അറിയുമോ ? തുറിച്ചുള്ള നോട്ടത്തോടെ വീണ്ടും അതെ ചോദ്യം ...നിന്നോടാ മോനെ അറിയുമോ ?
...പകല്‍ കിനാവും കണ്ടു കുമാരേട്ടന്‍റെ സിമന്‍റ് ഇളകി അവിടവിടെ കുഴി വീണു കിടക്കുന്ന പീടിക കോലായിലെ മരത്തിന്‍റെ ബെഞ്ചില്‍ ഇരുന്ന ഞാന്‍ സ്തംബിച്ചിരിക്കുകയാണ്.
എല്ലാ, എന്ത് അറിയുമോ എന്നാണു ഈ നീണ്ട താടി ഉള്ള നീണ്ടു മെലിഞ്ഞ ഇയാള്‍ ചോദിക്കുനത് ? വീണ്ടും അറിയുമോ എന്നുള്ള ചോദ്യം തുടങ്ങാന്‍ പോകുന്നതിനു മുന്‍പേ ഞാന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു. അറിയാം തത്ക്കാലം ചോദ്യത്തില്‍ നിന്നും ഒഴിവാകാമല്ലോ ?
അതാ വീണ്ടും അടുത്ത ചോദ്യം എന്ത് അറിയാം എന്ന് ? ഇയാളെന്താ സ്കൂളിലെ മാഷോ ? എന്‍റെ ചെറിയ മനസ്സിലെ ഒരു ചെറിയ സംശയം. അറിയാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എനിക്ക് തന്നെ അറിയില്ലായിരുന്നു എന്ത് അറിയാം എന്നാണു ഞാന്‍ പറഞ്ഞത് എന്ന് . എന്‍റെ അന്തം വിട്ടുള്ള നില്‍പ്പ് കണ്ടപ്പോള്‍ മുന്‍ നിരയിലെ രണ്ടു പല്ല് കൊഴിഞ്ഞ മോണ കാട്ടി ചിരിച്ചു . നിരതെറ്റി കിടക്കുന്ന മറ്റു പല്ലുകളില്‍ നല്ല ഒന്നാം തരം വെറ്റില തിന്ന് ചുവപ്പിച്ച കളര്‍ . കുട്ടീ ഞാന്‍ ചോദിച്ചത് എന്നെ നീ അറിയുമോ എന്നാണ് ? അതിനുള്ള ഉത്തരം എന്‍റെ അറിയില്ല എന്ന തലയാട്ടലില്‍ അവസാനിച്ചു.
ഇരുള്‍ വീണു കിടക്കുന്ന കടയുടെ അകത്തു നിന്നും കുമാരേട്ടന്‍ അമ്പത് ഗ്രാമിന്‍റെ തൂക്ക കല്ലിനായി മുക്കിലും മൂലയിലും അരിച്ചു പെറുക്കുകയാണ് പൊടി പിടിച്ചു കിടക്കുന്ന കണ്ണട ചില്ലില്‍ കൂടി ഒരു കിലോവിന്‍റെ തൂക്ക കല്ല് പോലും പരതിയാല്‍ കിട്ടില്ല പിന്നെ അല്ലെ ഇത്തിരി പോന്ന അമ്പത് ഗ്രാമിന്‍റെ തൂക്ക കല്ല്.
പോരാത്തതിന് ഒറ്റ കാലില്‍ ആണ് കക്ഷിയുടെ കണ്ണട. ഞാന്‍ ഇരിക്കുന്ന ബെഞ്ചില്‍ ഒരു ചെറിയ ഭാഗം എന്നോടു ചോദ്യങ്ങള്‍ ചോദിച്ച നീണ്ടു മെലിഞ്ഞ നീണ്ട നരച്ച താടി ഉള്ള ശരീരം സ്വന്തമാക്കി. വിറയ്ക്കുന്ന അയാളുടെ കൈ ഷര്‍ട്ടിന്‍റെ കീശയില്‍ എന്തിനെയോ പരതുന്നുണ്ടായിരുന്നു. കീശയുടെ മുകള്‍ ഭാഗം കണ്ടാല്‍ അറിയാം ഒരു പാട് തിരച്ചിലുകള്‍ ഇതിനു മുന്‍പും അതെ കീശയില്‍ നടന്നിട്ടുണ്ടെന്ന്. മുഷിഞ്ഞു കിടക്കുന്ന ആ വെള്ള ഷര്‍ട്ടിന്‍റെ കീശയുടെ മുകള്‍ ഭാഗം നന്നേ മുഷിഞ്ഞിരുന്നു. കുറച്ചു നേരത്തെ ശ്രമത്തിനു ശേഷം ആ മുഖത്ത് ഒരു വിജയ ഭാവം ഞാന്‍ കണ്ടു. മെല്ലെ വിരലുകള്‍ പുറത്തെടുത്ത് രണ്ടു വിരലുകളില്‍ അമ്പത് പൈസയുടെ നാണയം കണ്ണിലേക്ക് അടുപ്പിച്ചു വെച്ച് നാണയം അമ്പത് തന്നെ ആണെന്ന് ഉറപ്പു വരുത്തി.
ഞാന്‍ വീണ്ടും കടയുടെ അകത്തേക്ക് നോക്കി കുമാരേട്ടനും തന്‍റെ അമ്പത് ഗ്രാമിന്‍റെ തൂക്ക കട്ടി കിട്ടിയോ എന്നറിയാന്‍.... കുമാരേട്ടന്‍റെ മുഖം കണ്ടാല്‍ അറിയാം ആള്‍ പരാചയപ്പെട്ടു ക്ഷീണിച്ചിരിക്കുകയാണെന്ന്. ഞാന്‍ മെല്ലെ അകത്തേക്ക് കയറി ആ " ഓപ്പറേഷന്‍ അമ്പത് ഗ്രാം" ല്‍ കൂട്ട് ചേര്‍ന്നു. ഇടയ്ക്ക് പുറത്തിരിക്കുന്ന ആ പ്രായമായ ശരീരത്തിന്‍റെ ഉടമെയെയും ശ്രദ്ധിക്കുന്നുണ്ട്. ചാക്കുകള്‍ നിരത്തിവെച്ചിരിക്കുന്നതിന്‍റെ ഇടയില്‍ ഞാനും എന്‍റെ ദൌത്യം തുടങ്ങി.
ഏറെ നേരം ഞാനും ശ്രമിച്ചു പരാജയപ്പെട്ടു. ക്ഷീണിച്ചു തളര്‍ന്ന കുമാരേട്ടന്‍ തന്‍റെ ഇരിപ്പിടത്തില്‍ ഇരുന്ന് നെടു വീര്‍പ്പിടുകയാണ്. ബെഞ്ചില്‍ ഇരിക്കുകയായിരുന്ന മുഷിഞ്ഞ വെള്ള വസ്ത്രം അണിഞ്ഞ ശരീരം എഴുന്നേറ്റു അമ്പതിന്‍റെ നാണയം കൊടുത്ത് ഒരു സോഡ വാങ്ങി വീണ്ടും ബെന്ജിലേക്ക് തന്നെ അമര്‍ന്നിരുന്നു.
തൂങ്ങി കിടക്കുന്ന തുരുംബെടുത്ത ത്രാസിന്‍റെ വശങ്ങളില്‍ ഒന്ന് രണ്ടു പൊതിക്കെട്ട് ഭംഗിയായി ചാക്ക് നൂല്‍ കൊണ്ട് കെട്ടി വെച്ചിരുന്നു. " കുമാരേട്ടാ ഇത് എന്താണ് ഇവിടെ കെട്ടി വെച്ചിരിക്കുന്നത് ? " .....മോനെ അത് നാരായണി പറഞ്ഞ സാധനങ്ങളാ ...നൂറ് ഉപ്പ്, ഇരുന്നൂറ്റമ്പത് ചായപ്പൊടി, അമ്പത് കടുക്, ഞാന്‍ മെല്ലെ കെട്ടി വെച്ച പോതിക്കെട്ടുകളില്‍ എന്‍റെ വിരല്‍ വെച്ച് ഒന്ന് അമര്‍ത്തി നോക്കി. ഉപ്പ് കെട്ടി വെച്ച പൊതിയില്‍ ഒരു മുട്ടന്‍ ഉപ്പ് ..എന്‍റെ സംശയം മുകളിലേക്ക് ഉയര്‍ന്ന് കടയുടെ മോന്തായത്തില്‍ തട്ടുന്നതിന് മുന്‍പേ ഞാന്‍ ആ പൊതിക്കെട്ട് അഴിച്ചു. നല്ല വെളുപ്പ് നിറമുള്ള ഉപ്പിന്‍ കഷ്ണങ്ങള്‍ക്കിടയില്‍ കറുപ്പ് നിറത്തില്‍ കുമാരേട്ടന്‍റെ കളഞ്ഞു പോയ അമ്പത് ഗ്രാമിന്‍റെ തൂക്ക കട്ടി. പാവം ഉപ്പിന്‍റെ പൊതിയില്‍ അറിയാതെ തൂക്ക കട്ടിയും പൊതിഞ്ഞു നാരായണി അമ്മയെയും കാത്തിരിക്കുകയായിരുന്നു.
സോഡ കുപ്പിയില്‍ നിന്നും വളരെ സാവകാശത്തില്‍ ആയിരുന്നു ബെഞ്ചില്‍ ഇരിക്കുന്ന ആ ക്ഷീണിച്ച ശരീരത്തിന്‍റെ ഉടമ സോഡ കുടിക്കുന്നത്. ഇടയ്ക്ക് സോഡ വെള്ളത്തിലൂടെ അകത്തേക്ക് കയറിയ വായു പുറത്തേക്കു വിടാന്‍ പാട് പെടുന്നുമുണ്ട്. മടിയില്‍ വെച്ചിരിക്കുന്ന ചെറിയ ചെണ്ടയുടെ ആകൃതിയിലുള്ള ബാഗില്‍ നിന്നും ഒരു ചെറിയ തുണി കഷ്ണം എടുത്ത് ചുണ്ടില്‍ കൂടി ഒലിച്ചിറങ്ങിയ സോഡ വെള്ളത്തിനെ ആ തുണി കഷ്ണം കൊണ്ട് ഒപ്പി എടുക്കുന്നു. കടയുടെ കോലായില്‍ മോന്തായത്തിന് താങ്ങ് കൊടുത്ത മരത്തിന്‍റെ തൂണില്‍ ചാരി നിന്ന് ഞാന്‍ ആ ശരീരത്തിന്‍റെ ഉടമയെ ശ്രദ്ധിക്കുകയായിരുന്നു. എന്തായിരിക്കും അയാള്‍ എന്നോടു അറിയാമോ എന്ന് ചോദിച്ചത് ?
എന്‍റെ സംശയങ്ങളും ചോദ്യ ചിഹ്നങ്ങളും തലയ്ക്കകത്ത് കൂടി ഓടി തിമിര്‍ക്കുന്നു. അപ്പോഴും എന്നെ നോക്കി ആ വെറ്റില തിന്ന് ചുവപ്പിച്ച പല്ല് കാട്ടി ചിരിക്കുകയായിരുന്നു. കുമാരേട്ടന്‍ മുന തീരാറായ പെന്‍സില്‍ കൊണ്ട് കണക്കുകളുടെ ലോകത്ത് എന്തൊക്കെയോ എഴുതി കുറിക്കുന്നു.
കുടിച്ചു കഴിഞ്ഞു കാലിയായ സോഡ കുപ്പി തൊട്ടടുത്ത മര പെട്ടിയില്‍ വെച്ച് എന്നോടു ചോദിച്ചു. ഇന്ന് സ്കൂള്‍ നേരത്തെ വിട്ടു അല്ലെ ? ഞാന്‍ അതെ എന്ന ഭാവത്തില്‍ തലയാട്ടി. എന്‍റെ മനസ്സ് എന്നില്‍ നിന്നും പുറത്തിറങ്ങി സ്കൂള്‍ വഴികളിലേക്ക് നടന്നകന്നിരുന്നു... അപ്പോഴാണ് എന്‍റെ മനസ്സില്‍ ഈ ശരീരത്തിന്‍റെ ഉടമയെ വഴിയില്‍ കാണാന്‍ സാധിച്ചത്.
കുറെ ദിവസങ്ങള്‍ക്കു മുന്‍പ് ഞാന്‍ സ്കൂളില്‍ പോകുമ്പോള്‍ തുടര്‍ച്ചയായി മൂന്നു ദിവസം ഞാന്‍ കണ്ട, ഞാന്‍ ശ്രദ്ധിച്ച ആ രൂപം. ആ മൂന്നു ദിവസങ്ങളിലും ഞാന്‍ കൊടുത്ത് നീട്ടിയ നാണയ തുട്ടുകള്‍ വാങ്ങി എന്നെ നോക്കി ചിരിച്ച ആ രൂപം ...അതെ അത് തന്നെ. ചിന്തകളില്‍ നിന്നും പടിയിറങ്ങി ബെന്ജിലേക്ക് നോക്കുമ്പോള്‍ ദൂരെ എനിക്ക് കാണാമായിരുന്നു മങ്ങിയ വെളുപ്പ് നിറത്തില്‍ ആ രൂപം ആ മെലിഞ്ഞുണങ്ങിയ നീണ്ട ശരീരം നടന്നകലുന്നത്.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം തലശ്ശേരി പട്ടണത്തില്‍ പോയി തിരിച്ചു വരുന്ന വഴിയില്‍ തടിച്ചു കൂടി കിടക്കുന്ന ആള്‍ കൂട്ടത്തിനെ ചികഞ്ഞു മാറ്റി ബസ് സ്റ്റാന്‍ഡിലേക്ക് ഓടി കയറുമ്പോള്‍ ഒരു വേള ഞാന്‍ തിരിഞ്ഞു വീണ്ടും ആ കൂടി നില്‍ക്കുന്ന ആള്‍കൂട്ടത്തില്‍ കയറി പറ്റി എന്താണ് സംഭവം എന്നറിയാന്‍ ....?
മുന്നില്‍ നില്‍ക്കുന്ന നീളം കൂടിയ ആള്‍ക്കാരുടെ ഇടയില്‍ കൂടി ഞാന്‍ നോക്കി ...പെട്ടെന്ന് എന്‍റെ കണ്ണുകളില്‍ എന്തോ ഒരു മങ്ങല്‍ വീണത് പോലെ വീണ്ടും അല്‍പ്പം കൂടി മുന്നോട്ട് നീങ്ങി ഞാന്‍ കണ്ട കാഴ്ച എന്നെ വേദനിപ്പിക്കുന്നതായിരുന്നു.
മുഷിഞ്ഞ വെളുത്ത വസ്ത്രം ധരിച്ച നരച്ച നീണ്ട താടിയുള്ള മെലിഞ്ഞു ഉണങ്ങിയ ആ ശരീരം വിറങ്ങലിച്ച് വഴിയോരത്തെ നടപ്പാതയില്‍ കിടക്കുന്നു. ഷര്‍ട്ടിന്‍റെ കീശയില്‍ നിന്നും വിരലുകള്‍ കൊണ്ട് പരതാതെ തന്നെ അമ്പതിന്‍റെ നാണയം പുറത്തു വീണു കിടക്കുന്നു. വെറ്റില തിന്ന് ചുവപ്പിച്ച പല്ലുകള്‍ എന്നെ നോക്കി ചിരിക്കുകയായിരുന്നോ ...........?
ആരോരും ഇല്ലാത്ത ആരാലും ശ്രദ്ധിക്കപ്പെടാത്ത ഇനിയും എത്രയോ മുഷിഞ്ഞ വെളുത്ത നിറമണിഞ്ഞ മനുഷ്യ കോലങ്ങള്‍ ഇന്നും നമ്മളില്‍ ഒരാളായി നമ്മള്‍ അറിയാതെ ജീവിക്കുന്നുണ്ടാവും??













