Tuesday, July 10, 2012

ജീവിതത്തിനു മേല്‍ സ്വയം കുരുക്കിടുന്നവര്‍

പ്രവാസ ലോകത്ത് ഈ അടുത്ത കാലത്തായി  ആത്മഹത്യാ നിരക്കുകള്‍ കൂടി വരുന്നതായി കാണുന്നു. ഒരു മുഴം കയറില്‍ എന്നെന്നേക്കുമായി ജീവിതം അവസാനിപ്പിച്ചവര്‍. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ജീവിതത്തെ പച്ച പിടിപ്പിക്കാന്‍ മണലാരണ്യത്തിലേക്ക് ചേക്കേറിയവര്‍. സ്വര്‍ണ്ണം വിളയുന്ന ഗള്‍ഫു നാടിന്‍റെ വര്‍ണ്ണ ചിത്രം മനസ്സിന്‍റെ ക്യാന്‍വാസില്‍ പകര്‍ത്തി ഗള്‍ഫു ഭൂമിയില്‍ ഇറങ്ങുന്നവന്‍ കാലക്രമേണ  മരുഭൂമിയിലെ പൊള്ളുന്ന യാഥാര്‍ത്യങ്ങള്‍ തിരിച്ചറിയാനാവാതെ പകച്ചു നിന്ന് ഒടുവില്‍ സ്വന്തം ജീവിതം അന്യ നാട്ടിലെ ആളൊഴിഞ്ഞ മുറിയില്‍ അവസാനിപ്പിക്കുന്നു . 

 ചിലര്‍ സ്വന്തം ഭാര്യയെയും പിഞ്ചു കുട്ടികളെയും തന്നോടൊപ്പം മരണത്തിന്‍റെ വഴിയില്‍ കൂടെ കൂട്ടുന്നു. ഗള്‍ഫു രാജ്യങ്ങളിലെ ആത്മഹത്യാ നിരക്കില്‍ മുന്‍പന്തിയില്‍ ഇന്ത്യക്കാര്‍ ആണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ആത്മഹത്യാ കാരണങ്ങള്‍ അന്വേഷിച്ചു പോയാല്‍ കൂടുതലും സാമ്പത്തിക പ്രയാസങ്ങള്‍ മൂലം ജീവിതത്തിനു നിറം നല്‍കാന്‍ കഴിയാത്ത പ്രവാസിയുടെ അവസാന ആശ്വാസം ഒരു മുളം കയറില്‍ അവസാനിപ്പിച്ചതായി കാണാം. പക്ഷെ ആത്മഹത്യ ചെയ്യുന്നവന്‍ പെട്ടെന്നുള്ള ഒരു തീരുമാനത്തിലൂടെ ആത്മഹത്യ ചെയ്യുന്നു എന്ന് കരുതാന്‍ സാധിക്കില്ല. മാനസിക സംഘര്‍ഷവും അതിനെ തുടര്‍ന്നുള്ള ഒറ്റപെടലും അവനെ പലപ്പോഴും ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നു. ഇത്തരക്കാര്‍ കൂടുതലും വിഷാദരോഗത്തിന് അടിമപെട്ടവര്‍ ആവാം. പിന്നീട് അവന്‍റെ തീരുമാനങ്ങള്‍ അവന്‍റെത് മാത്രം ആയി കണ്ട് കടലിനക്കരെ സ്വന്തം നാട്ടില്‍ തന്നെയും  കാത്തു നില്‍ക്കുന്നവരുടെ, കൂട പിറപ്പുകളുടെ ചിന്ത പോലും ഇല്ലാതെ അവന്‍റെ മനസ്സ്, അവന്‍റെ ലോകവും അവനും മാത്രം ആയി ചുരുങ്ങുന്നു.

ആത്മഹത്യ കാരണങ്ങളില്‍ ഏറ്റവും വലിയ വില്ലന്‍ സാമ്പത്തിക പ്രയാസങ്ങള്‍ തന്നെ ആണ് . ഒരളവില്‍ ആ പ്രയാസങ്ങള്‍ ഒരു പ്രവാസി സ്വയം വരുത്തി വെക്കുന്നു എന്നും വേണമെങ്കില്‍ പറയാം. ചിലര്‍ കൊള്ള പലിശക്കാരുടെയും ബ്ലേഡ് മാഫിയകളുടെയും നീരാളി പിടുത്തത്തില്‍ നിന്നും ഒഴിവാകാന്‍ ആവാതെ സ്വയം ജീവിതം അവസാനിപ്പിക്കുന്നു ..ഇവരില്‍ ഏറിയ പങ്കും തങ്ങളുടെ  കച്ചവടം,  ഉള്ളതില്‍ നിന്നും ഒരു പടി കൂടി നന്നാക്കുവാന്‍ പലിശയ്ക്ക് പണം എടുത്ത് അവസാനം കട പോലും നഷ്ട്ടപെട്ട് ഒന്നും ഇല്ലാത്തവന്‍ ആയി സ്വയം മാറുന്നു. 

മറ്റു ചിലര്‍ ഗള്‍ഫ് എന്ന ലോകവും അവന്‍ കണ്ട കിനാവുകളും  വെറും പൊള്ളയാണെന്ന് തിരിച്ചറിയുന്നതോടെ തീര്‍ത്തും നിരാശയുടെ ലോകത്ത് ഒറ്റപെട്ടു പോവുന്നു.  അതിനിടയിലും കഷ്ട്ടപെട്ട്, ജീവിക്കുവാനും ജീവിതം തന്ന ദൈവത്തിനെ മനസ്സില്‍ ധ്യാനിച്ച്‌ വരുമാനമോ ശരിയായ ഭക്ഷണമോ കഴിക്കാതെ ജീവിക്കുന്ന " ആട് ജീവിതങ്ങളും " ഉണ്ടെന്ന് വിസ്മരിക്കാന്‍ പറ്റില്ല. എന്താണ് ഇതിനു കാരണം എവിടെയാണ് ഇന്ത്യക്കാര്‍ക്ക് വിശിഷ്യാ മലയാളികള്‍ക്ക് തെറ്റിയത്.
 
 സ്വര്‍ണ്ണം പണയം വെച്ചും പലരില്‍ നിന്നും കടം വാങ്ങിയും ലക്ഷങ്ങള്‍ കൊടുത്ത് ഗള്‍ഫിലേക്ക് വിസ ലഭിക്കുമ്പോള്‍ അവനു കിട്ടുന്നതും അവന്‍ കണ്ട കിനാക്കളെക്കാള്‍ വലിയ വാഗ്ദാനങ്ങള്‍. ശമ്പളവും ആനുകൂല്യങ്ങളും ഏജന്റിന്‍റെ വായില്‍ നിന്നും പെരുമഴയായ് പെയ്തിറങ്ങുമ്പോള്‍ ഗള്‍ഫിന്‍റെ വര്‍ണ്ണ ചിത്രവും മണമുള്ള അത്തറും സ്വപ്നം കാണുന്നവന്‍ മറ്റൊന്നും ചിന്തിക്കാതെ വല വിരിച്ചു നില്‍ക്കുന്നവരുടെ വല കണ്ണികളില്‍ കണ്ണടച്ചു വീഴുന്നു.

തന്‍റെ സ്വപ്‌നങ്ങള്‍ താലോലിച്ച് മണലാരണ്യത്തില്‍ വന്നിറങ്ങുന്നവന്‍ പിന്നീടുള്ള അവന്‍റെ ഓരോ കാല്‍വെപ്പിലും തിരിച്ചറിയുന്നു കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചങ്ങള്‍ മറ്റൊരു ഇരുളിലേക്കുള്ള യാത്രയാണെന്ന് ..ബഹുനില കെട്ടിടങ്ങളും ചീറി പായുന്ന വാഹനങ്ങളും ഇല്ലാത്ത ദുര്‍ഘട പാതയിലേക്കുള്ള അവന്‍റെ യാത്ര അവിടെ തുടങ്ങുന്നു. വലിയ കമ്പനിയില്‍ ഡ്രൈവര്‍ എന്നും, മെക്കാനിക്ക് എന്നും പറഞ്ഞു പറഞ്ഞു കൊണ്ട് വരുന്നവര്‍ എത്തിപ്പെടുന്നത് ഇടിഞ്ഞു വീഴാറായ കുടുസ്സു മുറികളില്‍. എട്ടു മണിക്കൂര്‍ ജോലി  അതിനു  ശേഷം ഓവര്‍ ടൈം എന്നൊക്കെ കേട്ട് അക്കങ്ങള്‍ കൊണ്ട് മാന്ത്രിക വലയം തീര്‍ത്തവന്‍ തുച്ചമായ ശമ്പളത്തിലോ അല്ലെങ്കില്‍ ശമ്പളം ലഭിക്കാതെയോ ജോലി എടുക്കേണ്ടി വരുന്നു. വിശപ്പിനോടും ചൂടിനോടും പൊരുതി ജയിക്കുവാന്‍ ശ്രമിച്ച് ചിലര്‍ ആരും ഇല്ലാത്ത ആരെയും കാണാത്ത നാല് ചുവരുകള്‍ക്കുള്ളില്‍ സ്വയം ജീവിതം വെടിയുന്നു. 

അവര്‍  നാട്ടുകാരുടെ രേഖകളില്‍ നാട്ടില്‍ വിളിക്കാത്തവന്‍ ഗള്‍ഫില്‍ എത്തി ഉറ്റവരെ നോക്കാത്തവര്‍. അതും അല്ലെങ്കില്‍ കാണ്‍മ്മാന്‍ ഇല്ലാത്തവരുടെ പട്ടികയില്‍ പുഞ്ചിരിക്കുന്ന മുഖവുമായി പത്രതാളുകളില്‍ കൂടി സഞ്ചരിക്കുന്നവന്‍.    ഗള്‍ഫിലെ ഭരണാധികാരികളുടെ രേഖകളില്‍ ആരും ഇല്ലാത്തവന്‍ തണുത്ത് വിറങ്ങലിച്ച് ആരും അറിയാതെ മാസങ്ങളോളം മോര്‍ച്ചറികളില്‍ കിടക്കുന്നു. 

വിസ എന്ന് കേള്‍ക്കുമ്പോള്‍ ചാടി പുറപ്പെടാതെ ജോലിയെ പറ്റിയും ജോലി ചെയ്യാന്‍ പോകുന്ന  സ്ഥാപനത്തെ പറ്റിയും ഗള്‍ഫില്‍ ഉള്ള കൂട്ടുകാരോടോ മറ്റോ അന്വേഷിച്ച് സത്യാവസ്ഥ ഉറപ്പു വരുത്തി മാത്രം ഗള്‍ഫിലേക്ക് യാത്ര തിരിക്കുക അല്ലെങ്കില്‍ നിങ്ങള്ക്ക് നഷ്ട്ടപെടുന്നത് പണം മാത്രം അല്ല  സ്വന്തം ജീവിതവും ജീവനും ആയിരിക്കും

ഗള്‍ഫിലെ ഫ്ലാറ്റുകളില്‍ ഒറ്റ മുറി പങ്കിട്ട്‌ ജീവിക്കുന്നവര്‍ ഒരു പാട് പേരുണ്ട്. അവരില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവനും ചെറിയ ശമ്പളം വാങ്ങുന്നവനും ഉണ്ടാവും .ചിലര്‍ അവരുടെ ജോലി സ്ഥലത്തെ കഷ്ട്ടതകളും നാട്ടില്‍ ഉള്ളവരുടെ വിഷമങ്ങള്‍ പങ്കുവെക്കുന്നവര്‍ ആയിരിക്കും പക്ഷെ ഇതില്‍ നിന്നും വിഭിന്നമായി ഒരു പ്രത്യേക വിഭാഗക്കാര്‍ ഉണ്ട്. അവര്‍, അവരുടെ  പ്രശ്നങ്ങള്‍ പങ്കു വെക്കുകയോ ആരുടെയും സഹായം ആവശ്യപ്പെടുകയോ ചെയ്യില്ല. വിഷമങ്ങള്‍ സൂക്ഷിക്കുവാനും വല്ലപ്പോഴുമൊക്കെ ആ വിഷമങ്ങള്‍ എടുത്ത് വിശകലനം ചെയ്യുവാനും സ്വയം ഒരു ഫ്രിഡ്ജായി മാറുന്നു പരിഭവങ്ങളും പരാധീനതകളും വിഷമങ്ങളും കേട് കൂടാതെ സൂക്ഷിക്കാന്‍ പറ്റുന്ന ഒരു ഫ്രിഡ്ജ്. എല്ലാവരോടും കൂട്ട് കൂടി സംസാരിക്കുന്ന ഇത്തരക്കാര്‍ മാനസിക പിരിമുറുക്കങ്ങളില്‍ അകപ്പെട്ടവര്‍ ആയിരിക്കും. വളരെ നേരിയ രീതിയില്‍ മാത്രമേ ഇവരുടെ സ്വഭാവങ്ങളില്‍ മറ്റുള്ളവര്‍ക്ക് മാറ്റം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. അതില്‍ പ്രധാനം കഴിയുന്നതും തനിച്ചിരിക്കുവാന്‍ ശ്രമിക്കുക എന്നുള്ളതാണ് .

ഇത്തരം ആളുകള്‍ക്ക് ശക്തി പകരാനും അവര്‍ക്ക് വേണ്ട രീതിയില്‍ സന്തോഷം നല്‍കാനും കൂടെ താമസിക്കുന്നവര്‍ ഒരു പരിധി വരെ ശ്രദ്ധിച്ചാല്‍  ആത്മഹത്യ ചെയ്യാന്‍ മാനസികമായി തയ്യാര്‍ എടുക്കുന്നവനെ  അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധിക്കും. സ്നേഹത്തോടെയുള്ള പെരുമാറ്റവും മാനസികമായി അവര്‍ക്ക് ശക്തി നല്‍കുകയും ചെയ്‌താല്‍ അവരെ പുതിയ ജീവിത വഴിയിലൂടെ മുന്നോട്ടു കൊണ്ട് പോകാന്‍ സാധിക്കും. മരുഭൂമിയിലെ ഓരോ മണല്‍ തരികളിലും പ്രവാസിയുടെ വിയര്‍പ്പും പ്രവാസിയുടെ സ്വപ്നങ്ങളുടെ നിഴലുകളും ഉണ്ടാവും ആ സ്വപ്‌നങ്ങള്‍ നിഴലുകളായി അവനെ എന്നും പിന്തുടര്‍ന്നു കൊണ്ടേയിരിക്കും. 

എന്നും മനസ്സില്‍ താലോലിക്കുന്ന സ്വപ്നങ്ങള്‍ക്ക്  നിറങ്ങള്‍ പകരാന്‍ ഒരിക്കലും തനിക്ക് ആവുന്നതിനെക്കാളും ഭാരം സ്വന്തം ചുമലില്‍ പേറാതിരിക്കുക. എന്തിനും ഏതിനും പേഴ്സില്‍ കൂടെ കൊണ്ട് നടക്കുന്ന ക്രെഡിറ്റ് കാര്‍ഡ് അനാവശ്യമായി ഉപയോഗിക്കാതിരിക്കുക. കടം എന്ന ഭീഗര സത്വം നമ്മുടെ കഴുത്തില്‍ പിടികൂടി വിഷം ചീന്തി കൊല്ലാതിരിക്കുവാന്‍ നമ്മളെ നമ്മള്‍ സംരക്ഷിക്കുക 

ഇനി ഇത്തരം സ്വഭാവക്കാര്‍ക്ക് :- .ജീവിതം എന്ന് പറയുന്നത് അവസാനിപ്പിക്കാന്‍ ഉള്ളതല്ല മറിച്ച് ജീവിച്ച് തീര്‍ക്കുവാന്‍ ഉള്ളതാണ്. നമ്മളെ കുറിച്ച് ആലോചിക്കുവാനും നമ്മള്‍ക്ക് ആലോചിക്കുവാനും ഈ വലിയ ലോകത്ത് ചിലരെങ്കിലും ഉണ്ട്. എന്തിനെയും ആത്മധൈര്യത്തോടെ നേരിടുക. ദൈവ വിശ്വാസം എന്നും മുറുകെ പിടിക്കുക. ആത്മ സംഘര്‍ഷങ്ങളെ ശരിയായ രീതിയില്‍ നേരിടുക. സുഹൃത്തുക്കളോട് വിഷമങ്ങളും പ്രശ്നങ്ങളും തുറന്നു പറയുക.

വാല്‍ കഷ്ണം : ആത്മഹത്യാ കാരണങ്ങള്‍ ഇവിടെ പറഞ്ഞതിലും കൂടുതല്‍ ഉണ്ടാവാം..ഇന്നും വാര്‍ത്തയില്‍ വായിച്ചു ബഹറൈനില്‍ ഒരു ഇന്ത്യക്കാരന്‍ ആത്മഹത്യ ചെയ്തു.

2 comments:

  1. സങ്കടങ്ങള്‍ പങ്കുവെക്കാന്‍ ആളില്ലാതെ പോകുന്നതാണ് പലരും ആത്മഹത്യയിലേക്ക് അഭയം തേടുന്നതിന്റെ ഒരു കാരണം.
    അവര്‍ എപ്പോഴും അവരെപ്പറ്റി മാത്രമേ ചിന്തിക്കുന്നുള്ളൂ.താന്‍ പോയാലും തന്റെ ആത്മഹത്യക്കിരയായ കാരണങ്ങള്‍ തന്നോടൊപ്പം പോവില്ല എന്ന യാഥാര്‍ത്ഥ്യം അവര്‍ ഓര്‍ക്കുന്നില്ല.
    നന്നായിട്ടുണ്ട് മുനീര്‍.

    ReplyDelete

Related Posts Plugin for WordPress, Blogger...