Friday, October 7, 2011

ഒരു ഗള്‍ഫ് ഡയറി

തിരക്ക് പിടിച്ച ഓഫീസ് ജോലി കാലത്ത് അഞ്ചു മണിക്കും ആറു മണിക്കും എഴുന്നേറ്റ് ജോലിക്ക് പോകുന്നവര്‍ തിരക്കിനിടയില്‍ ഒരു കട്ടന്‍ കാപ്പി അകത്താക്കി നേരെ ഓഫീസിലേക്ക്. ജോലികളുടെ ബാണ്ടകെട്ട് തുറന്ന് ഒന്നൊന്നായി അഴിക്കുമ്പോഴും കുടലില്‍ കത്തുന്ന വിശപ്പും മറന്നു ജോലിയില്‍ മുഴുകുന്നവര്‍ ചിലപ്പോഴൊക്കെ സ്നേഹത്തോടെ ബോസ് എന്നും മാഡം എന്നും വിളിക്കുന്ന സീനിയര്‍ ഓഫീസറുടെ തുറിച്ചുള്ള നോട്ടം, ചില ശകാരങ്ങള്‍ അതിനെയൊക്കെ മറികടന്ന് ഉച്ചവരെ യുള്ള ജോലിക്കിടയില്‍ കത്തുന്ന വയറ്റിലേക്ക് ഇടയ്ക്കിടെ കോരി ഒഴിക്കുന്ന കുപ്പി വെള്ളം. ദാഹം ശമിപ്പിക്കുന്നു എന്ന് പറയുന്നതിനേക്കാള്‍ കത്തുന്ന വയറ്റിലെ ചൂട് ശമിപ്പിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം.

ഉച്ചയൂണ്...ചിലപ്പോള്‍ അങ്ങിനെ തന്നെ വിളിക്കാം അല്ലെങ്കില്‍ ഉച്ച ഭക്ഷണം എന്ന പേരിട്ടും വിളിക്കാം കാരണം പലരും ഊണിനു പകരം ബിസ്ക്കറ്റും ചായയും അല്ലെങ്കില്‍ പെപ്സിയും കേക്കും. അതിനു ശേഷം വീണ്ടും ജോലിയിലേക്ക് ചിലര്‍ വൈകീട്ട് അഞ്ചു മണിക്കും ആറു മണിക്കും തിരിച്ചു കുടിലിലേക്ക് മറ്റു ചിലര്‍ ഓവര്‍ ടൈം ചെയ്തും സ്വന്തം ജീവിതം പച്ചപിടിപ്പിക്കാന്‍ ശ്രമിക്കുന്നു. അത് ചിലപ്പോള്‍ രാത്രി ഒമ്പത് മണിവരെയും ചിലപ്പോള്‍ പതിനൊന്നു മണി വരെയും നീളാം... ശേഷം തിരിച്ചു കുടിലിലേക്ക്. നാട്ടിലുള്ളവരു ടെ സുഖ വിവരങ്ങള്‍ അറിയാന്‍ ഇന്റര്‍നെറ്റ് വഴി വിളി... ഒടുക്കത്തെ സാധാരണ മൊബൈല്‍ ഫോണിന്‍റെ മുടിഞ്ഞ നിരക്കില്‍ നിന്നും അഭയം voip എന്ന വിളിപെരുള്ള ലവന്‍ തന്നെ.

ചിലര്‍ തനിച്ചു മുറിയില്‍ താമസിക്കുന്നവര്‍ അവരുടെ കൂട്ട് ടി വി യില്‍ നിന്നും മിന്നി മറയുന്ന മമൂക്കയും, ലാലേട്ടനും മറ്റും... ( ചിലര്‍ക്ക് കൂട്ടിനു മൂട്ടയും കാണും കഷ്ട്ട പ്പെ ട്ട് സ്വരൂപിച്ചു വെച്ച ചോരയുടെ അവകാശവും ചോദിച്ച്)... ചില നേരങ്ങളില്‍ വാര്‍ത്തകളുമായി വരുന്ന മറ്റു ചിലര്‍ അവര്‍ പറയുന്നതും കേട്ട് അവരോടോ അല്ലെങ്കില്‍ മറ്റുള്ളവരോടോ സംസാരിക്കാനാവാതെ നാല് ചുവരുകള്‍ക്കുള്ളില്‍ വീര്‍പ്പു മുട്ടുന്നവര്‍. ഇനി മറ്റൊരു കൂട്ടര്‍ പല വിഭാഗ ക്കാരുടെ കൂടെ ഒറ്റ മുറി പങ്കിട്ടു കിടക്കുന്നവര്‍. സഹ മുറിയന്‍ മാരുടെ വാചക കസര്‍ത്തും, മറ്റും സഹിക്കുനവര്‍ ..അവരെയും കുറ്റം പറയാനാവില്ല ജോലി സ്ഥലത്ത് മിണ്ടാനും മൂളാനും മലയാളികള്‍ പോലുമില്ലാത്ത സ്ഥലം... ആകെ കൂടി വായ തുറക്കുന്നത് രാത്രി സമയത്ത് കൂട്ടിനുള്ള സഹമുറിയന്‍മാരോട് മാത്രം. അത് കൊണ്ട് തന്നെ മലയാള ഭാഷ മറക്കാതെ ഇവര്‍ കാത്തു സൂക്ഷിക്കുന്നു.

ജോലി കഴിഞ്ഞു വരുമ്പോള്‍ വാങ്ങിക്കുന്ന പാര്‍സല്‍ ഭക്ഷണം ചിലര്‍ക്ക് രാത്രി ഭക്ഷണം ആവുന്നു. തിന്നു മടുത്ത പോറോട്ടയില്‍ നിന്നും മോചനം നേടാന്‍ ചിലര്‍ ദേശീയ ഭക്ഷണമായ കുബ്ബൂസില്‍ ശരണം പ്രാപിക്കുന്നു. മറ്റു ചിലര്‍ കൂട്ടം കൂടി താള മേളങ്ങളോടെ പച്ചക്കറി അരിഞ്ഞും അരി വേവിച്ചും കൂട്ടമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ അതായത് പ്രവാസിയുടെ ഒരു ദിവസത്തെ വയറു നിറച്ചുള്ള ഭക്ഷണം. FM റേഡിയോയില്‍ കൂടി ഒഴുകി എത്തുന്ന പ്രവാസികള്‍ക്ക് മാത്രം ആസ്വദിക്കാന്‍ പാകത്തില്‍ വരുന്ന nostalgic ഗാനങ്ങള്‍ ...." അരികില്‍.... നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചു പോയി ..........." ക്ഷീണിച്ചു തളര്‍ന്ന ശരീരവും നീറുന്ന മനസ്സുമായി പതിയെ മയക്കത്തിലേക്ക്. " അടുത്തത് ദുബായില്‍ നിന്നും രമേശ്‌ സ്വന്തം ഭാര്യക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്ന ഒരു ഗാനത്തോട്‌ കൂടി ഈ പരിപാടി അവസാനിക്കുന്നു" കൈ എത്താന്‍ പാകത്തില്‍ കിടക്കുന്ന FM ഓഫാക്കി ഗാഡ നിദ്രയിലേക്ക് .....
പ്രവാസിയുടെ ഓരോ ദിവസവും പുലരുന്നത് അപ്പുറത്തെ വീട്ടിലെ കോഴി കൂവുന്നത് കൊണ്ടൊന്നുമല്ല ..ഒട്ടു മിക്ക പേരും ഞെട്ടി ഉണരുകയാണ് പതിവ് . പാടുകള്‍ വീണ് കിടക്കുന്ന മൊബൈലില്‍ നിന്നും ചങ്ക് പൊട്ടും ശബ്ധത്തില്‍ അടിക്കുന്ന അലാറം കേട്ടുണരുന്നവന്‍  ഒരു നിമിഷം പരിസരം പോലും മറന്നു പോകുന്നു. രാത്രി കണ്ട കിനാക്കള്‍ മനസ്സില്‍ നിന്നും ഓടി ഒളിക്കാന്‍ വെമ്പുന്നത് ഉറക്കച്ചടവില്‍ എഴുന്നേല്‍ക്കുമ്പോള്‍ പോലും അവന്‍ തിരിച്ചറിയുന്നു. ചതുക്കു വീണ ചായ പാത്രത്തില്‍ ചൂട് വെള്ളം വെച്ച് പ്രഭാത കൃത്യങ്ങള്‍ക്ക് പോകുന്നവന്‍ ഒറ്റയ്ക്കാണ് താമസമെങ്കില്‍ അവന്‍റെ ഭാഗ്യം അല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോര്‍മില്‍ വരാന്‍ പോകുന്ന ട്രെയിന്‍ കാത്തു നില്‍ക്കുനതു പോലെ പൊട്ടിയ ബക്കറ്റുമായി ടോയിലട്ടിനു മുന്‍പില്‍ കാത്തിരിക്കേണ്ടി വരുന്നു. പിന്നീടങ്ങോട്ട് ഒരു യുദ്ധത്തിനു പുരപ്പെടുന്നവന്‍റെ തയ്യാറെടുപ്പുകളാണ്.

ചായ പാത്രത്തിലെ തിളച്ചു മറിയുന്ന വെള്ളത്തിലേക്ക്‌ ചായപൊടിയും പഞ്ചസാരയും ചേര്‍ത്ത് ഗ്ലാസിലേക്കു ഒഴിക്കുംബോഴേക്കും ചുമരില്‍ തൂങ്ങുന്ന ക്ലോക്കിന് സ്പീഡ് കൂടുതലാനെന്നുള്ള സ്ഥിരം പല്ലവി. ശേഷം  ഓഫീസിലേക്ക് പോകാനായി സിഗരറ്റ് കുറ്റികള്‍ വീണു കിടക്കുന്ന ഗോവണി പടിയില്‍ കൂടി താഴോട്ട്. ആറു മണിക്കും പൊള്ളുന്ന ചൂടില്‍ സ്കൂള്‍ കുട്ടികള്‍, സ്കൂള്‍ വാനിനു വേണ്ടി കാത്തു നില്‍ക്കുന്നത് പോലെ  തിങ്ങി നിറച്ചു വരുന്ന കമ്പനി  വാനിനായുള്ള കാത്തിരിപ്പ്‌. ഒടുക്കം വാനില്‍ ബംഗ്ലാദേശിയുടെയോ പാക്കിസ്ഥാനിയുടെയോ തൊട്ടടുത്ത്‌ ഇരിപ്പുറപ്പിച്ചുള്ള  യാത്ര. പുറത്ത് കാഴ്ചയില്‍ മിന്നി മറയുന്ന പടുകൂറ്റന്‍ കെട്ടിടങ്ങളും ഈന്തപന മരങ്ങളും താണ്ടി മുന്നോട്ട് പലരും ഇന്നലത്തെ ഉറക്കച്ചടവ് മാറാതെ വണ്ടിയില്‍ നിന്നും മയങ്ങുന്നുണ്ടായിരിക്കും. ഓഫീസ് കെട്ടിടത്തിനു മുന്‍പില്‍ വണ്ടി നിര്‍ത്തി ഓഫീസ് ജോലിയിലേക്ക് ചിലര്‍ നടന്നു നീങ്ങും. ചിലര്‍ വീണ്ടും വണ്ടിയില്‍ തന്നെ ഇരിക്കുനുണ്ടാവും അവരുടെ യാത്ര കെട്ടിടം പണിയുന്ന സൈറ്റിലെക്കായിരിക്കും. അവിടെ എത്തുമ്പോഴേക്കും പലരും ഇന്നലെ  ബാക്കിയാക്കി വെച്ച ഉറക്കത്തിന്‍റെ വിട്ടുപോയ ഭാഗങ്ങള്‍ കൂട്ടി ചേര്‍ത്ത് കാണും. ചുട്ടു പൊള്ളുന്ന ചൂടില്‍ തണുത്തുറഞ്ഞ മനസ്സുമായി അന്നത്തെ ജോലിയിലേക്ക്.
പകുതി തീര്‍ത്തു വെച്ച  അസ്ഥി പന്ജരങ്ങള്‍ മാത്രം നിര്‍മ്മാണത്തില്‍ ഇരിക്കുന്ന ബഹുനില കെട്ടിടത്തിന് മന്ജയും മാംസവും നല്‍കുവാന്‍ തലയില്‍ സേഫ്റ്റി ഹെല്‍മറ്റും ഉടല്‍ മുഴുവന്‍ മറക്കുന്ന കനം കൂടിയ  ഒറ്റ കുപ്പായത്തില്‍  എടുത്താല്‍ പൊങ്ങാത്ത സേഫ്റ്റി ഷൂസുമായി കെട്ടിടത്തിന്‍റെ ആറാം നിലയില്‍ മറയില്ലാതെ  സൂര്യന് താഴെ പൊള്ളുന്ന ചൂടും വെയിലും അവഗണിക്കാതെ ജോലിയില്‍ മുഴുകുന്നു. ഇടയ്ക്കിടെ കൂടെ കൊണ്ടുവന്ന കുപ്പി വെള്ളത്തില്‍ ആശ്വാസം കണ്ടെത്തുമ്പോഴും ഇവരുടെ മനസ്സില്‍ വേവലാതിയില്ല വിഷമങ്ങള്‍ മറക്കുന്നു ചിന്തകള്‍ കാടു കയറുന്നില്ല കാരണം ചിന്തിക്കാന്‍ സമയമില്ല.

 ഇതിനിടയിലും ഒരു വിഭാഗം സദാസമയം റോഡില്‍ തന്നെ. റോഡുകള്‍ വൃത്തിയായി കിടക്കുന്നതി ന്‍റെ പൂര്‍ണ്ണ അവകാശം ഇക്കൂട്ടര്‍ക്ക് മാത്രം ഒരു കയ്യില്‍ ചൂലും മറുകയ്യില്‍ പ്ലാസ്റ്റിക് കൂടുമായി ചുട്ടു പൊള്ളുന്ന വെയിലില്‍ റോഡില്‍ കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും യാത്രക്കിടയില്‍ പലരും വലിച്ചെറിയുന പെപ്സി ടിന്നുകളും പെറുക്കി റോഡ്‌ വൃത്തിയാക്കുന്നവര്‍. ചിലപ്പോഴൊക്കെ സന്മനസ്സുള്ളവര്‍ തങ്ങളുടെ വാഹനം നിര്‍ത്തി ഒരു റിയാലിന്‍റെയോ ഒരു ദിര്‍ഹത്തിന്‍റെയോ നോട്ടു വെച്ച് നീട്ടുമ്പോള്‍ വെയിലേറ്റു വരണ്ട ആ മുഖത്ത് ഒരു ചെറു  ചിരി സമ്മാനമായി നല്‍കി വീണ്ടും  കാറ്റില്‍ പാറി കളിക്കുന്ന പ്ലാസ്റ്റിക് സഞ്ചിയുടെ പിന്നാലെ ഓടുന്നു. ഇവരില്‍ ചിലര്‍ റോഡിന്‍റെ പല ഭാഗത്തായി വെച്ചിരിക്കുന്ന കുപ്പ പാത്രത്തില്‍ കയ്യിട്ടു പരതുന്നതും കാണാം അതില്‍   ഉപയോഗ ശൂന്യമായി ആരെങ്കിലും വലിച്ചെറിഞ്ഞ  വല്ല ഇരുമ്പിന്‍റെ സാധനങ്ങളും കാണുമോ എന്നുള്ള ആകാംക്ഷയില്‍  അടുത്ത കുപ്പ പാത്രവും തേടി പോകുന്നു ഇവരില്‍ കൂടുതലും ബംഗ്ലാദേശികള്‍.

അധിക ദിവസങ്ങളിലും വലിയ ആശുപത്രിക്ക് മുന്നില്‍ ഒരു മലയാളി കൂട്ടം കാണാന്‍ സാധിക്കും. ഒന്നുകില്‍ അസുഖം ബാധിച്ചു മരണമടഞ്ഞവന്‍റെ കൂട്ടുകാരോ അല്ലെങ്കില്‍ സഹപ്രവര്‍ത്തകരോ ആയിരിക്കും. അതുമല്ലെങ്കില്‍ റോഡപകടത്തില്‍ മരണമടഞ്ഞ അജ്ഞാതന്‍  എന്ന് വിളിക്കുന്ന നാട്ടില്‍ കുടുംബവും സ്വന്തക്കാരും ബന്ധക്കാരും ഉള്ള  ഏതോ പ്രവാസിയുടെ മൃത ദേഹം തിരിച്ചറിയുവാനും മറ്റും ഓടി നടക്കുന്ന ചില മലയാളി കൂട്ടായ്മകള്‍. അതില്‍ തന്നെ ആരാലും തിരിച്ചറിയപ്പെടാതെ ആശുപത്രിയുടെ ശീതീകരിച്ച മോര്‍ച്ചറിയില്‍ മാസങ്ങളോളം തണുത്ത് വിറങ്ങലിച്ചു കിടക്കുന്ന, പേരുണ്ടായിട്ടും നാടും വീടും കുടുംബവും ഉണ്ടായിട്ടും അജ്ഞാതന്‍ എന്ന പേരില്‍  കിടക്കുന്ന ഗള്‍ഫിലെ മണലാരണ്യത്തില്‍ ഒറ്റപെട്ടുപോയവന്‍ പിറന്ന നാട്ടില്‍ സ്വപ്‌നങ്ങള്‍ നെയ്തു നില്‍ക്കുന്നവര്‍ പോലും അറിയാതെ സ്വപ്നങ്ങളും വേവലാതികളും ഇല്ലാത്ത ലോകത്തിലേക്ക്‌ ആരോടും പറയാതെ പോയവര്‍.

മറ്റൊരു വിഭാഗം സ്പോന്‍സര്‍ എന്നും ഖഫീല്‍ എന്നും വിളിക്കുന്ന സ്വന്തം മുതലാളിമാരില്‍ നിന്നും പീഡനങ്ങള്‍ ഏറ്റു വാങ്ങി ഒളിചോടിയവര്‍ കയ്യില്‍ താമസ രേഖകളോ സ്വന്തം പാസ്പോര്‍ട്ടും പോലുമില്ലാതെ പോലീസിനെയും പാസ്പോര്‍ട്ട് വിഭാഗത്തെയും പേടിച്ചു ജീവിക്കുന്നവര്‍ . ഉറക്കത്തില്‍ പോലും പേടി സ്വപ്‌നങ്ങള്‍ കണ്ടു ഞെട്ടി ഉറക്കം പോലും നഷ്ട്ടപെടുന്നവര്‍. ഇവരില്‍ പലരും മലയാളികളാല്‍ ചതിക്കപ്പെ ട്ട് ഗള്‍ഫ് മോഹം മനസ്സില്‍ കൊണ്ട് നടന്ന്  സ്വന്തം ജീവിതവും അങ്ങിനെ പലതും പണയം വെച്ച് കടല്‍ കടന്നെത്തിയവര്‍. മോഹന വാഗ്ദാനങ്ങള്‍ നല്‍കി ചതിച്ചവരുടെ വലയില്‍ കുടുങ്ങി സ്വന്തം ജീവിതം ഊരാകുടുക്കുകളില്‍ കുടുക്കി  സ്വയം ബന്ധനസ്ഥരായവര്‍. ഒരു തിരിച്ചു പോക്കിനെ പറ്റി എന്നും ചിന്തിച്ച് ചിന്താ ശക്തി പോലും നഷ്ട്ടപെട്ട് നാട്ടുകാരുടെ ഭാഷയില്‍ കുടുംബം നോക്കാത്തവര്‍.
 
ഒരു ദിവസത്തെ ചൂടും ക്ഷീണവും പേറി വീണ്ടും അവരവര്‍ തങ്ങളുടെ താവളങ്ങളിലേക്ക് വീണ്ടും മടക്കം തൊട്ടടുത്തെ പള്ളയില്‍ നിന്നും ബാങ്ക് വിളിയുടെ ശബ്ദം " അല്ലാഹു അക്ബര്‍ ....അല്ലാഹു അക്ബര്‍ .........." സ്വയം ശുദ്ധിയായി പൊടി പിടിച്ചു കിടക്കുന്ന മനസ്സുമായി ദൈവത്തിന്‍റെ മുന്നില്‍ എല്ലാം മറന്ന് കരളുരുകി പ്രാര്‍ഥിക്കുന്നു പ്രാര്‍ഥനയില്‍ വീണ്ടും തെളിയുന്ന സ്വന്തക്കാരുടെ മുഖം പലപ്പോഴും വിടാതെ പിന്തുടരുന്ന യാത്ര പറഞ്ഞു  കരഞ്ഞു കലങ്ങിയ കുട്ടികളുടെയും ഭാര്യയുടെയും അമ്മയുടെയും അച്ഛന്‍റെയും മുഖം. പള്ളിയോട് ചേര്‍ന്ന് കിടക്കുന്ന തമിഴന്‍റെ ചെറിയ കടയില്‍ നിന്നും കുബ്ബൂസും ഒരു ചെറിയ കുപ്പി തൈരുമായ്‌ തിരിച്ച് സിഗരറ്റ് കുറ്റികള്‍ വീണു കിടക്കുന്ന ഗോവണിപ്പടിയില്‍ കൂടി മുകളിലോട്ട്. കുബ്ബൂസും തൈരും പുകയുന്ന വയറ്റിലേക്ക് ചവച്ചിറക്കുമ്പോള്‍ മുന്നിലെ  ടി വി യില്‍ തെളിയുന്ന പ്രവാസി മാമാങ്കത്തിന്‍റെ കേളികൊട്ട് മത്രിമാരുടെ പൊന്നാട അണിയിക്കലും പ്രവാസികള്‍ക്കുള്ള വാഗ്ദാന പെരുമഴയും. തൊട്ടടുത്ത്‌ കിടക്കുന്ന റിമോട്ടില്‍ വിരലമര്‍ത്തി ടിവിയും ഓഫാക്കി  FM  റേഡിയോവില്‍ കൈവിരലുകള്‍ പതിയെ അമര്‍ന്നു " തിരികെ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും ............."  തങ്ങളുടെ വിഹിതം കാത്തു നില്‍ക്കുന്ന മൂട്ടകള്‍ നിറഞ്ഞ പരുപരുത്ത കിടക്കയില്‍ വീണ്ടും മറ്റൊരു നാളെയുടെ ചിത്രവും മനസ്സില്‍ പേറി മയക്കത്തിലേക്ക്......

വാല്‍ കഷ്ണ്ണം :- അത്തര്‍ മണം വീശുന്ന ഗള്‍ഫുകാരന്‍റെ അറിയപ്പെടാതെ പോകുന്ന ചില നേര്‍കാഴ്ചകള്‍ പലരും പലപ്പോഴായി പറഞ്ഞു കൊണ്ടിരിക്കുന്ന എ സി മുറിയില്‍ സുഖവസിക്കുന്ന ഗള്‍ഫുകാര്‍..... ഞാന്‍ കണ്ടു മുട്ടിയ അവരില്‍ ചിലരുടെ ജീവിത ചിത്രങ്ങള്‍. ഇനിയും നമ്മള്‍ കാണാത്ത എത്രയോ ജീവിതങ്ങള്‍..... ഇന്നും ഈ മണലാരണ്യത്തില്‍ റിയാലുകകളുടെയും ദിര്‍ഹത്തിന്‍റെയും ദീനാറിന്‍റെയും കണക്കുകളില്‍ സ്വപ്‌നങ്ങള്‍ നെയ്തെടുക്കുന്നവര്‍ ...

6 comments:

  1. കൊള്ളാം.

    നന്നായി എഴുതി.

    ആശംസകൾ!

    ReplyDelete
  2. കേട്ടാല്‍ മടുക്കാത്ത,പറഞ്ഞാല്‍ തീരാത്ത ഇതിഹാസങ്ങളാണ് ഓരോ പ്രവാസിയുടെ ജീവിതവും.
    അവന്റെ ശരീരത്തിലെ ഓരോ അണുവിനും പറയാനുണ്ടാകും ചങ്ക് പൊട്ടിപ്പോകുന്ന കഥകള്‍..
    അത് പറയാനവന് യാതൊരു വളച്ചുകെട്ടും ആവശ്യമില്ല.യാതൊരു നിഘണ്ടുവിന്റെ സഹായവും വേണ്ട.അത് വരുന്നത് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ്.
    നന്നായി മുനീര്‍.

    ReplyDelete
  3. പ്രവാസികളുടെ പ്രയാസങ്ങള്‍ നന്നായി പറഞ്ഞു മുനീര്‍ !

    ReplyDelete
  4. ഇവരുടെ മനസ്സില്‍ വേവലാതിയില്ല വിഷമങ്ങള്‍ മറക്കുന്നു ചിന്തകള്‍ കാടു കയറുന്നില്ല കാരണം ചിന്തിക്കാന്‍ സമയമില്ല.
    - ചുട്ടു പൊള്ളുന്ന ചൂടില്‍ തണുത്തുറഞ്ഞ മനസ്സുമായി അന്നത്തെ ജോലിയിലേക്ക്
    ശരിക്കും മനസ്സില്‍ തട്ടിയ വാചകങ്ങള്‍!!!...
    ഇനിയും ഇതേപോലുള്ള നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..

    ReplyDelete
  5. പ്രവാസികളുടെ പ്രയാസങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാവാത്തതാണ്. അനുഭവിച്ചാല്‍ മാത്രമേ ആ വേദനകളുടെ തീഷ്ണത അറിയുകയുള്ളു.

    കുറഞ്ഞ ദിവസങ്ങള്‍ മാത്രം മക്കളോടും കുടുംബത്തോടും കഴിഞ്ഞു ഇനിയെത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ കാണും എന്ന ചിന്തയില്‍ യാത്ര പറയുമ്പോഴുള്ള വിരഹവേദന മുതല്‍ തുടങ്ങുന്നു പ്രവാസിയുടെ വേദന. നാട്ടിലെ വീട് മുതല്‍ മരുഭൂമിയിലെ താമസയിടം വരെ എത്തുന്നത് വരെയുള്ള യാത്രയിലെ മനോവേദന. ആ മണിക്കൂറുകളില്‍ അനുഭവിക്കുന്ന വേര്‍പ്പാടിന്റെ വേദന തന്നെയാണ് ലോകത്തെ ഏറ്റവും വലിയ വേദനയെന്നു തോന്നുന്ന നിമിഷങ്ങളാണത്. പിന്നെ തന്റെ കരള്‍ പറിച്ചെടുക്കുംബോലെ തോന്നിച്ച മക്കളുമായുള്ള വിടവാങ്ങല്‍ ഓര്‍ത്ത്‌, കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു കഴിച്ചുകൂട്ടുന്ന ആദ്യ രണ്ടു മൂന്നു രാത്രികളില്‍ അനുഭവിക്കുന്ന വേദന. ഇതൊക്കെ പ്രവാസികള്‍ക്ക് മാത്രം സ്വന്തം.
    എന്നും വേദനകള്‍ മാത്രം അനുഭവിക്കാന്‍ വിധിച്ചവരാന് പ്രവാസികള്‍.
    മുനീര്‍ നാനായി അവതരിപ്പിച്ചു..

    ReplyDelete
  6. @ജയന്‍ ഏവൂര്‍ ..അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി. @മെയ്‌ ഫ്ലവര്‍..പ്രവാസ ജീവിതം ഒരു നോവലിലും, ഒരു സിനിമയിലും തീരുന്നതല്ല. എഴുതിയാല്‍ തീരാത്ത അത്രയും അനുഭവകഥകള്‍ പലര്‍ക്കും പറയാനുണ്ടാവും എന്നും പ്രോത്സാഹനവു മായി ഈ അയല്‍ക്കാരനെ പ്രോത്സാഹിപ്പിക്കുന്നതിനു നന്ദിയുണ്ട്. @ദുബായിക്കാരന്‍ ..പ്രവാസി എന്നാല്‍ പ്രയാസി തന്നെ പ്രയാസങ്ങളു ടെ ഭാണ്ടകെട്ട് പേറുന്നവര്‍..അഭിപ്രായത്തിനു നന്ദി. @ലിറില്‍ ...ഓരോ പ്രവാസിയുടെയും കരുത്ത് നാട്ടിലുള്ളവരും അവരുടെ പ്രാര്‍ഥനയും. ചുട്ടു പൊള്ളുന്ന വെയിലും ശക്തിയേറിയ പൊടി കാറ്റും പ്രവാസികളുടെ മനസ്സിനെ തളര്‍ത്താന്‍ സാധിക്കില്ല ..അവര്‍ പ്രയാസങ്ങല്‍ക്കിടയിലും ജീവിച്ചു കൊണ്ടേയിരിക്കും. അഭിപ്രായത്തിനു നന്ദി. @ഇക്ബാല്‍ മയ്യഴി... അവധി ക്ക് പോയി തിരിച്ചു വരുന്ന പ്രവാസിയുടെ വേദന താങ്കള്‍ പറഞ്ഞത് പോലെ വിവരിക്കാന്‍ പറ്റാത്തവിധം വളരെ വേദനാജനകമാണ്. പക്ഷെ അവര്‍ക്ക് വേണ്ടി യും തനിക്കു വേണ്ടിയും പ്രവാസത്തിലേക്ക് പറിച്ചു നടപെട്ടവന്‍ വിഷമതകള്‍ മനസ്സില്‍ നിന്നും ആരും കാണാതെ മാറ്റി വെക്കുന്നു. ഒരു നല്ല നാളെയുടെ സ്വപ്‌നങ്ങള്‍ താലോലിച്ച് മനസ്സിനെ ശാന്തമാക്കി ജീവിക്കുന്നു. നന്ദി..

    ReplyDelete

Related Posts Plugin for WordPress, Blogger...