Monday, July 18, 2011

അയമൂക്കയുടെ ഫേസ്ബുക്ക്





കാലത്തുള പത്രം വായനക്കിടയിലാണ് അപ്പുറത്തെ വീട്ടിലെ അയമൂക്കായുടെ നീട്ടിയുള്ള വിളി വന്നത് . ഇന്നും മിക്കവാറും ഏതാണ്ട് വല്ല സംശയവും കാണും. മനസ്സില്‍ ഈ കംപ്യുട്ടര്‍ കണ്ടു പിടിച്ചവനെ പ്രാകി കൊണ്ട് വിളി കേട്ടു. കാരണം മറ്റൊന്നുമല്ല ഇതിയാനു ഗഫിലുള്ള മകന്‍ അഷ്‌റഫ്‌ നാട്ടില്‍ വന്നപ്പോള്‍ ഒരു കംപ്യുട്ടര്‍ വാങ്ങി  കൊടുത്തു. അല്ലറ ചില്ലറ കംപ്യുട്ടര്‍  സാക്ഷരത നേടിയ അയമൂക്ക ഇപ്പോള്‍ പല്ല് തേപ്പു പോലും ഈ കമ്പ്യുട്ടറിന്‍റെ മുന്നില്‍ നിന്നാണെന്നാണ് കെട്ടിയോള് ആയിസുമ്മയുടെ പരാതി. പ്രായം 65   തികഞ്ഞെങ്കിലും അയമൂക്കയ്ക്ക് സത്യത്തില്‍ പതിനെട്ടിന്‍റെ ചുറു ചുറു ക്കാണ്. വിളി കേട്ടപ്പോഴേക്കും " നീ ഒന്നിങ്ങട്‌ വന്നെ". വേലിയില്‍ ഇന്നലത്തെ മഴയില്‍ വീണു കിടക്കുന്ന ഓല എടുത്തു മാറ്റി അയലത്തെ വീട്ടിലേക്ക്...

വെറുതെയല്ല ആയിസുമ്മ പരാതി പറയുന്നത്. പുള്ളി കമ്പ്യുട്ടറും നോക്കി എന്തോ തിരയുകയാണ് അകത്തേക്ക് കയറിയ പാടെ " മോനെ കുറെ നേരമായി ഞമ്മള് ഈ ഫേസ് ബുക്കിലെ ലൈക്ക് പരതുന്നു ആ പറഞ്ഞ സാധനം എത്ര നോക്കീട്ടും കാണുന്നില്ല" എന്‍റെ പടച്ചോനെ അതിനിടയില്‍ ഇതിയാന്‍ ഫേസ്ബുക്കിലോട്ടും കയറിയോ ? അകത്തു നിന്നും ചായയുമായി വരുന്ന ആയിസുമ്മയ്ക്ക് പറയാന്‍ പരാതികള്‍ എറെ " ഇങ്ങേര്‍ക്ക് രാത്രി ഉറക്കവുമില്ല പാതിരാ നേരം വരെ ഈ കുന്ത്രാണ്ടത്തിന്‍റെ മുന്നില്‍ ഒറ്റ ഇരിപ്പാണ്" ...എങ്ങിനെ ഇരിക്കാതിരിക്കും കളി ഫേസ്ബുക്കിലാണല്ലോ.. ഞാന്‍ ചോദിച്ചു "അല്ല  അയമൂക്ക ഈ ഫേസ് ബുക്കില്‍ എപ്പോള്‍ കയറി പറ്റി ? " ഞമ്മളെ ചെറുമോന്‍ ..അമീര്‍ പഠിപ്പിച്ചതാ..." ആട്ടെ എന്തിനാ അയമൂക്ക ഈ ലൈക്കിനെ പരതുന്നത് സൂത്രത്തില്‍ ഇടതുഭാഗത്തിരിക്കുന്ന ഫ്രണ്ട്സ് ലിസ്റ്റില്‍ ഒന്നൊളിഞ്ഞു നോക്കി ...ഒരു കുറെ ഫ്രണ്ട്സ് നിരന്നു കിടക്കുന്നു.  ശരിക്കും ഞെട്ടിയത് പ്രൊഫൈലില്‍ കൊടുത്ത ഫോട്ടോ കണ്ടപ്പോളാണ് സാക്ഷാല്‍ സല്‍മാന്‍ഖാന്‍ മസിലും പിടിച്ചു നില്‍ക്കുന്നു സ്ഥിരം ശൈലിയില്‍ ഷര്‍ട്ടും ഊരി കൊണ്ട്.

ചെറു മോന്‍ അമീറിന്‍റെ  വാക്കും കേട്ട് ആര്‍ക്കോ ലൈക്കടിക്കാന്‍ ലൈക്കും പരതി നടക്കുകയാണ് പാവം അയമൂക്ക. കൂടെ എന്നോട് ഒരു സംശയവും കൂടി " എല്ല മോനെ ഈ പഴയ ചങ്ങാതിമാരെ ഇതിലില്‍ കാണാമെന്ന് അമീര്‍ പറഞ്ഞു. അങ്ങനെങ്കില്‍ എന്‍റെ കൂടെ ഓത്തിനു പഠിച്ച ബീവാത്തൂനെ കാണാന്‍ പറ്റ്വോ ? ഹും തികച്ചും ന്യായമായ സംശയം ഞാന്‍ തൊട്ടടുത്തെങ്ങാനും ആയിസുമ്മ ഉണ്ടോ എന്നാണ് നോക്കിയത്. കാരണം ഒരു തമ്മില്‍ തല്ല് കാണാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. പണ്ടെവിടെയോ വായിച്ചതോര്‍മ്മയുണ്ട് ഈ ഫേസ് ബുക്കിന് മുന്നേ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ച ഓര്ക്കൂട്ട്  തുടങ്ങി വെച്ച വിദ്വാന്‍ കക്ഷിയുടെ പഴയ കാമുകിയെ കണ്ടു പിടിക്കാന്‍ വേണ്ടിയാണ് ഈ മഹാസംഭവം തുടങ്ങിയതെന്ന് . ഇവിടെ ഇതാ നമ്മുടെ നാട്ടില്‍ നമ്മുടെ അയമൂക്ക പഴയ ബാല്യകാലസഖിക്കായി ഫേസ് ബുക്കില്‍ മുഖവും കുത്തി തിരയുന്നു. ഹും നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്.....

മുന്‍പൊക്കെ അല്ലറ ചില്ലറ ചെറിയ പ്രശ്നങ്ങള്‍ ആണ് സംശയമെങ്കില്‍ ഇപ്പോള്‍ സംശയങ്ങളുടെ ഒരു കെട്ട് തന്നെ ഇതിയാന്‍റെ കൈവശം ഉണ്ട്. മുന്‍പൊരു ദിവസം സ്വന്തം വീട്ടിലെ കോലായില്‍ നിന്നും ഉച്ചത്തില്‍ വിളിച്ചു കൂവിയത് ഇന്നും ഓര്‍മ്മ വരുന്നു. അന്ന് കാലത്ത് ചെടിക്ക് വെള്ളം നനക്കാനായി പുറത്തിറങ്ങിയപ്പോഴാണ് അയമൂക്ക ജനലില്‍ കൂടി എന്നെ കണ്ടതും " നീ ഒന്നിങ്ങട്‌ ബരുവോ എന്‍റെ കണ്ട്രോള്‍ പോയി" എന്ന് പറയുന്നത് . ഞാന്‍ ആകെ തരിച്ചു പോയി ഇതെന്ത് കഥ ? കണ്ട്രോള്‍ പോവുകയോ ? ചെന്ന് നോക്കിയപ്പോഴല്ലേ കാര്യം പിടി കിട്ടിയത്. എന്തോ ഒരുക്കി വെക്കുന്നതിനിടയില്‍ ഇങ്ങേരുടെ കീ ബോര്‍ഡ് താഴെ വീണ് കണ്ട്രോള്‍ ബട്ടണ്‍ ഇളകി തെറിച്ചു കിടക്കുകയാണ്. സത്യത്തില്‍ ഇത് കേട്ടപ്പോള്‍  എന്‍റെ കണ്ട്രോള്‍ പോകാതിരുന്നത് ഭാഗ്യം.

ഇടയ്ക്കിടെ സ്വന്തം മകനെ പുകഴ്ത്തി പുകഴ്ത്തി സംസാരിക്കും എങ്ങിനെ സംസാരിക്കാതിരിക്കും? ബാല്യകാലസഖിയെ തിരഞ്ഞു കണ്ടു പിടിക്കാനും സല്‍മാന്‍ഖാന്‍റെ ഫോട്ടോയും ഇട്ട് വിലസാനും പറ്റിയ സാധനമല്ലേ പുന്നാര മകന്‍ കൊണ്ട് കൊടുത്തിരിക്കുന്നത്. കാര്യം ഉപ്പനെയും ഉമ്മാനെയും നേരില്‍ കണ്ടു  സംസാരിക്കാന്‍ വേണ്ടി വാങ്ങി കൊടുത്തതാണെങ്കിലും എനിക്കെപ്പോഴും പണിയാണ്.  എന്‍റെ പുറത്തേക്കുള്ള വഴിയില്‍ ഇതിയാന്‍ എടുത്താല്‍ പൊങ്ങാത്ത ഇമ്മിണി വല്യ ചോദ്യവും സംശയവുമായി ചാടി വീഴും. പോരാത്തതിന് എന്നും ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ പള്ളിയിലേക്ക് ഓടുന്ന അയമൂക്ക ഇപ്പോള്‍ പലതും മറന്ന് കംപ്യുട്ടര്‍ സ്ക്രീനില്‍ പരതി നടക്കുന്നു. ഫേസ് ബുക്കില്‍ കയറി ലൈക്കും അടിച്ച്,  തീര്‍ത്താല്‍ തീരാത്ത സംശയവും പേറി ഇപ്പോഴും എന്‍റെ മുറ്റത്തേക്ക് നോക്കിയിരിപ്പുണ്ടാവും... 

ഓത്തിനു കൂടെ പഠിച്ച  പഴയ ബീവാത്തൂനെ അയമൂക്ക  കണ്ടോ ആവോ ?

6 comments:

  1. എപ്പോഴാണ് അയമൂക്കയെയും തിരഞ്ഞ് ഒരു കത്രീന കൈഫ്‌ വരുന്നതെന്ന് നോക്കിയാല്‍ മതി!!
    സംഗതി ജോറായിട്ടുണ്ട് മുനീര്‍..

    ReplyDelete
  2. ഹും നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്. ..

    ReplyDelete
  3. ഇത് ഇങ്ങള് കലക്കീട്ടാ ബായീ..ഒരു ബഷീര്‍ നോവലിന്‍റെ സുഖം... 'അയമൂക്ക' rocked !! keep posting..

    ReplyDelete
  4. "പണ്ടെവിടെയോ വായിച്ചതോര്‍മ്മയുണ്ട് ഈ ഫേസ് ബുക്ക് തുടങ്ങി വെച്ച വിദ്വാന്‍ കക്ഷിയുടെ പഴയ കാമുകിയെ കണ്ടു പിടിക്കാന്‍ വേണ്ടിയാണ് ഈ മഹാസംഭവം തുടങ്ങിയതെന്ന് " /

    അതു ഫേസ്ബുക്കിനെക്കുറിച്ചല്ല.. ഓര്‍ക്കുട്ടാണു പ്രതി

    ReplyDelete

Related Posts Plugin for WordPress, Blogger...