Monday, November 8, 2010

എന്‍റെ സഹമുറിയന്‍

ജോലി കഴിഞ്ഞ് വന്നു കയറിയപ്പോള്‍  തുടങ്ങിയതാണ്‌ എന്‍റെ ചെരുപ്പിനായുള്ള തിരച്ചില്‍. രാവിലെ ജോലിക്ക് പോകുമ്പോള്‍ റൂമിന്‍റെ പുറത്തു വെച്ച് ഞങ്ങള്‍ ( ഞാനും എന്‍റെ ചെരുപ്പും)  ടാറ്റ പറഞ്ഞു പിരിഞ്ഞതാണ്. സ്വന്തമായി നടന്നു പോകാന്‍ കഴിവില്ലാത്തത് കൊണ്ട്. കൂടുതല്‍ സംശയിക്കേണ്ടി വന്നില്ല. ആരെങ്കിലും കൂടെ കൂട്ടി പോയതായിരിക്കും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ കണ്ടവരുടെ കൂടെ ഇറങ്ങി പോകുന്നത്.

മുക്കിലും മൂലയിലും ചെരുപ്പ്  നോക്കിനടക്കുമ്പോള്‍ അപ്പുറത്തെ റൂമിലെ ഷാജി വിളിച്ചു ചോദിച്ചു " എന്താ ഇക്കാ പരതുന്നത് " ഞാന്‍ പറഞ്ഞു " എന്‍റെ ചെരിപ്പിനെ കണ്ടോ? " ഇല്ല എന്ന ഷാജിയുടെ ഉത്തരം കേട്ടു  തിരിച്ചു നടന്നു  റൂമില്‍ കയറി. ചെരുപ്പില്ലാതെ എങ്ങിനെ ഞാന്‍ ബാത്ത്റൂമില്‍ പോകും.

ആലോചിച്ചിരിക്കുമ്പോഴായിരുന്നു എന്‍റെ സഹമുറിയന്‍റെ കാര്യം ഓര്‍മ്മ വന്നത്. പുള്ളിയുടെ ചെരുപ്പിനായി അടുത്ത തിരച്ചില്‍ സാധനം പുരാതന ശേഖരത്തില്‍ വെക്കേണ്ടതാണെങ്കിലും തല്‍ക്കാല കാര്യത്തിനു ഉപകരിക്കുമല്ലോ ? കട്ടിലിനടിയിലും എന്നുവേണ്ട അലമാരിക്കിടയിലും ഒക്കെ അരിച്ചു പെറുക്കിയിട്ടും സഹമുറിയന്‍റെ ആ പുരാതനവും , അമൂല്യവുമായ  ആ  ചെരുപ്പും കാണാനില്ല. ഒരു കാര്യം ഉറപ്പാണ് സഹമുറിയന്‍റെ ചെരുപ്പ് പുറത്തു പോകാന്‍ വഴിയില്ല. കാരണം  കൂടെ കൂട്ടി നടക്കാന്‍ മാത്രം ഭംഗിയൊന്നുമില്ല പോരാത്തതിന് തെളിച്ച വഴിയെ നടക്കില്ല വള്ളി പൊട്ടിയ വികലാംഗനാണ്.

വീണ്ടും ഞാന്‍ ഒരു സെ ര്‍ച്ച് (ഗൂഗിള്‍ സെര്‍ച്ചില്‍ അല്ല )  നടത്തുമ്പോഴാണ്  കതകില്‍ മുട്ട് വന്നത്. തുറന്നു നോക്കിയപ്പോള്‍ മറ്റാരുമല്ല എന്‍റെ സഹമുറിയന്‍ തന്നെ.  പുള്ളി ജനിച്ചതും വളര്‍ന്നതും കര്‍ണ്ണാടകയില്‍ വയസ്സ് 45. ഇവിടെ (സൌദിയില്‍ ) ഒരു കമ്പനിയില്‍ കണക്കപിള്ളയായി ജോലി ചെയ്യുന്നു. വന്ന പാടെ സ്ഥിരം ശൈലിയില്‍ സിഗരറ്റിനു തീ കൊളുത്തി കസാരയിലോട്ട് അമര്‍ന്നിരിന്നു. എന്‍റെ അരിച്ചുപെറുക്കിയുള്ള തിരച്ചില്‍ കണ്ടപാടെ എന്നോടു കാര്യം തിരക്കി ഞാന്‍ എന്‍റെ ചെരുപ്പ് മറ്റാരുടെയോ കൂടെ പോയ കാര്യം പറഞ്ഞു. അപ്പോഴാണ്‌ പുള്ളിയുടെ ഒരു ബാഗ്‌  തുറന്ന് ആ അമൂല്യ ചെരുപ്പ് എനിക്ക് തന്ന് "തല്‍ക്കാലം ഇത് ഉപയോഗിക്ക്" എന്ന് പറയുന്നത്.

ഞാന്‍ ചോദിച്ചു " ഇതെന്തിനാ ബാഗില്‍  വെച്ചത്  ?" എന്ന്. " ആരെങ്കിലും നിന്‍റെ ചെരുപ്പ് എടുത്തു പോയത് പോലെ കൊണ്ട് പോയാലോ" എന്നുള്ള ഉത്തരം കേട്ടിട്ട് എനിക്ക് എന്‍റെ ചിരി നിയന്ത്രിക്കാന്‍ ഒരു കുറെ പാടുപെടേണ്ടി വന്നു. പുള്ളിക്ക് അതുപോലെ മറ്റനേകം അമൂല്യ ശേഖരങ്ങള്‍ ഉണ്ട്. ഒട്ടു മിക്കതും ഞാന്‍ പോലും കണ്ടിട്ടില്ലാത്തവയാണ്.

തല്‍ക്കാലത്തെ ആവശ്യം കഴിഞ്ഞ് അമൂല്യമായ ചെരിപ്പ് തിരിച്ചു കൊടുത്ത്. പുറത്തെ റോഡും നോക്കി നില്‍ക്കുമ്പോള്‍. എന്‍റെ ചെരിപ്പിന്‍ പുറത്തു കയറി വരുന്ന ആ  മഹാനെ കണ്ടു. ഇതുവരെ ഞാന്‍ കാണാത്ത ഒരു പുതിയ മുഖം . വന്ന പാടെ എന്‍റെ റൂമിന്‍റെ അരികില്‍ ഒന്നുമറിയാത്തവനെപ്പോലെ  ചെരിപ്പഴിച്ച് വെച്ച് അടുത്ത റൂമിലേക്ക്‌ പോയി. കണ്ടു പരിചയം പോലുമില്ലാത്തവന്‍റെ കൂടെ ഇറങ്ങിപ്പോയത്തിനു ചെരിപ്പിനെ ദേഷ്യത്തോടെ നോക്കി ഇരിക്കുമ്പോഴാണ് റൂമിന്‍റെ  അകത്തുനിന്നും ഒരു വലിയ ശബ്ദം കേട്ടത്. റൂം തുറന്ന് അകത്തു കയറി നോക്കുമ്പോള്‍ കൈപ്പിടിയില്‍ ഒരു കഷ്ണം പൈപ്പുമായി വെള്ളത്തില്‍ കുളിച്ച് നില്‍ക്കുന്ന സാക്ഷാല്‍ സഹമുറിയന്‍.

സ്ഥിര വ്യായാമ മുറകള്‍ക്കിടയില്‍ ഗ്ലാസ്‌ കഴുകാനായി ടാപ്പ് തുറന്നതാണ് പോലും. ടാപ്പിനു മേല്‍ ശക്തി പരീക്ഷിച്ചാല്‍ ഇതും സംഭവിക്കും എന്ന് ഒരു പക്ഷെ അന്നാദ്യമായി പുള്ളിക്ക്  മനസ്സിലായിക്കാണും. തത്ക്കാലത്തേക്ക് പൈപ്പിനുള്ളില്‍ തുണി തിരുകി കയറ്റി ആ പ്രശ്നം പരിഹരിച്ചു.

സഹമുറിയന്‍റെ ചവിട്ടു നാടകം ( വ്യായാമം ) തകൃതിയായി നടക്കുകയാണ്. ഇടയ്ക്കിടെ ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത്‌ വല്ല മസിലും വന്നോ എന്ന് നോക്കി കൊണ്ട്, വ്യായാമത്തിന്‍റെ മഹത്വവും വിവരിക്കുന്നുണ്ട്.  ഈ കലാപരിപാടി കഴിഞ്ഞാലെ എനിക്ക് അടുക്കളയിലേക്കോ മറ്റോ ഒന്ന് പോകാന്‍ പറ്റുകയുള്ളൂ . റൂമിന്‍റെ മധ്യത്തില്‍  ആണ് ചവിട്ടു നാടകത്തിന്‍റെ താത്കാലിക സ്റ്റേജ്. സംഭവത്തിനിടയില്‍ അതുവഴിയെങ്ങാനും നടന്നാല്‍ സഹമുറിയന്‍റെ ചവിട്ട് കിട്ടി ചിലപ്പോള്‍ ശ്വാസം പോയി കിടക്കേണ്ടി വരും. അതുകൊണ്ട് അക്ഷമനായി ടി. വി യും നോക്കി ഇരിപ്പാണ്.

സഹമുറിയന്‍റെ താത്ക്കാലിക ഇടവേളയില്‍ ഒരുവിധം പുറത്തേക്കിറങ്ങിയ ഞാന്‍  ആകാശത്തില്‍ കൂടി പറന്നകലുന്ന വിമാനത്തിനെയും നോക്കി അതിന്‍റെ യാത്ര ഇന്ത്യയിലെക്കണോ? അതോ അമേരിക്കയിലെക്കാണോ ? എന്നൊക്കെ തല പുകഞ്ഞ്‌ ആലോചിക്കുകയായിരുന്നു. അപ്പോഴാണ്‌ വീണ്ടും മുറിയില്‍ നിന്നും  ഒരു വലിയ ശബ്ദം കേട്ടത് . ഈ പ്രാവശ്യത്തെ ശബ്ദം ഇത്തിരി വലുതായിരുന്നു.

ഓടി കതകു തുറന്ന് നോക്കുമ്പോള്‍ മുറിയില്‍ സഹമുറിയനില്ല വിളിച്ചു നോക്കി, തറയിലോട്ടു നോക്കി,  ഇല്ല ഭൂമി പിളര്‍ന്നിട്ടൊന്നുമില്ല പിന്നെ ആളെവിടെ ? വീണ്ടും ഉച്ചത്തില്‍ വിളിച്ചു നോക്കി.. എവിടെ നിന്നോ ഒരു ചെറിയ ഞരക്കം മാത്രം കേള്‍ക്കാം എവിടെ നിന്നാണെന്നറിയാന്‍ കാതോര്‍ത്തു. ഒരു കാര്യം മനസ്സിലായി ഞരക്കം കേള്‍ക്കുന്നത് സഹമുറിയന്‍റെ കട്ടിലിനടിയില്‍ നിന്നാണ്. കട്ടിലിനടിയില്‍ നോക്കുമ്പോള്‍ കട്ടില്‍ പൊട്ടി താഴെ കിടക്കുന്നു സാക്ഷാല്‍ സഹമുറിയന്‍. കട്ടിലിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. അത്യാവശ്യം തടിയുള്ള സഹമുറിയനെ ഒറ്റയ്ക്ക് പൊക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു.

അടുത്ത മുറിയിലുള്ളവരെയും കൂട്ടി ഒരുവിധം വലിച്ചു പുറത്തിട്ടു. എല്ലാവരും റൂമില്‍ നിന്ന് പുറത്ത് കടന്നപ്പോള്‍ ഞാന്‍ പതുക്കെ ചോദിച്ചു " എന്താണ് മാഷേ സത്യത്തില്‍ സംഭവിച്ചത് ?" ഒരു ഞരക്കത്തോടെ ആയിരുന്നു മറുപടി " കണ്ണാടി നോക്കി ചെയ്യാന്‍ സാധിക്കാത്തത് കാരണം കട്ടിലില്‍ കയറി, കണ്ണാടി നോക്കി,  വ്യായാമം ചെയ്യുമ്പോള്‍ ആയിരുന്നു കട്ടില്‍ പൊട്ടി താഴേക്കു പോയത്."

കട്ടിലില്‍ കയറി ശക്തി പരീക്ഷിച്ചാല്‍ ഇതും സംഭവിക്കും എന്നും ഒരു പക്ഷെ അന്നാദ്യമായി പുള്ളിക്ക്  മനസ്സിലായിക്കാണും. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ സഹമുറിയന്‍റെ  കൂര്‍ക്കം വലിക്ക് ഇത്തിരി ശബ്ദ കൂടുതല്‍ ഉണ്ടോ.... എന്നൊരു സംശയം.....

1 comment:

  1. "അബു കാസിമിന്റെ ചെരുപ്പ്" ഓര്‍മ്മ വന്നു.നന്നായി എഴുതിയിട്ടുണ്ട് അനുഭങ്ങള്‍

    ReplyDelete

Related Posts Plugin for WordPress, Blogger...