ എന്നെന്നേക്കുമായി ജീവിതം അവസാനിപ്പിച്ചവര്‍. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ജീവിതത്തെ പച്ച പിടിപ്പിക്കാന്‍ മണലാരണ്യത്തിലേക്ക് ചേക്കേറിയവര്‍. സ്വര്‍ണ്ണം വിളയുന്ന ഗള്‍ഫു നാടിന്‍റെ വര്‍ണ്ണ ചിത്രം മനസ്സിന്‍റെ ക്യാന്‍വാസില്‍ പകര്‍ത്തി ഗള്‍ഫു ഭൂമിയില്‍ ഇറങ്ങുന്നവന്‍ കാലക്രമേണ  മരുഭൂമിയിലെ പൊള്ളുന്ന യാഥാര്‍ത്യങ്ങള്‍ തിരിച്ചറിയാനാവാതെ പകച്ചു നിന്ന് ഒടുവില്‍ സ്വന്തം ജീവിതം അന്യ നാട്ടിലെ ആളൊഴിഞ്ഞ മുറിയില്‍ അവസാനിപ്പിക്കുന്നു . 

 ചിലര്‍ സ്വന്തം ഭാര്യയെയും പിഞ്ചു കുട്ടികളെയും തന്നോടൊപ്പം മരണത്തിന്‍റെ വഴിയില്‍ കൂടെ കൂട്ടുന്നു. ഗള്‍ഫു രാജ്യങ്ങളിലെ ആത്മഹത്യാ നിരക്കില്‍ മുന്‍പന്തിയില്‍ ഇന്ത്യക്കാര്‍ ആണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ആത്മഹത്യാ കാരണങ്ങള്‍ അന്വേഷിച്ചു പോയാല്‍ കൂടുതലും സാമ്പത്തിക പ്രയാസങ്ങള്‍ മൂലം ജീവിതത്തിനു നിറം നല്‍കാന്‍ കഴിയാത്ത പ്രവാസിയുടെ അവസാന ആശ്വാസം ഒരു മുളം കയറില്‍ അവസാനിപ്പിച്ചതായി കാണാം. പക്ഷെ ആത്മഹത്യ ചെയ്യുന്നവന്‍ പെട്ടെന്നുള്ള ഒരു തീരുമാനത്തിലൂടെ ആത്മഹത്യ ചെയ്യുന്നു എന്ന് കരുതാന്‍ സാധിക്കില്ല. മാനസിക സംഘര്‍ഷവും അതിനെ തുടര്‍ന്നുള്ള ഒറ്റപെടലും അവനെ പലപ്പോഴും ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നു. ഇത്തരക്കാര്‍ കൂടുതലും വിഷാദരോഗത്തിന് അടിമപെട്ടവര്‍ ആവാം. പിന്നീട് അവന്‍റെ തീരുമാനങ്ങള്‍ അവന്‍റെത് മാത്രം ആയി കണ്ട് കടലിനക്കരെ സ്വന്തം നാട്ടില്‍ തന്നെയും  കാത്തു നില്‍ക്കുന്നവരുടെ, കൂട പിറപ്പുകളുടെ ചിന്ത പോലും ഇല്ലാതെ അവന്‍റെ മനസ്സ്, അവന്‍റെ ലോകവും അവനും മാത്രം ആയി ചുരുങ്ങുന്നു.

ആത്മഹത്യ കാരണങ്ങളില്‍ ഏറ്റവും വലിയ വില്ലന്‍ സാമ്പത്തിക പ്രയാസങ്ങള്‍ തന്നെ ആണ് . ഒരളവില്‍ ആ പ്രയാസങ്ങള്‍ ഒരു പ്രവാസി സ്വയം വരുത്തി വെക്കുന്നു എന്നും വേണമെങ്കില്‍ പറയാം. ചിലര്‍ കൊള്ള പലിശക്കാരുടെയും ബ്ലേഡ് മാഫിയകളുടെയും നീരാളി പിടുത്തത്തില്‍ നിന്നും ഒഴിവാകാന്‍ ആവാതെ സ്വയം ജീവിതം അവസാനിപ്പിക്കുന്നു ..ഇവരില്‍ ഏറിയ പങ്കും തങ്ങളുടെ  കച്ചവടം,  ഉള്ളതില്‍ നിന്നും ഒരു പടി കൂടി നന്നാക്കുവാന്‍ പലിശയ്ക്ക് പണം എടുത്ത് അവസാനം കട പോലും നഷ്ട്ടപെട്ട് ഒന്നും ഇല്ലാത്തവന്‍ ആയി സ്വയം മാറുന്നു. 

മറ്റു ചിലര്‍ ഗള്‍ഫ് എന്ന ലോകവും അവന്‍ കണ്ട കിനാവുകളും  വെറും പൊള്ളയാണെന്ന് തിരിച്ചറിയുന്നതോടെ തീര്‍ത്തും നിരാശയുടെ ലോകത്ത് ഒറ്റപെട്ടു പോവുന്നു.  അതിനിടയിലും കഷ്ട്ടപെട്ട്, ജീവിക്കുവാനും ജീവിതം തന്ന ദൈവത്തിനെ മനസ്സില്‍ ധ്യാനിച്ച്‌ വരുമാനമോ ശരിയായ ഭക്ഷണമോ കഴിക്കാതെ ജീവിക്കുന്ന " ആട് ജീവിതങ്ങളും " ഉണ്ടെന്ന് വിസ്മരിക്കാന്‍ പറ്റില്ല. എന്താണ് ഇതിനു കാരണം എവിടെയാണ് ഇന്ത്യക്കാര്‍ക്ക് വിശിഷ്യാ മലയാളികള്‍ക്ക് തെറ്റിയത്.
 
 സ്വര്‍ണ്ണം പണയം വെച്ചും പലരില്‍ നിന്നും കടം വാങ്ങിയും ലക്ഷങ്ങള്‍ കൊടുത്ത് ഗള്‍ഫിലേക്ക് വിസ ലഭിക്കുമ്പോള്‍ അവനു കിട്ടുന്നതും അവന്‍ കണ്ട കിനാക്കളെക്കാള്‍ വലിയ വാഗ്ദാനങ്ങള്‍. ശമ്പളവും ആനുകൂല്യങ്ങളും ഏജന്റിന്‍റെ വായില്‍ നിന്നും പെരുമഴയായ് പെയ്തിറങ്ങുമ്പോള്‍ ഗള്‍ഫിന്‍റെ വര്‍ണ്ണ ചിത്രവും മണമുള്ള അത്തറും സ്വപ്നം കാണുന്നവന്‍ മറ്റൊന്നും ചിന്തിക്കാതെ വല വിരിച്ചു നില്‍ക്കുന്നവരുടെ വല കണ്ണികളില്‍ കണ്ണടച്ചു വീഴുന്നു.

തന്‍റെ സ്വപ്‌നങ്ങള്‍ താലോലിച്ച് മണലാരണ്യത്തില്‍ വന്നിറങ്ങുന്നവന്‍ പിന്നീടുള്ള അവന്‍റെ ഓരോ കാല്‍വെപ്പിലും തിരിച്ചറിയുന്നു കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചങ്ങള്‍ മറ്റൊരു ഇരുളിലേക്കുള്ള യാത്രയാണെന്ന് ..ബഹുനില കെട്ടിടങ്ങളും ചീറി പായുന്ന വാഹനങ്ങളും ഇല്ലാത്ത ദുര്‍ഘട പാതയിലേക്കുള്ള അവന്‍റെ യാത്ര അവിടെ തുടങ്ങുന്നു. വലിയ കമ്പനിയില്‍ ഡ്രൈവര്‍ എന്നും, മെക്കാനിക്ക് എന്നും പറഞ്ഞു പറഞ്ഞു കൊണ്ട് വരുന്നവര്‍ എത്തിപ്പെടുന്നത് ഇടിഞ്ഞു വീഴാറായ കുടുസ്സു മുറികളില്‍. എട്ടു മണിക്കൂര്‍ ജോലി  അതിനു  ശേഷം ഓവര്‍ ടൈം എന്നൊക്കെ കേട്ട് അക്കങ്ങള്‍ കൊണ്ട് മാന്ത്രിക വലയം തീര്‍ത്തവന്‍ തുച്ചമായ ശമ്പളത്തിലോ അല്ലെങ്കില്‍ ശമ്പളം ലഭിക്കാതെയോ ജോലി എടുക്കേണ്ടി വരുന്നു. വിശപ്പിനോടും ചൂടിനോടും പൊരുതി ജയിക്കുവാന്‍ ശ്രമിച്ച് ചിലര്‍ ആരും ഇല്ലാത്ത ആരെയും കാണാത്ത നാല് ചുവരുകള്‍ക്കുള്ളില്‍ സ്വയം ജീവിതം വെടിയുന്നു. 

അവര്‍  നാട്ടുകാരുടെ രേഖകളില്‍ നാട്ടില്‍ വിളിക്കാത്തവന്‍ ഗള്‍ഫില്‍ എത്തി ഉറ്റവരെ നോക്കാത്തവര്‍. അതും അല്ലെങ്കില്‍ കാണ്‍മ്മാന്‍ ഇല്ലാത്തവരുടെ പട്ടികയില്‍ പുഞ്ചിരിക്കുന്ന മുഖവുമായി പത്രതാളുകളില്‍ കൂടി സഞ്ചരിക്കുന്നവന്‍.    ഗള്‍ഫിലെ ഭരണാധികാരികളുടെ രേഖകളില്‍ ആരും ഇല്ലാത്തവന്‍ തണുത്ത് വിറങ്ങലിച്ച് ആരും അറിയാതെ മാസങ്ങളോളം മോര്‍ച്ചറികളില്‍ കിടക്കുന്നു. 

വിസ എന്ന് കേള്‍ക്കുമ്പോള്‍ ചാടി പുറപ്പെടാതെ ജോലിയെ പറ്റിയും ജോലി ചെയ്യാന്‍ പോകുന്ന  സ്ഥാപനത്തെ പറ്റിയും ഗള്‍ഫില്‍ ഉള്ള കൂട്ടുകാരോടോ മറ്റോ അന്വേഷിച്ച് സത്യാവസ്ഥ ഉറപ്പു വരുത്തി മാത്രം ഗള്‍ഫിലേക്ക് യാത്ര തിരിക്കുക അല്ലെങ്കില്‍ നിങ്ങള്ക്ക് നഷ്ട്ടപെടുന്നത് പണം മാത്രം അല്ല  സ്വന്തം ജീവിതവും ജീവനും ആയിരിക്കും

ഗള്‍ഫിലെ ഫ്ലാറ്റുകളില്‍ ഒറ്റ മുറി പങ്കിട്ട്‌ ജീവിക്കുന്നവര്‍ ഒരു പാട് പേരുണ്ട്. അവരില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവനും ചെറിയ ശമ്പളം വാങ്ങുന്നവനും ഉണ്ടാവും .ചിലര്‍ അവരുടെ ജോലി സ്ഥലത്തെ കഷ്ട്ടതകളും നാട്ടില്‍ ഉള്ളവരുടെ വിഷമങ്ങള്‍ പങ്കുവെക്കുന്നവര്‍ ആയിരിക്കും പക്ഷെ ഇതില്‍ നിന്നും വിഭിന്നമായി ഒരു പ്രത്യേക വിഭാഗക്കാര്‍ ഉണ്ട്. അവര്‍, അവരുടെ  പ്രശ്നങ്ങള്‍ പങ്കു വെക്കുകയോ ആരുടെയും സഹായം ആവശ്യപ്പെടുകയോ ചെയ്യില്ല. വിഷമങ്ങള്‍ സൂക്ഷിക്കുവാനും വല്ലപ്പോഴുമൊക്കെ ആ വിഷമങ്ങള്‍ എടുത്ത് വിശകലനം ചെയ്യുവാനും സ്വയം ഒരു ഫ്രിഡ്ജായി മാറുന്നു പരിഭവങ്ങളും പരാധീനതകളും വിഷമങ്ങളും കേട് കൂടാതെ സൂക്ഷിക്കാന്‍ പറ്റുന്ന ഒരു ഫ്രിഡ്ജ്. എല്ലാവരോടും കൂട്ട് കൂടി സംസാരിക്കുന്ന ഇത്തരക്കാര്‍ മാനസിക പിരിമുറുക്കങ്ങളില്‍ അകപ്പെട്ടവര്‍ ആയിരിക്കും. വളരെ നേരിയ രീതിയില്‍ മാത്രമേ ഇവരുടെ സ്വഭാവങ്ങളില്‍ മറ്റുള്ളവര്‍ക്ക് മാറ്റം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. അതില്‍ പ്രധാനം കഴിയുന്നതും തനിച്ചിരിക്കുവാന്‍ ശ്രമിക്കുക എന്നുള്ളതാണ് .

ഇത്തരം ആളുകള്‍ക്ക് ശക്തി പകരാനും അവര്‍ക്ക് വേണ്ട രീതിയില്‍ സന്തോഷം നല്‍കാനും കൂടെ താമസിക്കുന്നവര്‍ ഒരു പരിധി വരെ ശ്രദ്ധിച്ചാല്‍  ആത്മഹത്യ ചെയ്യാന്‍ മാനസികമായി തയ്യാര്‍ എടുക്കുന്നവനെ  അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധിക്കും. സ്നേഹത്തോടെയുള്ള പെരുമാറ്റവും മാനസികമായി അവര്‍ക്ക് ശക്തി നല്‍കുകയും ചെയ്‌താല്‍ അവരെ പുതിയ ജീവിത വഴിയിലൂടെ മുന്നോട്ടു കൊണ്ട് പോകാന്‍ സാധിക്കും. മരുഭൂമിയിലെ ഓരോ മണല്‍ തരികളിലും പ്രവാസിയുടെ വിയര്‍പ്പും പ്രവാസിയുടെ സ്വപ്നങ്ങളുടെ നിഴലുകളും ഉണ്ടാവും ആ സ്വപ്‌നങ്ങള്‍ നിഴലുകളായി അവനെ എന്നും പിന്തുടര്‍ന്നു കൊണ്ടേയിരിക്കും. 

എന്നും മനസ്സില്‍ താലോലിക്കുന്ന സ്വപ്നങ്ങള്‍ക്ക്  നിറങ്ങള്‍ പകരാന്‍ ഒരിക്കലും തനിക്ക് ആവുന്നതിനെക്കാളും ഭാരം സ്വന്തം ചുമലില്‍ പേറാതിരിക്കുക. എന്തിനും ഏതിനും പേഴ്സില്‍ കൂടെ കൊണ്ട് നടക്കുന്ന ക്രെഡിറ്റ് കാര്‍ഡ് അനാവശ്യമായി ഉപയോഗിക്കാതിരിക്കുക. കടം എന്ന ഭീഗര സത്വം നമ്മുടെ കഴുത്തില്‍ പിടികൂടി വിഷം ചീന്തി കൊല്ലാതിരിക്കുവാന്‍ നമ്മളെ നമ്മള്‍ സംരക്ഷിക്കുക 

ഇനി ഇത്തരം സ്വഭാവക്കാര്‍ക്ക് :- .ജീവിതം എന്ന് പറയുന്നത് അവസാനിപ്പിക്കാന്‍ ഉള്ളതല്ല മറിച്ച് ജീവിച്ച് തീര്‍ക്കുവാന്‍ ഉള്ളതാണ്. നമ്മളെ കുറിച്ച് ആലോചിക്കുവാനും നമ്മള്‍ക്ക് ആലോചിക്കുവാനും ഈ വലിയ ലോകത്ത് ചിലരെങ്കിലും ഉണ്ട്. എന്തിനെയും ആത്മധൈര്യത്തോടെ നേരിടുക. ദൈവ വിശ്വാസം എന്നും മുറുകെ പിടിക്കുക. ആത്മ സംഘര്‍ഷങ്ങളെ ശരിയായ രീതിയില്‍ നേരിടുക. സുഹൃത്തുക്കളോട് വിഷമങ്ങളും പ്രശ്നങ്ങളും തുറന്നു പറയുക.

വാല്‍ കഷ്ണം : ആത്മഹത്യാ കാരണങ്ങള്‍ ഇവിടെ പറഞ്ഞതിലും കൂടുതല്‍ ഉണ്ടാവാം..ഇന്നും വാര്‍ത്തയില്‍ വായിച്ചു ബഹറൈനില്‍ ഒരു ഇന്ത്യക്കാരന്‍ ആത്മഹത്യ ചെയ്തു.

Wednesday, May 23, 2012

ലാലേട്ടനും ബ്ലോഗും ചില ചിന്തകളും

ഈ അടുത്ത ദിവസങ്ങളില്‍ ബ്ലോഗിലൂടെയും, സോഷിയല്‍ നെറ്റ്വര്‍ക്കിലൂടെയും പടരുന്ന മോഹന്‍ലാലും അദേഹത്തിന്‍റെ ബ്ലോഗും അതിനെതിരെ ഉള്ള വിമര്‍ശനങ്ങളും കാണുകയുണ്ടായി. ഈ മയ്യഴിക്കാരനും കണ്ടു. പ്രതികരണങ്ങളെ ചവിട്ടി കൂട്ടി പെട്ടിയിലടച്ച് അറബിക്കടലില്‍ മുക്കി താഴ്ത്തി ഇനി മിണ്ടരുത് എന്ന് പറയുന്ന അവസ്ഥയിലേക്ക് നമ്മള്‍ മലയാളികളെ കൊണ്ടെത്തിക്കാന്‍ എന്താണ് കാരണം? എന്തായാലും ഈ മയ്യഴിക്കാരന് അത്  അറിയില്ല.

 സ്വന്തം ബ്ലോഗില്‍ സ്വന്തം കൈപ്പടയില്‍ സ്വന്തം വിഷമം എഴുതിയതിന് നാടായ നാട്ടില്‍ നിന്നും ..കടലിനക്കരെ നിന്നും എന്തിനേറെ പറയുന്നു മരത്തില്‍ കയറി പോലും കല്ലെറിയുന്നു. കേരള മുഖ്യമന്ത്രി സാംസ്കാരിക നായകരുടെ മൌനത്തെ ആക്ഷേപിച്ചതിന് പിന്നാലെ ചിലരൊക്കെ ഏതാണ്ട് തല പൊക്കി പറയാന്‍ തുടങ്ങിയതാണ്‌ ..ദേ നോക്ക് അവസാനം ലാലേട്ടനും കിട്ടി ആരുടെയും ക്വട്ടേഷന്‍ ഇല്ലാതെ. ഇങ്ങിനെ പോയാല്‍ ആരെങ്കിലും എന്തെങ്കിലും പറയാന്‍ സ്വന്തം വായ തന്നെ തുറക്കുമോ ?

ചിലര്‍ പറയുന്നു  കിരീടം, നരസിംഹം  എന്നീ ലാലേട്ടന്‍ സിനിമകള്‍ കണ്ടിട്ട്  കൊലപാതക ക്വട്ടേഷന്‍ സംഘം പിച്ചാത്തി പിടിച്ചതാണെന്ന്. എത്രയോ നല്ല കഥാപാത്രങ്ങള്‍, നല്ല പോലീസുകാരനായി, നല്ല പട്ടാളക്കാരനായി, അതുപോലെ നല്ല കുടുംബനാഥനായി അഭിനയിച്ചതില്‍ നിന്നും എന്തെ ആരും അത് കണ്ട് സ്വന്തം ജീവിതത്തില്‍ പകര്‍ത്താത്തത് ?  ഇനി  ലാലേട്ടന്‍ വൈകീട്ടെന്താ  പരിപാടി എന്ന്  പറഞ്ഞത് കേട്ട് നമ്മുടെ നാട്ടിലെ ബാറുകളിലെ കുപ്പികള്‍ മുഴുവന്‍ കാലി ആയേനെ .. വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടെന്തിനാ....." എന്ന് കേട്ട് ഉള്ള സ്വര്‍ണ്ണം മുഴുവന്‍ പണയപ്പെടുത്തി പുട്ടടിച്ചേനെ. എന്തായാലും തരിശ് തലയില്‍ മുടി കിളിര്‍ക്കുമെന്നും, കുടവയറിനെ ചെത്തി കുറയ്ക്കുമെന്നും പറയാന്‍ ലാലേട്ടന്‍ വരാതിരുന്നത് അദേഹത്തിന്‍റെ ഭാഗ്യം. 

പിന്നെ അതിയാന്‍, സോറി ലാലേട്ടന്‍ പേടിച്ച് കേരളം വിട്ടു പോയാലോ എന്നും പറഞ്ഞു ..ഒരുപക്ഷെ മിക്കവാറും സ്വന്തം  ബ്ലോഗില്‍ ചിലത് എഴുതിയതിന് ശേഷം കേരളം വിട്ട് പാണ്ടി ലോറി കയറി  വല്ല പണ്ടാരത്തിലും പോയിക്കാണും. കൊലപതാകങ്ങള്‍ ഇല്ലാതിരിക്കാന്‍ അതിനെ തടയാന്‍ ഇനി മലയാള സിനിമയില്‍ അടി വേണ്ടെന്നു വെക്കുകയാണ് ഏറ്റവും നല്ല പോംവഴി എന്ന് ചിലര്‍ അങ്ങിനെ നടന്നാല്‍ നല്ല അടിയും വെടിവെപ്പും സിനിമയില്‍  കാണാന്‍ നമ്മള്‍ മറ്റു സ്ഥലങ്ങളിലേക്ക് വണ്ടി കയറണം ( മയ്യഴിക്കാരന് അടി സിനിമ കാണണം എന്ന് നിര്‍ബന്ധം ഒട്ടും ഇല്ല കേട്ടോ ) കൂടെ കയറാന്‍ നമ്മുടെ സിനിമയിലെ ഒട്ടു മിക്ക നടന്മ്മാരും ഉണ്ടാവും അത് തീര്‍ച്ച. വില്ലന്‍ കഥാപാത്രങ്ങളുടെ കഷ്ട്ടകാലവും തുടങ്ങും.

ചുരുക്കി പറഞ്ഞാല്‍ ആരെങ്കിലും മിണ്ടിയില്ലെങ്കില്‍ കുറ്റം ഇനി മിണ്ടിയാലോ അതിനേക്കാള്‍ കുറ്റം എന്ന് വെച്ചാല്‍ മിണ്ടിയവന്‍റെ തലയില്‍ കയറി വായിലും കണ്ണിലും മൂക്കിലും പാഷാണം തെളിക്കും. കാശുള്ളവന്‍ ഏത് മരത്തിന്‍റെ കൊമ്പിലും വീട് കെട്ടി താമസിക്കും അല്ലെങ്കില്‍ കൊണ്ഗ്രീറ്റ് മരങ്ങളില്‍ കൂടു കെട്ടി താമസിക്കും പിന്നെ  ആകാശത്തിലൂടെ പറന്നു നടക്കും ( കഞാവ് അടിചിട്ടല്ല കേട്ടോ ) ചിലപ്പോള്‍ സ്വന്തം വീമാനത്തില്‍ അല്ലെങ്കില്‍ മറ്റു വല്ലവരുടെയും വിമാനത്തില്‍. ഇത് പറയുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് ഒരു പരസ്യ വാചകം." ധനികനായി ജനിക്കാത്തത് നിങ്ങളുടെ കുറ്റം അല്ല.... പക്ഷെ ധനികനായി മാറാത്തത് നിങ്ങളുടെ കുറ്റം ".
വെള്ള നിറത്തില്‍ ഉള്ള സ്ക്രീനില്‍ പല വേഷത്തില്‍ പല കോലത്തില്‍ എല്ലാവരുടെയും മുന്നില്‍ നിന്ന് അഭിനയിച്ച് അത്യാവശ്യം ഒരു പേരെടുത്ത സിനിമാക്കാരന് ജീവിക്കാന്‍ വേണ്ട അത്യാവശ്യം പണം ഉണ്ടാക്കി എന്ന ഒരു കുറ്റമേ അദ്ദേഹം ചെയ്തിട്ടുള്ളൂ. പണത്തിനു മീതെ അടയിരിക്കാനും അത് എങ്ങിനെ ചിലവഴിക്കണം എന്നും തീരുമാനിക്കാനുള്ള അവകാശം ആ പണം ഉണ്ടാക്കിയവന് വിട്ടു കൊടുക്കുക.

പുള്ളിക്കാരന്‍, സോറി ലാലേട്ടന്‍ അഭിനയിച്ച പടം മുഴുവന്‍ കണ്ട് കയ്യടിച്ച് സിന്ദാബാദ് വിളിച്ച് അതെ കൈ ചൂണ്ടി അതെ നാവ് കൊണ്ട് നാല് പുളിച്ചത് പറഞ്ഞ് എന്ത് നേടാന്‍ ? പിന്നെ മറ്റൊരു ആക്ഷേപം കൂടി കേട്ടു ലാലേട്ടന്‍ നികുതി വെട്ടിപ്പ് നടത്തി എന്ന് ...ഹോ ആദ്യമായി ഒരാള്‍ നികുതി വെട്ടിപ്പ് നടത്തി എന്ന് കേട്ടു ... ചില രാഷ്ട്രീയ നേതാക്കന്മ്മാരും, അവരുടെ ചിറകിനടിയില്‍ കഴിയുന്ന കൊച്ചു നേതാക്കന്മ്മാരും. ചില അഭിനേതാക്കളും  ( ഇന്ത്യാ രാജ്യത്തെ മൊത്തം അഭിനേതാക്കളുടെ കണക്കെടുപ്പ് എടുത്തു നോക്കിയാല്‍ ചിലരൊക്കെ കുടുങ്ങും എന്നാണ് ഈ മയ്യഴിക്കാരന്‍റെ സംശയം )  നമ്മുടെ ഇന്ത്യ രാജ്യത്തെ കട്ട് മുടിച്ച കണക്ക് ഏവര്‍ക്കും അറിയാം ...അറിയാത്തതും അറിയാന്‍ പോവുന്നതും വേറെ.

സ്വന്തം ജന്മമ ദിനത്തില്‍ സുഖമില്ലാതെ കിടക്കുന്ന  തന്‍റെ അമ്മയുടെയും ഈ അടുത്ത്, അകാരണമായി വെട്ടി നുറുക്കപ്പെട്ട ചേതനയറ്റ ശര്രീരം കണ്ട മറ്റൊരു അമ്മയുടെയും വേദന മനസ്സിലാക്കി അതിനെതിരെ രണ്ടു വാക്ക് സംസാരിച്ചതിന് മുക്കാലിയില്‍ കെട്ടി അടിക്കാന്‍ മാത്രം എന്ത് തെറ്റാണ് ചെയ്തത് ? നമ്മുടെ നാട്ടില്‍ ഒരു പാട് അമ്മമാര്‍ക്ക് സ്വന്തം മക്കളെ നഷ്ട്ടപെട്ടിട്ടുണ്ട് ..ഭര്‍ത്താവിനെ നഷ്ട്ടപെട്ട ഭാര്യമാര്‍ ഉണ്ട് ..പിതാവിനെ നഷ്ട്ടപെട്ട കൊച്ചു കുട്ടികള്‍ ഉണ്ട്. പക്ഷെ അടുത്ത കാലത്ത് നടന്ന സംഭവം തന്‍റെ ജന്മമ ദിന വേളയില്‍ പറഞ്ഞതിനെ കുറ്റപ്പെടുത്തി സംസാരിക്കാന്‍ വേണ്ടി മാത്രം നാം മലയാളികള്‍ തരം താഴ്ന്നു പോയോ ?
അമ്മമാരുടെ കണ്ണീര്‍..... അവരുടെ കണ്ണില്‍ നിന്നും വീഴുന്ന ഒരു തുള്ളി കണ്ണുനീര്‍ അവരുടെ മനസ്സിനകത്തെ ഒരു വലിയ പ്രളയത്തിന്‍റെ ഒരംശം മാത്രം. നമ്മുടെ അമ്മമാര്‍ക്ക് ഒരിക്കലും തങ്ങളുടെ മക്കളെ നഷ്ട്ടപെടാതിരിക്കട്ടെ. നമുക്ക് കൈ കോര്‍ക്കാം ഒരു നല്ല നാളെക്കായി ..മറ്റുള്ളവരെ ചൂണ്ടിക്കാണിച്ച് പരസ്പ്പരം കുറ്റപ്പെടുത്താതെ ഒരുമിച്ച് പ്രതിന്ജ എടുക്കാം ഒരു നല്ല കേരളത്തിനായി ഒരു നല്ല ഇന്ത്യക്കായി . കൊടുവാളുകളും, പിച്ചാത്തികളും അടുക്കളയില്‍ ഉള്ളി അരിയട്ടെ. നമുക്ക് കയിലെടുക്കാം സമാധാനത്തിന്‍റെ വെള്ളരി പ്രാവുകളെ.

കഷ്ണ്ണം : ഞാന്‍ ഒരു ലാലേട്ടന്‍ ഫാനോ മറ്റേതെങ്കിലും അഭിനേതാക്കളുടെ  ഫാന്‍ അസോസിയെഷനിലോ ഉള്‍പ്പെട്ട ആള്‍ അല്ല ..അത് കൊണ്ട് തന്നെ മമ്മൂക്ക ഫാനുകാരും മറ്റു ഫാനുകാരും ഈ ഉള്ളവനെ കല്ലെറിയരുത് . ഈ പാവത്തിനെ ക്വട്ടേഷന്‍ കൊടുത്തു തട്ടിയെക്കരുത്..

Tuesday, May 15, 2012

മയ്യഴി പുഴയുടെ തീരം

പതിവുപോലെ ഞാന്‍ ആ പുഴയുടെ തീരത്ത് തണുത്ത കാറ്റും കൊണ്ടിരിക്കുകയായിരുന്നു. നേരം ഇരുട്ടാറായി അപ്പുറത്തെ തീരത്തെ വീടുകളില്‍ മഞ്ഞ വെളിച്ചം പതിയെ തെളിഞ്ഞു വരുന്നുണ്ട്. പുഴയില്‍ മുന്‍പത്തേക്കാള്‍ ഒഴുക്ക് കൂടിയോ എന്ന് ഒരു സംശയം ഇടയ്ക്കിടെ ചീറി പോകുന്ന ബോട്ടുകളിലെക്കായി പിന്നീട് എന്‍റെ ശ്രദ്ധ. പുഴയും കടന്നു കടലിലെ  തിരമാലകളെ അറുത്തു മുറിച്ചു കൊണ്ട് ഉയര്‍ന്നും താഴ്ന്നും പോകുന്ന ബോട്ടിന്‍റെ ശബ്ദം അലിഞ്ഞലിഞ്ഞില്ലാതാകുന്നു. ദൂരെ ഒരു കറുത്ത പൊട്ടു കണക്കെ ബോട്ട് എന്‍റെ ദൃഷ്ട്ടിയില്‍ നിന്നും മാഞ്ഞു. പുഴയുടെ ഒത്ത നടുവില്‍ ചെറിയ വള്ളത്തില്‍ അക്ഷമനായി വലയും വീശി ഇരിക്കുന്ന കറുത്ത് മെലിഞ്ഞ അയാള്‍ പുഴയിലേക്ക് തന്നെ നോക്കി ഇരിപ്പാണ്. ഒരു പക്ഷെ അന്നത്തെ ദിവസത്തിനുള്ള ചെറു മീനുകള്‍ കിട്ടി കാണില്ല അതായിരിക്കാം സന്ധ്യാ സമയത്തും ചുണ്ടില്‍ പുകയുന്ന ബീഡിയുമായി അയാള്‍ വള്ളത്തിന്‍റെ ഒരു ഭാഗത്ത്‌ ഇരിപ്പുറപ്പിക്കുന്നത്. 

മയ്യഴി പുഴയുടെ തീരങ്ങളില്‍ എന്നും കാണുന്ന കാഴ്ചകളില്‍ ചിലത് മാത്രം. മയ്യഴിയിലെ കാഴ്ചകള്‍ എന്നും മനസ്സിനും ശരീരത്തിനും കുളിരണിയിക്കുന്നതാണ്  സന്ധ്യാ സമയങ്ങളില്‍ പുഴയോരത്ത് കാഴ്ചകള്‍ കാണാന്‍ പല ഭാഗങ്ങളില്‍ നിന്നും വന്ന്  ഒത്തു കൂടുന്നവര്‍.. പുലര്‍ നേരങ്ങളില്‍ അന്നം തേടി കൂടു വിട്ടു പറന്ന കാക്കകളും സന്ധ്യാ സമയങ്ങളില്‍ പുഴയുടെ തീരത്ത് ഒത്തു കൂടാറുണ്ട്.  ഇരുള്‍ പടരുമ്പോഴേക്കും കാക്കകള്‍ തങ്ങളുടെ കൂടുകളിലേക്ക്‌ തിരിച്ചു പറന്നിട്ടുണ്ടാവും. പിന്നീട് ആ മരങ്ങളില്‍ രാപാര്‍ക്കാന്‍ തൂവെള്ള നിറമുള്ള കൊക്കുകള്‍ കല പില കൂട്ടുന്നുണ്ടാവും. പുഴയോരത്ത് നിന്നും മയ്യഴിയെ കേരളവുമായി ബന്ധിപ്പിക്കുന്ന നീളന്‍ പാലം കാണാം നിരങ്ങി  നീങ്ങുന്ന വാഹനങ്ങളുടെ ശബ്ദവും ചെറിയ ശബ്ദത്തോടെ ഒഴുകുന്ന പുഴയും എന്‍റെ മനസ്സില്‍ ഏതോ പഴയ സിനിമാ ഗാനത്തെ ഓര്‍മിപ്പിച്ചു.


ഞായര്‍ ആഴ്ച ആയതു കൊണ്ടാവാം ഇന്ന് ഇവിടം നല്ല തിരക്കാണ് ..ഞാന്‍ ഇരിക്കുന്ന സീറ്റില്‍ നിന്നും അല്‍പ്പം അകലെയായി മറ്റൊരു സീറ്റില്‍ രണ്ടു കൊച്ചു കുട്ടികള്‍ ഇരുന്ന് പരസ്പ്പരം ആകാശ  കീറില്‍ അസ്തമയ സൂര്യനെ കാട്ടി " സൂര്യന്‍ അതാ കടലില്‍ മുങ്ങി കുളിക്കാന്‍ പോകുന്നു " എന്ന് പറയുന്നത് കേള്‍ക്കാം ...പണ്ട് ചെറു പ്രായത്തില്‍ എനിക്കും തോന്നാറുണ്ട് സൂര്യന്‍ മുങ്ങി കുളിക്കാന്‍ പോകുകയാണെന്ന്. ഞാന്‍ ഇരുന്ന സീറ്റില്‍ നിന്നും എഴുന്നേറ്റ് നടന്നു ..തൊട്ടടുത്തു നിന്നും ഉച്ചത്തില്‍ കുപ്പി ഗ്ലാസ്സുകള്‍ കൂട്ടി  അടിക്കുന്ന ശബ്ദം. അതിനിടയില്‍ ലഹരി നുണഞ്ഞ് മൂളി പാട്ട് പാടുന്ന ശബ്ദവും കൂടി ആയപ്പോള്‍ ഒരു ചെറു സംഗീത കച്ചേരി പോലെ തോന്നിപ്പിച്ചു. മയ്യഴി പുഴയുടെ തീരങ്ങളില്‍ സന്ധ്യാ സമയങ്ങളില്‍ കേള്‍ക്കുന്ന ലഹരിയില്‍ പൊതിഞ്ഞ ഗാന വരികള്‍.. ഓരം ചേര്‍ത്ത് നിര്‍ത്തിയിട്ട ബോട്ടുകള്‍ തമ്മില്‍ ഉരഞ്ഞ് വരുന്ന ശബ്ദം ഗായക സംഘത്തിന് താളം നല്‍കുന്നത് പോലെ തോന്നിപ്പിച്ചു.

ഏതാണ്ട് ആകാശം വെളുപ്പ്‌ നിറത്തില്‍ നിന്നും ചുവപ്പ് കലര്‍ന്ന കറുപ്പ് നിറമായിരിക്കുന്നു. കാര്‍മേഘങ്ങള്‍ ആരുടെയോ വിളി കേട്ട് പോകുന്നത് പോലെ തിരക്ക് പിടിച്ചു നീങ്ങുകയാണ് ..അവയില്‍ നിന്നും അല്‍പ്പം മഴയായി താഴേക്ക് പതിച്ചെങ്കിലോ എന്ന് ഞാന്‍ ആശിച്ചു..കാരണം അന്തരീക്ഷത്തിലെ ചൂട് അത്രയും കൂടുതല്‍ ആയിരുന്നു. കടലില്‍ അങ്ങ് ദൂരെ മിന്നാ മിന്നു കണക്കെ വെളിച്ചം കാണാം ഒരു പക്ഷെ അന്നം തേടി കടലിലേക്ക് പോയവരുടെ ബോട്ടിലെ വെളിച്ചം ആയിരിക്കാം. ആകാശം ഇപ്പോള്‍ ഏതാണ്ട് ഇരുണ്ടു തുടങ്ങി. വിളക്കുകാലില്‍ തൂങ്ങി കിടക്കുന്ന ഉരുണ്ട ഗ്ലോബില്‍ നിന്നും തൂവെള്ള നിറത്തില്‍ പ്രകാശം ചൊരിഞ്ഞു. പ്രകാശത്തിന്‍റെ പ്രതിബിംബം കൊണ്ട് മയ്യഴി പുഴ വെട്ടി തിളങ്ങുന്നത് പോലെ തോന്നി. പല ഭാഗങ്ങളില്‍ നിന്നും നിര നിരയായി കാണുന്ന പ്രകാശത്തിന്‍റെ പ്രതിബിംബം മയ്യഴി പുഴയെ  മുല്ല മാല അണിഞ്ഞ  സുന്ദരിയെ പോലെ  തോന്നിച്ചു..

അപ്പോഴേക്കും പുഴയിലെ ഓളങ്ങള്‍ക്ക് പോലും ഒരു സുന്ദരിയുടെ നാണം തോന്നിപ്പിക്കുമാറ്  ഒഴുക്കിന് മാറ്റം വന്നിരുന്നു. ആകാശത്ത് നിന്നും തൂവെള്ള നിറത്തില്‍ പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്ന പൂര്‍ണ്ണ ചന്ദ്രന്‍റെ പ്രതിബിംബം മുല്ല മാലയണിഞ്ഞ മയ്യഴി പുഴയ്ക്ക് തിലകം  ചാര്‍ത്തിയത് പോലെ. നേരം ശരിക്കും ഇരുട്ടി തുടങ്ങി. മരങ്ങളില്‍ തമ്പടിച്ച കാക്കള്‍ എല്ലാം തന്നെ കൂടുകളിലേക്ക്‌ ചേക്കേറിയെന്ന് തോന്നുന്നു. കല പില ശബ്ദങ്ങള്‍ ഇല്ല. ഒത്തു കൂടിയവര്‍ പതിയെ കുറഞ്ഞു കൊണ്ടിരിക്കുന്നു പുഴയുടെ അപ്പുറത്തെ കരയിലെ വീടുകളില്‍ നിന്നും വീശുന്ന വെളിച്ചത്തിന്‍റെ പ്രതിബിംബം പുഴയ്ക്ക്  ഒരു മഞ്ഞ അരന്ജാണ്‍ അണിയിച്ചിരിക്കുന്നു. ഏതാണ്ട് പുഴയുടെ തീരം വിജനമായിരിക്കുന്നു. ലഹരിയില്‍ പൊതിഞ്ഞ ഗാന വരികള്‍ കേള്‍ക്കുന്നില്ല ആകെ കൂടി നിശബ്ധത.  കുണുങ്ങി ചിരിക്കുന്ന സുന്ദരിയെ പോലെ ഓളങ്ങള്‍ പുഴയില്‍ തീര്‍ക്കുന്ന ശബ്ദം മാത്രം കേള്‍ക്കാം. 

ഉറക്കം ഇല്ലാതെ മറ്റൊരു പ്രഭാതത്തില്‍ തന്നെ കാണാന്‍ എത്തുന്നവരെ വരവേറ്റാനായി ഉടുത്തൊരുങ്ങി നില്‍ക്കുന്ന മയ്യഴി പുഴയോട് വിടപറഞ്ഞ് ഞാനും തിരിച്ചു നടന്നു. വീണ്ടും നിന്‍റെ തീരത്ത് വരാം എന്ന വാക്കുമായി......

Friday, October 7, 2011

ഒരു ഗള്‍ഫ് ഡയറി

തിരക്ക് പിടിച്ച ഓഫീസ് ജോലി കാലത്ത് അഞ്ചു മണിക്കും ആറു മണിക്കും എഴുന്നേറ്റ് ജോലിക്ക് പോകുന്നവര്‍ തിരക്കിനിടയില്‍ ഒരു കട്ടന്‍ കാപ്പി അകത്താക്കി നേരെ ഓഫീസിലേക്ക്. ജോലികളുടെ ബാണ്ടകെട്ട് തുറന്ന് ഒന്നൊന്നായി അഴിക്കുമ്പോഴും കുടലില്‍ കത്തുന്ന വിശപ്പും മറന്നു ജോലിയില്‍ മുഴുകുന്നവര്‍ ചിലപ്പോഴൊക്കെ സ്നേഹത്തോടെ ബോസ് എന്നും മാഡം എന്നും വിളിക്കുന്ന സീനിയര്‍ ഓഫീസറുടെ തുറിച്ചുള്ള നോട്ടം, ചില ശകാരങ്ങള്‍ അതിനെയൊക്കെ മറികടന്ന് ഉച്ചവരെ യുള്ള ജോലിക്കിടയില്‍ കത്തുന്ന വയറ്റിലേക്ക് ഇടയ്ക്കിടെ കോരി ഒഴിക്കുന്ന കുപ്പി വെള്ളം. ദാഹം ശമിപ്പിക്കുന്നു എന്ന് പറയുന്നതിനേക്കാള്‍ കത്തുന്ന വയറ്റിലെ ചൂട് ശമിപ്പിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം.

ഉച്ചയൂണ്...ചിലപ്പോള്‍ അങ്ങിനെ തന്നെ വിളിക്കാം അല്ലെങ്കില്‍ ഉച്ച ഭക്ഷണം എന്ന പേരിട്ടും വിളിക്കാം കാരണം പലരും ഊണിനു പകരം ബിസ്ക്കറ്റും ചായയും അല്ലെങ്കില്‍ പെപ്സിയും കേക്കും. അതിനു ശേഷം വീണ്ടും ജോലിയിലേക്ക് ചിലര്‍ വൈകീട്ട് അഞ്ചു മണിക്കും ആറു മണിക്കും തിരിച്ചു കുടിലിലേക്ക് മറ്റു ചിലര്‍ ഓവര്‍ ടൈം ചെയ്തും സ്വന്തം ജീവിതം പച്ചപിടിപ്പിക്കാന്‍ ശ്രമിക്കുന്നു. അത് ചിലപ്പോള്‍ രാത്രി ഒമ്പത് മണിവരെയും ചിലപ്പോള്‍ പതിനൊന്നു മണി വരെയും നീളാം... ശേഷം തിരിച്ചു കുടിലിലേക്ക്. നാട്ടിലുള്ളവരു ടെ സുഖ വിവരങ്ങള്‍ അറിയാന്‍ ഇന്റര്‍നെറ്റ് വഴി വിളി... ഒടുക്കത്തെ സാധാരണ മൊബൈല്‍ ഫോണിന്‍റെ മുടിഞ്ഞ നിരക്കില്‍ നിന്നും അഭയം voip എന്ന വിളിപെരുള്ള ലവന്‍ തന്നെ.

ചിലര്‍ തനിച്ചു മുറിയില്‍ താമസിക്കുന്നവര്‍ അവരുടെ കൂട്ട് ടി വി യില്‍ നിന്നും മിന്നി മറയുന്ന മമൂക്കയും, ലാലേട്ടനും മറ്റും... ( ചിലര്‍ക്ക് കൂട്ടിനു മൂട്ടയും കാണും കഷ്ട്ട പ്പെ ട്ട് സ്വരൂപിച്ചു വെച്ച ചോരയുടെ അവകാശവും ചോദിച്ച്)... ചില നേരങ്ങളില്‍ വാര്‍ത്തകളുമായി വരുന്ന മറ്റു ചിലര്‍ അവര്‍ പറയുന്നതും കേട്ട് അവരോടോ അല്ലെങ്കില്‍ മറ്റുള്ളവരോടോ സംസാരിക്കാനാവാതെ നാല് ചുവരുകള്‍ക്കുള്ളില്‍ വീര്‍പ്പു മുട്ടുന്നവര്‍. ഇനി മറ്റൊരു കൂട്ടര്‍ പല വിഭാഗ ക്കാരുടെ കൂടെ ഒറ്റ മുറി പങ്കിട്ടു കിടക്കുന്നവര്‍. സഹ മുറിയന്‍ മാരുടെ വാചക കസര്‍ത്തും, മറ്റും സഹിക്കുനവര്‍ ..അവരെയും കുറ്റം പറയാനാവില്ല ജോലി സ്ഥലത്ത് മിണ്ടാനും മൂളാനും മലയാളികള്‍ പോലുമില്ലാത്ത സ്ഥലം... ആകെ കൂടി വായ തുറക്കുന്നത് രാത്രി സമയത്ത് കൂട്ടിനുള്ള സഹമുറിയന്‍മാരോട് മാത്രം. അത് കൊണ്ട് തന്നെ മലയാള ഭാഷ മറക്കാതെ ഇവര്‍ കാത്തു സൂക്ഷിക്കുന്നു.

ജോലി കഴിഞ്ഞു വരുമ്പോള്‍ വാങ്ങിക്കുന്ന പാര്‍സല്‍ ഭക്ഷണം ചിലര്‍ക്ക് രാത്രി ഭക്ഷണം ആവുന്നു. തിന്നു മടുത്ത പോറോട്ടയില്‍ നിന്നും മോചനം നേടാന്‍ ചിലര്‍ ദേശീയ ഭക്ഷണമായ കുബ്ബൂസില്‍ ശരണം പ്രാപിക്കുന്നു. മറ്റു ചിലര്‍ കൂട്ടം കൂടി താള മേളങ്ങളോടെ പച്ചക്കറി അരിഞ്ഞും അരി വേവിച്ചും കൂട്ടമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ അതായത് പ്രവാസിയുടെ ഒരു ദിവസത്തെ വയറു നിറച്ചുള്ള ഭക്ഷണം. FM റേഡിയോയില്‍ കൂടി ഒഴുകി എത്തുന്ന പ്രവാസികള്‍ക്ക് മാത്രം ആസ്വദിക്കാന്‍ പാകത്തില്‍ വരുന്ന nostalgic ഗാനങ്ങള്‍ ...." അരികില്‍.... നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചു പോയി ..........." ക്ഷീണിച്ചു തളര്‍ന്ന ശരീരവും നീറുന്ന മനസ്സുമായി പതിയെ മയക്കത്തിലേക്ക്. " അടുത്തത് ദുബായില്‍ നിന്നും രമേശ്‌ സ്വന്തം ഭാര്യക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്ന ഒരു ഗാനത്തോട്‌ കൂടി ഈ പരിപാടി അവസാനിക്കുന്നു" കൈ എത്താന്‍ പാകത്തില്‍ കിടക്കുന്ന FM ഓഫാക്കി ഗാഡ നിദ്രയിലേക്ക് .....
പ്രവാസിയുടെ ഓരോ ദിവസവും പുലരുന്നത് അപ്പുറത്തെ വീട്ടിലെ കോഴി കൂവുന്നത് കൊണ്ടൊന്നുമല്ല ..ഒട്ടു മിക്ക പേരും ഞെട്ടി ഉണരുകയാണ് പതിവ് . പാടുകള്‍ വീണ് കിടക്കുന്ന മൊബൈലില്‍ നിന്നും ചങ്ക് പൊട്ടും ശബ്ധത്തില്‍ അടിക്കുന്ന അലാറം കേട്ടുണരുന്നവന്‍  ഒരു നിമിഷം പരിസരം പോലും മറന്നു പോകുന്നു. രാത്രി കണ്ട കിനാക്കള്‍ മനസ്സില്‍ നിന്നും ഓടി ഒളിക്കാന്‍ വെമ്പുന്നത് ഉറക്കച്ചടവില്‍ എഴുന്നേല്‍ക്കുമ്പോള്‍ പോലും അവന്‍ തിരിച്ചറിയുന്നു. ചതുക്കു വീണ ചായ പാത്രത്തില്‍ ചൂട് വെള്ളം വെച്ച് പ്രഭാത കൃത്യങ്ങള്‍ക്ക് പോകുന്നവന്‍ ഒറ്റയ്ക്കാണ് താമസമെങ്കില്‍ അവന്‍റെ ഭാഗ്യം അല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോര്‍മില്‍ വരാന്‍ പോകുന്ന ട്രെയിന്‍ കാത്തു നില്‍ക്കുനതു പോലെ പൊട്ടിയ ബക്കറ്റുമായി ടോയിലട്ടിനു മുന്‍പില്‍ കാത്തിരിക്കേണ്ടി വരുന്നു. പിന്നീടങ്ങോട്ട് ഒരു യുദ്ധത്തിനു പുരപ്പെടുന്നവന്‍റെ തയ്യാറെടുപ്പുകളാണ്.

ചായ പാത്രത്തിലെ തിളച്ചു മറിയുന്ന വെള്ളത്തിലേക്ക്‌ ചായപൊടിയും പഞ്ചസാരയും ചേര്‍ത്ത് ഗ്ലാസിലേക്കു ഒഴിക്കുംബോഴേക്കും ചുമരില്‍ തൂങ്ങുന്ന ക്ലോക്കിന് സ്പീഡ് കൂടുതലാനെന്നുള്ള സ്ഥിരം പല്ലവി. ശേഷം  ഓഫീസിലേക്ക് പോകാനായി സിഗരറ്റ് കുറ്റികള്‍ വീണു കിടക്കുന്ന ഗോവണി പടിയില്‍ കൂടി താഴോട്ട്. ആറു മണിക്കും പൊള്ളുന്ന ചൂടില്‍ സ്കൂള്‍ കുട്ടികള്‍, സ്കൂള്‍ വാനിനു വേണ്ടി കാത്തു നില്‍ക്കുന്നത് പോലെ  തിങ്ങി നിറച്ചു വരുന്ന കമ്പനി  വാനിനായുള്ള കാത്തിരിപ്പ്‌. ഒടുക്കം വാനില്‍ ബംഗ്ലാദേശിയുടെയോ പാക്കിസ്ഥാനിയുടെയോ തൊട്ടടുത്ത്‌ ഇരിപ്പുറപ്പിച്ചുള്ള  യാത്ര. പുറത്ത് കാഴ്ചയില്‍ മിന്നി മറയുന്ന പടുകൂറ്റന്‍ കെട്ടിടങ്ങളും ഈന്തപന മരങ്ങളും താണ്ടി മുന്നോട്ട് പലരും ഇന്നലത്തെ ഉറക്കച്ചടവ് മാറാതെ വണ്ടിയില്‍ നിന്നും മയങ്ങുന്നുണ്ടായിരിക്കും. ഓഫീസ് കെട്ടിടത്തിനു മുന്‍പില്‍ വണ്ടി നിര്‍ത്തി ഓഫീസ് ജോലിയിലേക്ക് ചിലര്‍ നടന്നു നീങ്ങും. ചിലര്‍ വീണ്ടും വണ്ടിയില്‍ തന്നെ ഇരിക്കുനുണ്ടാവും അവരുടെ യാത്ര കെട്ടിടം പണിയുന്ന സൈറ്റിലെക്കായിരിക്കും. അവിടെ എത്തുമ്പോഴേക്കും പലരും ഇന്നലെ  ബാക്കിയാക്കി വെച്ച ഉറക്കത്തിന്‍റെ വിട്ടുപോയ ഭാഗങ്ങള്‍ കൂട്ടി ചേര്‍ത്ത് കാണും. ചുട്ടു പൊള്ളുന്ന ചൂടില്‍ തണുത്തുറഞ്ഞ മനസ്സുമായി അന്നത്തെ ജോലിയിലേക്ക്.
പകുതി തീര്‍ത്തു വെച്ച  അസ്ഥി പന്ജരങ്ങള്‍ മാത്രം നിര്‍മ്മാണത്തില്‍ ഇരിക്കുന്ന ബഹുനില കെട്ടിടത്തിന് മന്ജയും മാംസവും നല്‍കുവാന്‍ തലയില്‍ സേഫ്റ്റി ഹെല്‍മറ്റും ഉടല്‍ മുഴുവന്‍ മറക്കുന്ന കനം കൂടിയ  ഒറ്റ കുപ്പായത്തില്‍  എടുത്താല്‍ പൊങ്ങാത്ത സേഫ്റ്റി ഷൂസുമായി കെട്ടിടത്തിന്‍റെ ആറാം നിലയില്‍ മറയില്ലാതെ  സൂര്യന് താഴെ പൊള്ളുന്ന ചൂടും വെയിലും അവഗണിക്കാതെ ജോലിയില്‍ മുഴുകുന്നു. ഇടയ്ക്കിടെ കൂടെ കൊണ്ടുവന്ന കുപ്പി വെള്ളത്തില്‍ ആശ്വാസം കണ്ടെത്തുമ്പോഴും ഇവരുടെ മനസ്സില്‍ വേവലാതിയില്ല വിഷമങ്ങള്‍ മറക്കുന്നു ചിന്തകള്‍ കാടു കയറുന്നില്ല കാരണം ചിന്തിക്കാന്‍ സമയമില്ല.

 ഇതിനിടയിലും ഒരു വിഭാഗം സദാസമയം റോഡില്‍ തന്നെ. റോഡുകള്‍ വൃത്തിയായി കിടക്കുന്നതി ന്‍റെ പൂര്‍ണ്ണ അവകാശം ഇക്കൂട്ടര്‍ക്ക് മാത്രം ഒരു കയ്യില്‍ ചൂലും മറുകയ്യില്‍ പ്ലാസ്റ്റിക് കൂടുമായി ചുട്ടു പൊള്ളുന്ന വെയിലില്‍ റോഡില്‍ കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും യാത്രക്കിടയില്‍ പലരും വലിച്ചെറിയുന പെപ്സി ടിന്നുകളും പെറുക്കി റോഡ്‌ വൃത്തിയാക്കുന്നവര്‍. ചിലപ്പോഴൊക്കെ സന്മനസ്സുള്ളവര്‍ തങ്ങളുടെ വാഹനം നിര്‍ത്തി ഒരു റിയാലിന്‍റെയോ ഒരു ദിര്‍ഹത്തിന്‍റെയോ നോട്ടു വെച്ച് നീട്ടുമ്പോള്‍ വെയിലേറ്റു വരണ്ട ആ മുഖത്ത് ഒരു ചെറു  ചിരി സമ്മാനമായി നല്‍കി വീണ്ടും  കാറ്റില്‍ പാറി കളിക്കുന്ന പ്ലാസ്റ്റിക് സഞ്ചിയുടെ പിന്നാലെ ഓടുന്നു. ഇവരില്‍ ചിലര്‍ റോഡിന്‍റെ പല ഭാഗത്തായി വെച്ചിരിക്കുന്ന കുപ്പ പാത്രത്തില്‍ കയ്യിട്ടു പരതുന്നതും കാണാം അതില്‍   ഉപയോഗ ശൂന്യമായി ആരെങ്കിലും വലിച്ചെറിഞ്ഞ  വല്ല ഇരുമ്പിന്‍റെ സാധനങ്ങളും കാണുമോ എന്നുള്ള ആകാംക്ഷയില്‍  അടുത്ത കുപ്പ പാത്രവും തേടി പോകുന്നു ഇവരില്‍ കൂടുതലും ബംഗ്ലാദേശികള്‍.

അധിക ദിവസങ്ങളിലും വലിയ ആശുപത്രിക്ക് മുന്നില്‍ ഒരു മലയാളി കൂട്ടം കാണാന്‍ സാധിക്കും. ഒന്നുകില്‍ അസുഖം ബാധിച്ചു മരണമടഞ്ഞവന്‍റെ കൂട്ടുകാരോ അല്ലെങ്കില്‍ സഹപ്രവര്‍ത്തകരോ ആയിരിക്കും. അതുമല്ലെങ്കില്‍ റോഡപകടത്തില്‍ മരണമടഞ്ഞ അജ്ഞാതന്‍  എന്ന് വിളിക്കുന്ന നാട്ടില്‍ കുടുംബവും സ്വന്തക്കാരും ബന്ധക്കാരും ഉള്ള  ഏതോ പ്രവാസിയുടെ മൃത ദേഹം തിരിച്ചറിയുവാനും മറ്റും ഓടി നടക്കുന്ന ചില മലയാളി കൂട്ടായ്മകള്‍. അതില്‍ തന്നെ ആരാലും തിരിച്ചറിയപ്പെടാതെ ആശുപത്രിയുടെ ശീതീകരിച്ച മോര്‍ച്ചറിയില്‍ മാസങ്ങളോളം തണുത്ത് വിറങ്ങലിച്ചു കിടക്കുന്ന, പേരുണ്ടായിട്ടും നാടും വീടും കുടുംബവും ഉണ്ടായിട്ടും അജ്ഞാതന്‍ എന്ന പേരില്‍  കിടക്കുന്ന ഗള്‍ഫിലെ മണലാരണ്യത്തില്‍ ഒറ്റപെട്ടുപോയവന്‍ പിറന്ന നാട്ടില്‍ സ്വപ്‌നങ്ങള്‍ നെയ്തു നില്‍ക്കുന്നവര്‍ പോലും അറിയാതെ സ്വപ്നങ്ങളും വേവലാതികളും ഇല്ലാത്ത ലോകത്തിലേക്ക്‌ ആരോടും പറയാതെ പോയവര്‍.

മറ്റൊരു വിഭാഗം സ്പോന്‍സര്‍ എന്നും ഖഫീല്‍ എന്നും വിളിക്കുന്ന സ്വന്തം മുതലാളിമാരില്‍ നിന്നും പീഡനങ്ങള്‍ ഏറ്റു വാങ്ങി ഒളിചോടിയവര്‍ കയ്യില്‍ താമസ രേഖകളോ സ്വന്തം പാസ്പോര്‍ട്ടും പോലുമില്ലാതെ പോലീസിനെയും പാസ്പോര്‍ട്ട് വിഭാഗത്തെയും പേടിച്ചു ജീവിക്കുന്നവര്‍ . ഉറക്കത്തില്‍ പോലും പേടി സ്വപ്‌നങ്ങള്‍ കണ്ടു ഞെട്ടി ഉറക്കം പോലും നഷ്ട്ടപെടുന്നവര്‍. ഇവരില്‍ പലരും മലയാളികളാല്‍ ചതിക്കപ്പെ ട്ട് ഗള്‍ഫ് മോഹം മനസ്സില്‍ കൊണ്ട് നടന്ന്  സ്വന്തം ജീവിതവും അങ്ങിനെ പലതും പണയം വെച്ച് കടല്‍ കടന്നെത്തിയവര്‍. മോഹന വാഗ്ദാനങ്ങള്‍ നല്‍കി ചതിച്ചവരുടെ വലയില്‍ കുടുങ്ങി സ്വന്തം ജീവിതം ഊരാകുടുക്കുകളില്‍ കുടുക്കി  സ്വയം ബന്ധനസ്ഥരായവര്‍. ഒരു തിരിച്ചു പോക്കിനെ പറ്റി എന്നും ചിന്തിച്ച് ചിന്താ ശക്തി പോലും നഷ്ട്ടപെട്ട് നാട്ടുകാരുടെ ഭാഷയില്‍ കുടുംബം നോക്കാത്തവര്‍.
 
ഒരു ദിവസത്തെ ചൂടും ക്ഷീണവും പേറി വീണ്ടും അവരവര്‍ തങ്ങളുടെ താവളങ്ങളിലേക്ക് വീണ്ടും മടക്കം തൊട്ടടുത്തെ പള്ളയില്‍ നിന്നും ബാങ്ക് വിളിയുടെ ശബ്ദം " അല്ലാഹു അക്ബര്‍ ....അല്ലാഹു അക്ബര്‍ .........." സ്വയം ശുദ്ധിയായി പൊടി പിടിച്ചു കിടക്കുന്ന മനസ്സുമായി ദൈവത്തിന്‍റെ മുന്നില്‍ എല്ലാം മറന്ന് കരളുരുകി പ്രാര്‍ഥിക്കുന്നു പ്രാര്‍ഥനയില്‍ വീണ്ടും തെളിയുന്ന സ്വന്തക്കാരുടെ മുഖം പലപ്പോഴും വിടാതെ പിന്തുടരുന്ന യാത്ര പറഞ്ഞു  കരഞ്ഞു കലങ്ങിയ കുട്ടികളുടെയും ഭാര്യയുടെയും അമ്മയുടെയും അച്ഛന്‍റെയും മുഖം. പള്ളിയോട് ചേര്‍ന്ന് കിടക്കുന്ന തമിഴന്‍റെ ചെറിയ കടയില്‍ നിന്നും കുബ്ബൂസും ഒരു ചെറിയ കുപ്പി തൈരുമായ്‌ തിരിച്ച് സിഗരറ്റ് കുറ്റികള്‍ വീണു കിടക്കുന്ന ഗോവണിപ്പടിയില്‍ കൂടി മുകളിലോട്ട്. കുബ്ബൂസും തൈരും പുകയുന്ന വയറ്റിലേക്ക് ചവച്ചിറക്കുമ്പോള്‍ മുന്നിലെ  ടി വി യില്‍ തെളിയുന്ന പ്രവാസി മാമാങ്കത്തിന്‍റെ കേളികൊട്ട് മത്രിമാരുടെ പൊന്നാട അണിയിക്കലും പ്രവാസികള്‍ക്കുള്ള വാഗ്ദാന പെരുമഴയും. തൊട്ടടുത്ത്‌ കിടക്കുന്ന റിമോട്ടില്‍ വിരലമര്‍ത്തി ടിവിയും ഓഫാക്കി  FM  റേഡിയോവില്‍ കൈവിരലുകള്‍ പതിയെ അമര്‍ന്നു " തിരികെ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും ............."  തങ്ങളുടെ വിഹിതം കാത്തു നില്‍ക്കുന്ന മൂട്ടകള്‍ നിറഞ്ഞ പരുപരുത്ത കിടക്കയില്‍ വീണ്ടും മറ്റൊരു നാളെയുടെ ചിത്രവും മനസ്സില്‍ പേറി മയക്കത്തിലേക്ക്......

വാല്‍ കഷ്ണ്ണം :- അത്തര്‍ മണം വീശുന്ന ഗള്‍ഫുകാരന്‍റെ അറിയപ്പെടാതെ പോകുന്ന ചില നേര്‍കാഴ്ചകള്‍ പലരും പലപ്പോഴായി പറഞ്ഞു കൊണ്ടിരിക്കുന്ന എ സി മുറിയില്‍ സുഖവസിക്കുന്ന ഗള്‍ഫുകാര്‍..... ഞാന്‍ കണ്ടു മുട്ടിയ അവരില്‍ ചിലരുടെ ജീവിത ചിത്രങ്ങള്‍. ഇനിയും നമ്മള്‍ കാണാത്ത എത്രയോ ജീവിതങ്ങള്‍..... ഇന്നും ഈ മണലാരണ്യത്തില്‍ റിയാലുകകളുടെയും ദിര്‍ഹത്തിന്‍റെയും ദീനാറിന്‍റെയും കണക്കുകളില്‍ സ്വപ്‌നങ്ങള്‍ നെയ്തെടുക്കുന്നവര്‍ ...

Sunday, August 7, 2011

സുമനസ്ക്കരുടെ സഹായം തേടുന്നു

സ്വന്തം ജീവതത്തില്‍ കണ്ടതും അതിലേറെ അല്‍പ്പം സ്വന്തം ജീവിതവും കൂട്ടി കലര്‍ത്തി കുറച്ചു കഥകളും മറ്റും എഴുതിയ എനിക്ക് നിങ്ങളോട് പറയാന്‍ ഇന്ന് മറ്റൊരു കഥയാണ് എന്ന് വെച്ചാല്‍ ഒരു ജീവിത യാഥാര്‍ത്യത്തിന്‍റെയും, കരകയറാനാവാതെ  സ്വന്തം ജീവിതം രോഗ ശയ്യയിലുമായ ഒരു യുവാവിന്‍റെ ദയനീയ സ്ഥിതിയെ കുറിച്ചാണ്. പക്ഷെ ഈ യുവാവിന് രോഗ ശയ്യ യില്‍ നിന്നും ഉയര്‍ത്തെഴുന്നെല്‍പ്പിച്ചു നല്ല നിറമുള്ള ജീവിതം നല്‍കാന്‍ നിങ്ങള്‍ക്കും എനിക്കും സാധിച്ചെങ്കില്‍ എന്ന് മാത്രം ആശിച്ചു കൊണ്ട്. ഈ മയ്യഴിക്കാരന്‍റെ വീട്ടിന് കുറച്ചകലെയായി പെരിങ്ങാടി കവിയൂര്‍ എന്ന പ്രദേശത്ത് ഒരു വാടക വീട്ടില്‍ ഭാര്യയും നാല് പിഞ്ചു കുട്ടികളുമായി താമസിക്കുന്ന ഒരു ചെറുപ്പക്കാരന്‍ പേര് റഹീം വയസ്സ് 44 . രണ്ടു വൃക്കകളും തകരാറിലായി രോഗശയ്യയില്‍ സഹായ മനസ്ക്കരുടെ കാരുണ്യം തേടി കിടപ്പിലാണ്.  ഹാര്‍ട്ട്  രോഗിയും കൂടിയായ ഇദ്ദേഹത്തിന്‍റെ ചികിത്സയ്ക്കാവശ്യമായ ഭാരിച്ച തുക സ്വപ്നം കാണാന്‍  മാത്രമേ ഈ കുടുംബത്തിനു ഇന്ന് സാധിക്കുകയുള്ളൂ. ഇപ്പോള്‍ മാസം തോറും ചികിത്സയ്ക്കായി മാത്രം എഴായിരത്തില്‍പ്പരം രൂപ ചിലവഴിക്കുന്ന ഇദ്ദേഹത്തിന് തുടര്‍ ചികിത്സയ്ക്ക് വേണ്ടി സുമനസ്ക്കരുടെ സഹായം തേടുകയാണ്. പ്രസ്തുത കുടുംബത്തെ സഹായിക്കുവാനായി മാഹിയിലെ പ്രവാസികള്‍ തങ്ങളുടെ ഫേസ് ബുക്ക് കൂട്ടയ്മ്മയായ മയ്യഴി കൂട്ടത്തില്‍ കൂടി ഒരു എളിയ ശ്രമം നടത്തിവരുന്നുണ്ട് . ഈ പരിശ്രമത്തെ തുടര്‍ന്ന്  കുറച്ചു  പേര്‍ സഹായഹസ്തവുമായി വാന്നതില്‍ അതിയായ സന്തോഷവുമുണ്ട്. പക്ഷെ ഭാരിച്ച ചിലവു വരുന്ന ഇദ്ദേഹത്തിന്‍റെ ചികിത്സയ്ക്കായി ഇനിയും പണം കണ്ടെത്തേണ്ടതിനാല്‍ ഇന്ന് ഞാനും നിങ്ങള്‍ക്ക് മുന്‍പില്‍  ഈ ചെറിയ ഉദ്യമം അവതരിപ്പിക്കുകയാണ്.   തിരക്കുകളും അതുപോലെ നിരവധി പ്രശ്നങ്ങളും നിറഞ്ഞ ഈ ലോകത്തില്‍ പല ദിശകളിലേക്ക് സഞ്ചരിക്കുകയും പലതും ചിന്തിക്കുകയും ചെയ്യുന്ന നാം, ഒരു നിമിഷം ഇദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും, പരിശ്രമിക്കുകയും ചെയ്തെങ്കില്‍. അത് ഒരു പക്ഷെ ഈ യുവാവിന്‍റെ ജീവിതത്തിന് നിറം കൊടുക്കാന്‍ സാധിച്ചെങ്കില്‍ എന്ന് മാത്രം ആശിച്ചു പോകുന്നു. ഇദ്ദേഹത്തിനെ സഹായിക്കുവാന്‍ താത്പ്പര്യപ്പെടുന്നവര്‍, നേരിട്ട് ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ മറ്റു വിവരങ്ങള്‍ താഴെ :

ഫോണ്‍. റഹീം : 0091 9745 385 510 . ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ : 67102872549  .  C . RAHEEM .ബാങ്ക് : State Bank of Travancore , Tellicherry
ദുബായില്‍ ഉള്ളവര്‍ ബന്ധപ്പെടുക : ഇക്ബാല്‍ കൊട്ടി കൊളോണ്‍ . ഫോണ്‍ : 0505 756 437
ബഹ്‌റൈന്‍ നിവാസികള്‍ ബന്ധപ്പെടുക : സമീര്‍ പെരിങ്ങാടി . ഫോണ്‍ : 334 64274 . 395 30810 .
ഖത്തര്‍ നിവാസികള്‍ ബന്ധപെടുക  : ലിറാര്‍, ഫോണ്‍ : 555 04863
സൗദി അറേബ്യ - മുഹമ്മദ്‌ മുനീര്‍, ഫോണ്‍ : 0560 497 841 

Monday, July 18, 2011

അയമൂക്കയുടെ ഫേസ്ബുക്ക്





കാലത്തുള പത്രം വായനക്കിടയിലാണ് അപ്പുറത്തെ വീട്ടിലെ അയമൂക്കായുടെ നീട്ടിയുള്ള വിളി വന്നത് . ഇന്നും മിക്കവാറും ഏതാണ്ട് വല്ല സംശയവും കാണും. മനസ്സില്‍ ഈ കംപ്യുട്ടര്‍ കണ്ടു പിടിച്ചവനെ പ്രാകി കൊണ്ട് വിളി കേട്ടു. കാരണം മറ്റൊന്നുമല്ല ഇതിയാനു ഗഫിലുള്ള മകന്‍ അഷ്‌റഫ്‌ നാട്ടില്‍ വന്നപ്പോള്‍ ഒരു കംപ്യുട്ടര്‍ വാങ്ങി  കൊടുത്തു. അല്ലറ ചില്ലറ കംപ്യുട്ടര്‍  സാക്ഷരത നേടിയ അയമൂക്ക ഇപ്പോള്‍ പല്ല് തേപ്പു പോലും ഈ കമ്പ്യുട്ടറിന്‍റെ മുന്നില്‍ നിന്നാണെന്നാണ് കെട്ടിയോള് ആയിസുമ്മയുടെ പരാതി. പ്രായം 65   തികഞ്ഞെങ്കിലും അയമൂക്കയ്ക്ക് സത്യത്തില്‍ പതിനെട്ടിന്‍റെ ചുറു ചുറു ക്കാണ്. വിളി കേട്ടപ്പോഴേക്കും " നീ ഒന്നിങ്ങട്‌ വന്നെ". വേലിയില്‍ ഇന്നലത്തെ മഴയില്‍ വീണു കിടക്കുന്ന ഓല എടുത്തു മാറ്റി അയലത്തെ വീട്ടിലേക്ക്...

വെറുതെയല്ല ആയിസുമ്മ പരാതി പറയുന്നത്. പുള്ളി കമ്പ്യുട്ടറും നോക്കി എന്തോ തിരയുകയാണ് അകത്തേക്ക് കയറിയ പാടെ " മോനെ കുറെ നേരമായി ഞമ്മള് ഈ ഫേസ് ബുക്കിലെ ലൈക്ക് പരതുന്നു ആ പറഞ്ഞ സാധനം എത്ര നോക്കീട്ടും കാണുന്നില്ല" എന്‍റെ പടച്ചോനെ അതിനിടയില്‍ ഇതിയാന്‍ ഫേസ്ബുക്കിലോട്ടും കയറിയോ ? അകത്തു നിന്നും ചായയുമായി വരുന്ന ആയിസുമ്മയ്ക്ക് പറയാന്‍ പരാതികള്‍ എറെ " ഇങ്ങേര്‍ക്ക് രാത്രി ഉറക്കവുമില്ല പാതിരാ നേരം വരെ ഈ കുന്ത്രാണ്ടത്തിന്‍റെ മുന്നില്‍ ഒറ്റ ഇരിപ്പാണ്" ...എങ്ങിനെ ഇരിക്കാതിരിക്കും കളി ഫേസ്ബുക്കിലാണല്ലോ.. ഞാന്‍ ചോദിച്ചു "അല്ല  അയമൂക്ക ഈ ഫേസ് ബുക്കില്‍ എപ്പോള്‍ കയറി പറ്റി ? " ഞമ്മളെ ചെറുമോന്‍ ..അമീര്‍ പഠിപ്പിച്ചതാ..." ആട്ടെ എന്തിനാ അയമൂക്ക ഈ ലൈക്കിനെ പരതുന്നത് സൂത്രത്തില്‍ ഇടതുഭാഗത്തിരിക്കുന്ന ഫ്രണ്ട്സ് ലിസ്റ്റില്‍ ഒന്നൊളിഞ്ഞു നോക്കി ...ഒരു കുറെ ഫ്രണ്ട്സ് നിരന്നു കിടക്കുന്നു.  ശരിക്കും ഞെട്ടിയത് പ്രൊഫൈലില്‍ കൊടുത്ത ഫോട്ടോ കണ്ടപ്പോളാണ് സാക്ഷാല്‍ സല്‍മാന്‍ഖാന്‍ മസിലും പിടിച്ചു നില്‍ക്കുന്നു സ്ഥിരം ശൈലിയില്‍ ഷര്‍ട്ടും ഊരി കൊണ്ട്.

ചെറു മോന്‍ അമീറിന്‍റെ  വാക്കും കേട്ട് ആര്‍ക്കോ ലൈക്കടിക്കാന്‍ ലൈക്കും പരതി നടക്കുകയാണ് പാവം അയമൂക്ക. കൂടെ എന്നോട് ഒരു സംശയവും കൂടി " എല്ല മോനെ ഈ പഴയ ചങ്ങാതിമാരെ ഇതിലില്‍ കാണാമെന്ന് അമീര്‍ പറഞ്ഞു. അങ്ങനെങ്കില്‍ എന്‍റെ കൂടെ ഓത്തിനു പഠിച്ച ബീവാത്തൂനെ കാണാന്‍ പറ്റ്വോ ? ഹും തികച്ചും ന്യായമായ സംശയം ഞാന്‍ തൊട്ടടുത്തെങ്ങാനും ആയിസുമ്മ ഉണ്ടോ എന്നാണ് നോക്കിയത്. കാരണം ഒരു തമ്മില്‍ തല്ല് കാണാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. പണ്ടെവിടെയോ വായിച്ചതോര്‍മ്മയുണ്ട് ഈ ഫേസ് ബുക്കിന് മുന്നേ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ച ഓര്ക്കൂട്ട്  തുടങ്ങി വെച്ച വിദ്വാന്‍ കക്ഷിയുടെ പഴയ കാമുകിയെ കണ്ടു പിടിക്കാന്‍ വേണ്ടിയാണ് ഈ മഹാസംഭവം തുടങ്ങിയതെന്ന് . ഇവിടെ ഇതാ നമ്മുടെ നാട്ടില്‍ നമ്മുടെ അയമൂക്ക പഴയ ബാല്യകാലസഖിക്കായി ഫേസ് ബുക്കില്‍ മുഖവും കുത്തി തിരയുന്നു. ഹും നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്.....

മുന്‍പൊക്കെ അല്ലറ ചില്ലറ ചെറിയ പ്രശ്നങ്ങള്‍ ആണ് സംശയമെങ്കില്‍ ഇപ്പോള്‍ സംശയങ്ങളുടെ ഒരു കെട്ട് തന്നെ ഇതിയാന്‍റെ കൈവശം ഉണ്ട്. മുന്‍പൊരു ദിവസം സ്വന്തം വീട്ടിലെ കോലായില്‍ നിന്നും ഉച്ചത്തില്‍ വിളിച്ചു കൂവിയത് ഇന്നും ഓര്‍മ്മ വരുന്നു. അന്ന് കാലത്ത് ചെടിക്ക് വെള്ളം നനക്കാനായി പുറത്തിറങ്ങിയപ്പോഴാണ് അയമൂക്ക ജനലില്‍ കൂടി എന്നെ കണ്ടതും " നീ ഒന്നിങ്ങട്‌ ബരുവോ എന്‍റെ കണ്ട്രോള്‍ പോയി" എന്ന് പറയുന്നത് . ഞാന്‍ ആകെ തരിച്ചു പോയി ഇതെന്ത് കഥ ? കണ്ട്രോള്‍ പോവുകയോ ? ചെന്ന് നോക്കിയപ്പോഴല്ലേ കാര്യം പിടി കിട്ടിയത്. എന്തോ ഒരുക്കി വെക്കുന്നതിനിടയില്‍ ഇങ്ങേരുടെ കീ ബോര്‍ഡ് താഴെ വീണ് കണ്ട്രോള്‍ ബട്ടണ്‍ ഇളകി തെറിച്ചു കിടക്കുകയാണ്. സത്യത്തില്‍ ഇത് കേട്ടപ്പോള്‍  എന്‍റെ കണ്ട്രോള്‍ പോകാതിരുന്നത് ഭാഗ്യം.

ഇടയ്ക്കിടെ സ്വന്തം മകനെ പുകഴ്ത്തി പുകഴ്ത്തി സംസാരിക്കും എങ്ങിനെ സംസാരിക്കാതിരിക്കും? ബാല്യകാലസഖിയെ തിരഞ്ഞു കണ്ടു പിടിക്കാനും സല്‍മാന്‍ഖാന്‍റെ ഫോട്ടോയും ഇട്ട് വിലസാനും പറ്റിയ സാധനമല്ലേ പുന്നാര മകന്‍ കൊണ്ട് കൊടുത്തിരിക്കുന്നത്. കാര്യം ഉപ്പനെയും ഉമ്മാനെയും നേരില്‍ കണ്ടു  സംസാരിക്കാന്‍ വേണ്ടി വാങ്ങി കൊടുത്തതാണെങ്കിലും എനിക്കെപ്പോഴും പണിയാണ്.  എന്‍റെ പുറത്തേക്കുള്ള വഴിയില്‍ ഇതിയാന്‍ എടുത്താല്‍ പൊങ്ങാത്ത ഇമ്മിണി വല്യ ചോദ്യവും സംശയവുമായി ചാടി വീഴും. പോരാത്തതിന് എന്നും ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ പള്ളിയിലേക്ക് ഓടുന്ന അയമൂക്ക ഇപ്പോള്‍ പലതും മറന്ന് കംപ്യുട്ടര്‍ സ്ക്രീനില്‍ പരതി നടക്കുന്നു. ഫേസ് ബുക്കില്‍ കയറി ലൈക്കും അടിച്ച്,  തീര്‍ത്താല്‍ തീരാത്ത സംശയവും പേറി ഇപ്പോഴും എന്‍റെ മുറ്റത്തേക്ക് നോക്കിയിരിപ്പുണ്ടാവും... 

ഓത്തിനു കൂടെ പഠിച്ച  പഴയ ബീവാത്തൂനെ അയമൂക്ക  കണ്ടോ ആവോ ?
Related Posts Plugin for WordPress, Blogger...